പിന്തിരിപ്പിക്കണമെന്ന് കോണ്‍ഗ്രസിനോട് ജോസഫ് വിഭാഗം, പിന്‍വാങ്ങാനല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്ന് ലതിക സുഭാഷ്
കോട്ടയം: ഏറ്റുമാനൂരില്‍ യു.ഡി.എഫിന് വെല്ലുവിളിയായി ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് വിമത സ്ഥാനാര്‍ത്ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് കോണ്‍ഗ്രസിനെ കുരുക്കിലാക്കിയിരിക്കുന്നത്.
ഇതോടെ ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് കടുത്ത അതൃപ്തിയിലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ലതികയെ പിന്തിരിപ്പിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. ലതികയുടെ പ്രതിഷേധത്തോട് കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പ്രതികരണം പ്രശ്നം കൂടുതല്‍ വഷളാക്കിയതായാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. ലതികയുടെ പ്രതിഷേധം കോണ്ഗ്രസിനോടാണെങ്കിലും മത്സരം ബാധിക്കുക യു.ഡി.എഫിലെ ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പിനെയാണ്.
ഏറ്റുമാനൂരിലെ മത്സരത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലതികാ സുഭാഷ്. ഇവര്‍ക്കൊപ്പം ഒരു വിഭാഗം പ്രവര്ത്തകരുമുണ്ടെന്നതും കോണ്‍ഗ്രസിന്റെ ആശങ്കയേറ്റുന്നു. ഇന്ന് മുതല്‍ പ്രചാരണം സജീവമാക്കാനാണ് ലതികയുടെ തീരുമാനം. വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ലതിക പ്രതികരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."