സഊദിയിൽ 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കി
റിയാദ്: സഊദിയിൽ ഇന്ന് 81 ഭീകരരെ വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 37 സഊദി പൗരന്മാർ അടക്കം 81 പേരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. ഏഴു യമൻ പൗരന്മാരും ഒരു സിറിയൻ പൗരനും ഇവരിൽ പെടും.
ഐഎസിലെയും അൽ ഖാഇയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ള തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി (എസ്പിഎ) അറിയിച്ചു.
13 ജഡ്ജിമാരുടെ മേൽനോട്ടത്തിൽ ഓരോ വ്യക്തിക്കും 3 വ്യത്യസ്ത ഘട്ടങ്ങളിലായി വിചാരണ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതിന് ശേഷമാണ് വധശിക്ഷ വിധിച്ചതും ഒടുവിൽ നടപ്പാക്കിയതും. പ്രതികൾക്ക് ഒരു അഭിഭാഷകനുള്ള അവകാശം നൽകുകയും ജുഡീഷ്യൽ പ്രക്രിയയിൽ സഊദി നിയമപ്രകാരം അവരുടെ പൂർണ്ണ അവകാശങ്ങൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ലോകത്തിന് മുഴുവൻ ഭീഷണിയായ ഭീകരവാദത്തിനും തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾക്കും എതിരെ രാജ്യം കർശനവും അചഞ്ചലവുമായ നിലപാട് തുടരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെയും സഊദിയിൽ ഭീകരർക്കെതിരെയുള്ള കൂട്ട വധശിക്ഷ നടപ്പാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."