HOME
DETAILS

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ; അരനൂറ്റാണ്ടിന്റെ ഹൃദയ ബന്ധം

  
backup
March 13 2022 | 03:03 AM

512353641251531-2022

 

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി [email protected]


ഹൈദരലി തങ്ങളുമായുള്ള എന്റെ വ്യക്തിബന്ധം ആരംഭിക്കുന്നത് 1968ലാണ്. പൂക്കോയ തങ്ങളെ അതീവ സ്‌നേഹ-ബഹുമാനങ്ങളോടെ കാണുകയും ഇടയ്ക്കിടെ തങ്ങളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്ന മാതാമഹന്‍ തേനുമുസ്‌ലിയാരൊന്നിച്ച് പാണക്കാട്ടെ കൊടപ്പനക്കല്‍ പോയപ്പോഴാണത്. മതരംഗത്തെ ഉന്നതപഠനത്തിനായി പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്ക് ഞങ്ങള്‍ ഇരുവരും ഒന്നിച്ച് ഒരേ വാഹനത്തില്‍ ആദ്യ യാത്ര ചെയ്തതു മുതല്‍ അത് ദൃഢമായി. അന്നാരംഭിച്ച സുഹൃദ്ബന്ധം സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, സഹകാര്യദര്‍ശികള്‍ എന്നീ നിലകളില്‍ അര നൂറ്റാണ്ടുകാലം ആത്മബന്ധമായി തുടര്‍ന്നു. ജാമിഅയിലെ ആദ്യവര്‍ഷം സ്ഥാപനത്തിലെ വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമയുടെ അമരത്ത് ഞങ്ങളിരുവരും അവരോധിതരായി. തൊട്ടടുത്ത വര്‍ഷം 1973ല്‍ സമസ്തയുടെ വിദ്യാര്‍ഥിസംഘടന രൂപീകരിച്ചപ്പോള്‍ പ്രഥമ പ്രസിഡന്റായി തങ്ങളും ജന.സെക്രട്ടറിയായി ഈയുള്ളവനും നിയമിതരായി.
ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കളുമായി സംഘടനാ സാരഥികള്‍ എന്ന നിലയ്ക്ക് ആത്മബന്ധമുണ്ടാക്കാനും ഉപദേശനിര്‍ദേശങ്ങള്‍ തേടാനും ഇരുവര്‍ക്കും അവസരമുണ്ടായി. ജാമിഅ കാമ്പസ് മാഗസിന്‍ അല്‍മുനീറിന്റെ പത്രാധിപരായി പ്രവര്‍ത്തിക്കാനും അക്കാലത്തു സാധിച്ചു. സമസ്തയുടെ വിദ്യാര്‍ഥിസംഘടന വിപുലപ്പെടുത്താനും ജില്ലാ, താലൂക്ക് തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും സംസ്ഥാനത്തുടനീളം ഞങ്ങള്‍ യാത്രചെയ്തു. സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും ജില്ലാ, സംസ്ഥാന ഭാരവാഹികളായി ഞങ്ങളൊന്നിച്ചു പ്രവര്‍ത്തിച്ചു.


കൊടപ്പനക്കല്‍ തറവാട്ടില്‍

ദീര്‍ഘയാത്രകളും പാതിരാ യോഗങ്ങളും കഴിഞ്ഞുള്ള ഞങ്ങളുടെ മടക്കം പലപ്പോഴും അവസാനിക്കാറുള്ളത് കൊടപ്പനക്കല്‍ വീട്ടിലാണ്. നിരവധി തവണ അവിടെ അന്തിയുറങ്ങിയിട്ടുമുണ്ട്. മകന്റെ സുഹൃത്തും സഹപാഠിയുമായതിനാല്‍ തന്നെ പിതാവ് പൂക്കോയ തങ്ങളും അതീവ ലാളനയോടെയും സ്‌നേഹത്തോടെയുമാണ് പെരുമാറിയിരുന്നത്. പഠനകാലത്ത് ജാമിഅ നൂരിയ്യ സമ്മേളന സ്വാഗതസംഘം സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോഴും 1975 മുതല്‍ ഏറനാട് താലൂക്ക് സമസ്ത സെക്രട്ടറി ചുമതല നിര്‍വഹിച്ചപ്പോഴും പൂക്കോയ തങ്ങളോടും ആറ്റപ്പൂവിനോടുമുള്ള ബന്ധം രൂഢമായി.
ആദ്യവര്‍ഷങ്ങളിലെല്ലാം കാണുമ്പോഴൊക്കെ പഠന-രചനാ സംബന്ധമായ കാര്യങ്ങളും കുടുംബ വിശേഷങ്ങളും പ്രത്യേകം ചോദിച്ചറിയുക ഹൈദരലി തങ്ങളുടെ പതിവായിരുന്നു. എന്റെ വിവാഹദിവസം നേരത്തെ വീട്ടിലെത്തുകയും വധൂഗൃഹത്തിലേക്കുള്ള യാത്രയില്‍ അനുഗമിക്കുകയും ചെയ്തിരുന്നു.


അവസാന വാക്ക്

പാണ്ഡിത്യവും നേതൃഗുണവും ഒരേ അളവില്‍ മേളിച്ചതിനാല്‍ മത-രാഷ്ട്രീയ രംഗത്തെ അവസാന വാക്കായി നിലക്കൊള്ളാന്‍ ഹൈദരലി തങ്ങള്‍ക്കു സാധിച്ചു. രാഷ്ട്രീയ രംഗങ്ങളിലേതു പോലെ മതവിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു. സൗമ്യപ്രകൃതമാണെങ്കിലും സമുദായ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രതയും കണിശതയും പുലര്‍ത്തി. മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും താഴെ തട്ട് മുതല്‍ അമരസ്ഥാനത്തു വരെ പ്രവര്‍ത്തിക്കാന്‍ അപൂര്‍വ അവസരമുണ്ടായി. ഇരു സംഘടനകളുടെയും നേതൃനിരയിലിരുന്നപ്പോഴും സംഘടനാ കാര്യങ്ങളിലും വ്യക്തിവിഷയങ്ങളിലും പഴയ സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ എന്ന നിലയ്ക്ക് ഞങ്ങളിരുവരും നിര്‍ദേശങ്ങള്‍ തേടുകയും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുകയും പതിവായിരുന്നു.
ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രീയ സംഘടനയെയും മതസംഘടനയെയും ഒരുമിച്ചു ചലിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം അദ്ദേഹം നിഷ്‌കളങ്കമായി നിര്‍വഹിച്ചു. ഇരു സംഘടനകളെയും സഞ്ചാരപാതകള്‍ വ്യത്യസ്തമാണെങ്കിലും ദിശകള്‍ ഒരുമിച്ച് മുന്നോട്ട് നീക്കാന്‍ അദ്ദേഹത്തിനായി. രണ്ടു സംഘടനകളുടെയും അവസാന വാക്കായി അദ്ദേഹം നിലക്കൊണ്ടു. സംഘടനകള്‍ക്കകത്തും പുറത്തും വിള്ളലുണ്ടാക്കാനും പാതകള്‍ വ്യതിചലിപ്പിക്കാനും ആര്‍ക്കും അവസരം നല്‍കിയില്ല.


മതസൗഹാര്‍ദത്തിന്റെ കാവലാള്‍

മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനും രാഷ്ട്രീയമതസംഘടനകള്‍ തമ്മിലുള്ള വാക്‌പോരുകളുടെ തീവ്രത കുറയ്ക്കാനും അദ്ദേഹം ആവതു ശ്രമിച്ചു. മഹല്ല് സംവിധാനം ശാക്തീകരിക്കുന്നതിനും മെച്ചപ്പെട്ട മത-ധാര്‍മിക അന്തരീക്ഷം നിലനിര്‍ത്തുന്നതിനും നിര്‍ണായക ഇടപെടലുകള്‍ നടത്തി. മുസ്്‌ലിം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ ശബ്ദമലിനീകരണത്തിനു ഹേതുവാകരുതെന്ന ഹൈദരലി തങ്ങളുടെ കര്‍ക്കശ നിര്‍ദേശം ശ്രദ്ധേയമായിരുന്നു. നിരവധി മഹല്ലുകളുടെ ഖാദി സ്ഥാനം ഏറ്റെടുത്തിരുന്ന തങ്ങള്‍ പ്രശ്‌നരഹിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനു പ്രത്യേകം ശ്രദ്ധിച്ചു.
കേരളത്തിലെ ബഹുഭൂരിഭാഗം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃപദവിയിലെ അവിഭാജ്യഘടകമായിരുന്നു തങ്ങള്‍. വൈജ്ഞാനിക സംരംഭങ്ങളെ കാലികമാക്കുന്നതിനു നേതൃപരമായ പങ്കും വഹിച്ചു. സമന്വയ സംവിധാനത്തിന്റെ പ്രാധാന്യവും പ്രസക്തിയും തിരച്ചറിഞ്ഞ അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം, വാഫി സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടനേകം മത-സമന്വയ സ്ഥാപനങ്ങളുടെ സാരഥിയും മുഖ്യ കാര്യദര്‍ശിയുമായി.


വിദേശത്ത്

യു.എ.ഇ, ഈജിപ്ത്, തുര്‍ക്കി, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഞങ്ങളൊരുമിച്ചു നടത്തിയ യാത്രകള്‍ ഇന്നും മധുരിക്കുന്ന ഓര്‍മകളാണ്. ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഡോ. ശൈഖ് അലി ജുമുഅയുമായി കൂടിക്കാഴ്ച നടത്താനും മൊറോക്കോയിലെ ഉന്നത വിദ്യാശാലകള്‍ സന്ദര്‍ശിക്കാനും അധികൃതര്‍, നയതന്ത്രജ്ഞര്‍, മന്ത്രിമാര്‍ എന്നിവരുമായി ബന്ധമുണ്ടാക്കാനും അവസരമുണ്ടായി.
ദാറുല്‍ ഹുദയുമായി സവിശേഷമായൊരു ഹൃദയബന്ധവും അഭിനിവേശവും തങ്ങള്‍ക്കുണ്ടായിരുന്നു. 2008ല്‍ ദാറുല്‍ഹുദയുടെ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2009 മെയ് 10ന് സ്ഥാപനത്തെ ഇസ്‌ലാമിക സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി. വൈസ് ചാന്‍സലറായി ഈയുള്ളവനും നിയമിതനായി. ദാറുല്‍ഹുദാ സര്‍വകലാശാലയ്ക്ക് അംഗത്വമുള്ള മൊറോക്കോയിലെ ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡിന്റെ ആസ്ഥാനത്ത് ഞങ്ങള്‍ ഒരുമിച്ച് പര്യടനം നടത്തിയിരുന്നു. ഈജിപ്തിലെയും മൊറോക്കോയിലെയും വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ഞങ്ങളൊരുമിച്ച് സന്ദര്‍ശിച്ചു. മൊറോക്കോയിലെ ജദീദയിലുള്ള ശുഐബ് ദുക്കാലി സര്‍വകലാശാല, റബാഥ്വിലെ മുഹമ്മദ് അല്‍ ഖാമിസ് സര്‍വകലാശാല എന്നിവ സന്ദര്‍ശിക്കുകയും അധികൃതരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏത് കാര്യവും ഗഹനമായി ഗ്രഹിക്കാനും ചോദിച്ചറിയാനുമുള്ള പ്രത്യേക താല്‍പര്യം ഹൈദരലി തങ്ങള്‍ക്കുണ്ടായിരുന്നു.


ഒരു സൽക്കാരം

1974ല്‍ ഞങ്ങളൊന്നിച്ച് പെരുമ്പാവൂരിലെ തുകലില്‍ സെയ്ദ് മുഹമ്മദ് ഹാജി സാഹിബിന്റെ വീട്ടില്‍ പോയി. വലിയ സമ്പന്നനും തടിവ്യവസായിയുമായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യന്‍ സോമില്‍ ഉടമ. നാട്ടുകാരൊക്കെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആനയും അമ്പാരിയുമുള്ള സമ്പന്നന്‍. തികച്ചും അവിശ്വസനീയമാംവിധമാണ് തങ്ങളെ ആദരിച്ചു സ്വീകരിച്ചു രാജകീയമായ ആതിഥ്യമരുളിയത്. ആ വീട്ടില്‍ തന്നെ ഞങ്ങള്‍ അന്തിയുറങ്ങി. അനിതര സാധാരണമായ ഈ സമീപനത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ എനിക്ക് വലിയ അഭിവാഞ്ഛയുണ്ടായി. ഒടുവില്‍ സംഗതി പിടികിട്ടി. തന്നെ മരണവക്ത്രത്തില്‍ നിന്നു കൈപിടിച്ചു രക്ഷിച്ച പൂക്കോയ തങ്ങളുടെ പ്രിയപുത്രനാണിതെന്ന ഹാജി സാഹിബിന്റെ ഉള്‍വിളി!
അദ്ദേഹം ഗുരുതരമായ അതിസാരം ബാധിച്ച് ആശുപത്രിയിലായിരുന്നു. വിദഗ്ധ ചികിത്സകളൊന്നും ഫലിച്ചില്ല. ഈ സമയത്താണ് തന്റെ പ്രത്യേക താല്‍പര്യമനുസരിച്ച് പൂക്കോയ തങ്ങള്‍ ആശുപത്രിയിലെത്തി രോഗകാരണം സൂചിപ്പിച്ച് ലഘു ഔഷധം നിര്‍ദേശിച്ചത്. അസുഖം നിശ്ശേഷം ഭേദപ്പെട്ടു. ആ പൂക്കോയ തങ്ങളുടെ പൊന്നുമോനാണിത്. പിന്നീട് തങ്ങളവര്‍കളുടെ എല്ലാ മക്കളോടും ആ ബന്ധം കൂടുതല്‍ രൂഢമൂലമായി. തങ്ങള്‍ മരിച്ചിടത്തേക്ക് ഹാജി 1975ല്‍ പുറപ്പെട്ട സ്വന്തം കാര്‍ അപകടത്തില്‍ പെട്ട് ഉരുണ്ട് മറിഞ്ഞു. ഹാജിയാരാകട്ടെ സുരക്ഷിതനായി പുറത്തിറങ്ങി. ആ വിശ്വാസവും മതിപ്പും പൂര്‍വോപരി ശക്തിപ്രാപിക്കുകയായിരുന്നു.
ദാറുല്‍ഹുദയുടെ ഊര്‍ജം

ഇന്ത്യയില്‍ ദാറുല്‍ഹുദാ നടത്തുന്ന വിദ്യാഭ്യാസ സംരംഭങ്ങളുടെ വ്യത്യസ്ത യാത്രകളില്‍ പങ്കാളികളായതും മായാത്ത ഓര്‍മകളാണ്. കേരളേതര സംസ്ഥാനങ്ങളില്‍ നടത്തുന്ന ദാറുല്‍ഹുദയുടെ വിദ്യാഭ്യാസ-ശാക്തീകരണ-ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ ഊര്‍ജവും പിന്തുണയും പ്രോത്സാഹനവും നല്‍കി. 2011 സെപ്തംബര്‍ എട്ടിന് പശ്ചിമ ബംഗാള്‍ ഓഫ് കാമ്പസ് ഉദ്ഘാടനത്തിന് തങ്ങളുടെ നേതൃത്വത്തിലാണ് ഞങ്ങള്‍ പുറപ്പെട്ടത്. അസമിലെ ബൈശയിലുള്ള ഓഫ് കാമ്പസ് ഉദ്ഘാടനം നിര്‍വഹിച്ചതും കര്‍ണാടകയിലെ ഹാംഗലില്‍ 2016ല്‍ ആരംഭിച്ച ഓഫ് കാമ്പസിന്റെയും നിര്‍മാണം നടക്കുന്ന വഡോളി കാമ്പസിന്റെയും ശിലപാകിയതും അദ്ദേഹം തന്നെയായിരുന്നു.
ഇടപെടലുകളിലെ സൗമ്യത, നിലപാടുകളിലെ കണിശത, പ്രവര്‍ത്തനങ്ങളിലെ ഊര്‍ജസ്വലത, അഭിപ്രായ പ്രകടനങ്ങളിലെ വ്യക്തത തുടങ്ങി ഒട്ടനവധി സവിശേഷങ്ങളുള്ള അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, കീഴ്ഘടകങ്ങള്‍, മഹല്ല് സംവിധാനങ്ങള്‍, മത-ഭൗതിക-സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സൗമ്യതയുടെ നേതൃമുഖമായി നിലക്കൊണ്ട ഹൈദരലി ശിഹാബ് തങ്ങള്‍ ദേഹംകൊണ്ട് വിടവാങ്ങിയെങ്കിലും അദ്ദേഹത്തിന്റെ നന്മയും സുകൃതവും ജീവിതപാഠവും കേരളീയ മുസ്്‌ലിം സമൂഹത്തിന് തണലും നിഴലുമായി കൂടെയുണ്ടാകുമെന്ന് നമുക്ക് സമാശ്വസിക്കാം. കേരളീയ മുസ്‌ലിം മത-രാഷ്ട്രീയ രംഗത്ത് അമരത്തിരുന്നപ്പോഴും സൗമ്യനും വിനയാന്വിതനുമായി, സമുദായത്തിന്റെ ആശ്രയവും ആശാകേന്ദ്രവുമായി പ്രവര്‍ത്തനരംഗത്ത് അതുല്യമാതൃക തീര്‍ത്താണ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago