പാഠ്യപദ്ധതി മാറുന്നു, സമൂഹത്തിൻ്റെ അഭിപ്രായം തേടും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു. ഇതിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. പുതിയ പാഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ ഇനി പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ചർച്ച ചെയ്യും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. പാഠ്യപദ്ധതി പുതുക്കാനായി രണ്ടു കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപഴ്‌സനായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപഴ്‌സനായി കരിക്കുലം കോർ കമ്മിറ്റിയും. പ്രീ സ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനാപരവും അക്കാദമിക പരവുമായ വശങ്ങൾ പരിശോധിച്ച് നിർദേശം സമർപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഡോ. എം.എ ഖാദർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടുകൾ വേഗത്തിൽ നടപ്പിലാക്കും. ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ ഏകീകരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ പുനർവിന്യാസം, സ്‌പെഷൽ റൂളുകൾ തയാറാക്കൽ,വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട കോടതി കേസുകൾ, കെ.ഇ.ആർ ഭേദഗതികൾ, വിവരാവകാശ അപേക്ഷകൾ എന്നീ ജോലികൾ നിർവഹിക്കുന്നതിനായി സെക്രട്ടേറിയറ്റിൽ പ്രത്യേക സെൽ രൂപീകരിച്ചു. ഈ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും,സ്‌പെഷൽ റൂൾ തയാറാക്കുന്നതിനുമായി ഒരു കോർ കമ്മിറ്റിയും രൂപീകരിച്ചു.
കോർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്താൻ സീമാറ്റ് കേരള ഡയറക്ടറെ ചുമതലപ്പെടുത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."