ബുര്‍ഖ നിരോധിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ശ്രീലങ്ക
കൊളംബോ: രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ ബുര്‍ഖ നിരോധനം നടപ്പാക്കുന്നത് നിര്‍ത്തിവച്ച് ശ്രീലങ്ക സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആലോചന മാത്രമേ നടന്നിട്ടുള്ളൂവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനായി എല്ലാ പാര്‍ട്ടികളുമായും കൂടിയാലോചന നടത്തുമെന്നും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിദേശ രാജ്യങ്ങളും യു.എന്‍ മനുഷ്യാവകാശ ഓഫിസും ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്മാറ്റമെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണമായ ബുര്‍ഖ തീര്‍ച്ചയായും നിരോധിക്കുമെന്നും ഇതിന് മന്ത്രിസഭയുടെ അനുമതി ലഭിക്കേണ്ട താമസമേയുള്ളൂവെന്നും പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖര പറഞ്ഞിരുന്നു.
ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ജനസംഖ്യയുടെ 10 ശതമാനം മാത്രമാണ് മുസ്ലിംകള്. ബുര്‍ഖ നിരോധനം അന്താരാഷ്ട്ര നിയമത്തിനെതിരാണെന്ന് വിശ്വാസസ്വാതന്ത്ര്യത്തിനുള്ള യു.എന്‍ പ്രത്യേക പ്രതിനിധി അഹ്മദ് ഷഹീദ് വിമര്‍ശിച്ചിരുന്നു. നിരോധനം രാജ്യത്തെയും ലോകമെങ്ങുമുള്ള മുസ്ലിംകളുടെയും വിശ്വാസത്തിന് മുറിവേല്പിക്കുമെന്ന് പാക് അംബാസഡര്‍ സആദ് കട്ടക് ട്വീറ്റി.നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇസ്ലാംമതാചാര പ്രകാരമല്ലാതെ നിര്‍ബന്ധപൂര്‍വം സംസ്കരിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നടപടി പിന്‍വലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."