ഖുര്‍ആനെതിരായ ഹരജി ഒറ്റപ്പെട്ട് വസീം രിസ്‌വി; ബി.ജെ.പിയും തള്ളിപ്പറഞ്ഞു
ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനെതിരേ സുപ്രിംകോടതിയില്‍ ഹരജിനല്‍കിയ ഉത്തര്‍പ്രദേശിലെ ശീഈ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും സംഘ്പരിവാര്‍ സഹയാത്രികനുമായ വസീം രിസ്‌വിയെ തള്ളി ബി.ജെ.പിയും. ഏതെങ്കിലും മതവിഭാഗത്തിന്റെ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കില്ലെന്ന് ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ഇത്തരം നടപടികളിലൂടെ രാജ്യത്തു നിലനില്‍ക്കുന്ന അന്തരീക്ഷം മലിനമാക്കരുതെന്ന് അദ്ദേഹം രിസ്‌വിയോട് അഭ്യര്‍ഥിച്ചു. നേരത്തെ ജമ്മുകശ്മീരിലെ ബി.ജെ.പി നേതാക്കളും രിസ്‌വിക്കെതതിരേ രംഗത്തുവന്നിരുന്നു. പിന്നാലെ ഷാനവാസ് ഹുസൈനും രിസ്‌വിയെ തള്ളിയതോടെ വിഷയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ടു.
രിസ്‌വിയുടെ നടപടി അങ്ങേയറ്റം അപലപനീയമായ പ്രവര്‍ത്തനമാണ്. ഇത്തരം നടപടികളെ അംഗീകരിക്കില്ല. ഏതെങ്കിലും മതവിഭാഗങ്ങളുടെ ഗ്രന്ഥങ്ങളെ ഇകഴ്ത്തുന്നത് പാര്‍ട്ടിയുടെ നയമല്ല. ഖുര്‍ആന്‍ എന്നല്ല, ഒരുമതഗ്രന്ഥവും മാറ്റണമെന്നോ അതിലെ സുക്തങ്ങള്‍ നീക്കം ചെയ്യണമെന്നോ ഉള്ള നിലപാട് ബി.ജെ.പിക്കില്ല. ജനങ്ങളുടെ വികാരംവ്രണപ്പെടുമെന്നതിനാല്‍ രിസ്‌വിയുടെ വാദത്തെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് രിസ്‌വി സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഈ സൂക്തങ്ങള്‍ ഭീകരതയും ആക്രമണങ്ങളും ജിഹാദും പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇസ്‌ലാമിലെ ആദ്യ ഖലീഫമാരായ അബൂബകര്‍, ഉമര്‍, ഉസ്മാന്‍ എന്നിവര്‍ ബലപ്രയോഗത്തിലൂടെ ഇസ്‌ലാമിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഈ സൂക്തങ്ങള്‍ ഖുര്‍ആനില്‍ തിരുകിക്കയറ്റുകയായിരുന്നുവെന്നും ഈ വാക്യങ്ങള്‍ തീവ്രവാദികള്‍ തങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് രിസ്‌വി ഉന്നയിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ വാദം നേരത്തെ ശീഈ നേതാക്കളും തള്ളിയിരുന്നു.
ഖുര്‍ആനില്‍ നിന്ന് ഒരു വാക്കോ കോമയോ കുത്തോ പോലും നീക്കംചെയ്യാനാവില്ലെന്നായിരുന്നു ഇതിനോട് ശീഈ വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന യാസുബ് അബ്ബാസ് പ്രതികരിച്ചത്. നിലവില്‍ വിവിധ അഴിമതിക്കേസുകള്‍ നേരിടുന്നയാളാണ് രിസ്‌വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."