റഷ്യക്കെതിരേ സായുധ നടപടിയില്ലെന്ന് ആവർത്തിച്ച് അമേരിക്ക അഭിമത രാഷ്ട്ര പദവി യു.എസ് പിൻവലിക്കും
വാഷിങ്ടൺ
ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യക്കെതിരേ സൈനിക നടപടിക്കില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ച് അമേരിക്ക. നാറ്റോ സഖ്യവും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും അതിനാൽ അത്തരത്തിലുള്ള ഏതുനീക്കവും തടയപ്പെടേണ്ടതാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരേ നാറ്റോയുടെ സഹായം ഉക്രൈൻ ആവർത്തിച്ചാവശ്യപ്പെട്ടുവരുന്നതിനിടെയാണ് യാതൊരു സൈനിക നടപടിക്കുമില്ലെന്ന് ബൈഡൻ പ്രഖ്യാപിച്ചിരിക്കുന്നത്.
നാറ്റോ സഖ്യത്തിന്റെ പരിധിയിലുള്ള ഓരോ ഇഞ്ചും സംരക്ഷിക്കും. യുദ്ധത്തിനൊടുവിൽ റഷ്യ പരാജയം രുചിക്കും. ഉക്രൈനെതിരേ റഷ്യ രാസായുധം പ്രയോഗിക്കുകയാണെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഉക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി ബൈഡൻ ഫോണിൽ സംസാരിച്ചു. റഷ്യക്ക് മേലുള്ള പുതിയ ഉപരോധങ്ങളും പുതിയ നടപടികളും 49 മിനിറ്റ് നീണ്ട സംഭാഷണത്തിൽ ചർച്ച ചെയ്തതായി സെലെൻസ്‌കി അറിയിച്ചു. യുദ്ധഭൂമിയിലെ സ്ഥിതിഗതികളുടെ വിലയിരുത്തൽ ബൈഡന് നൽകിയതായുംസെലെൻസ്‌കി അറിയിച്ചു.
അതേസമയം, ഉക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരേ സായുധ നടപടികളിലേക്കില്ലെങ്കിലും ഉപരോധമടക്കമുള്ള നീക്കങ്ങൾ തുടരാനാണ് അമേരിക്കയുടെ തീരുമാനം. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്ര പദവി പിൻവലിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യൻ കോടീശ്വരൻമാർക്കും പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും. റഷ്യൻ ശതകോടീശ്വരനും റൊണേവ ഗ്രൂപ്പ് മേധാവിയുമായ വിക്തർ വെക്‌സെൽബർഗ്, വ്ലാദിമിർ പുടിന്റെ ഓഫിസ് ജീവനക്കാരുടെ കുടുംബത്തിലെ മൂന്നുപേർ തുടങ്ങിയവരും കരിമ്പട്ടികയിൽ ഉൾപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."