സി.പി.ഐ ചെങ്കൊടി ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയെന്ന് 'ചിന്ത' ; മറുപടി 'നവയുഗ'ത്തിലെന്ന് കാനം
തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ എന്നായിരുന്നു സി.പി.ഐ.എം രാഷ്ട്രീയപ്രസിദ്ധീകരണമായ ചിന്തയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.
വിമര്‍ശിക്കുന്നത് ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് വിമര്‍ശിക്കുന്നവരാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പാടില്ലെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുന്നണിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങള്‍ ആവാം. സി.പി.ഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണമായ നവയുഗത്തിലൂടെ ചിന്തക്കുള്ള മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചിന്തയില്‍ വന്നത് സി.പി.എമ്മിന്റെ പ്രതികരണമല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
സി.പി.ഐക്കുനേരെ നിശിത വിമര്‍ശനമായിരുന്നു ചിന്താ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി.പി.ഐ. എന്നാണ് ലേഖനത്തിലെ വിശേഷണം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സി.പി.ഐ. എന്നും 'ചിന്ത' പറയുന്നു. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സി.പി.ഐ. തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയാണ് 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനം.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സമ്മേളനകാലം വിമര്‍ശനത്തിന്റെയും സ്വയംവിമര്‍ശനത്തിന്റെയും അതുവഴിയുള്ള തിരുത്തലുകളുടേതുമാണ്. എന്നാല്‍, സി.പി.ഐ. തയ്യാറാക്കിയ രേഖ സി.പി.എമ്മിനെ തിരുത്തുന്ന കാര്യം ചര്‍ച്ചചെയ്യാനുള്ളതാണ്. ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയെന്നത് മുമ്പ് വലതുപക്ഷമാധ്യമങ്ങള്‍ സി.പി.എമ്മിനെ കുത്താനായി സി.പി.ഐ.ക്ക് ചാര്‍ത്തിക്കൊടുത്ത പദവിയാണ്. ഇത്തവണ ആ പട്ടം അവര്‍ സ്വയം എടുത്തണിഞ്ഞിരിക്കയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."