കേരളത്തില്‍ ഭരണമാറ്റം ഉറപ്പെന്ന് എ.കെ ആന്റണി: തിരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരായ വിധിയെഴുത്താകും
ന്യുഡല്‍ഹി: കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ആന്റണിയുടെ അവകാശവാദം.
സര്‍ക്കാരിനെതിരായ മറുപടിയാകും തിരഞ്ഞെടുപ്പ്. കേരളം മാറ്റത്തിനായി കാത്തിരിക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അത്തരമൊരവസരത്തില്‍ പരാതികളും പരിഭവങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും മറക്കണമെന്നും ഇത്തരം പരിഭവങ്ങള്‍ ജനാഭിലാഷത്തെ തകര്‍ക്കരുതെന്നും ഹൈക്കമാന്‍ഡിനെ എല്ലാവരും അനുസരിക്കണമെന്നും ആന്റണി അഭ്യര്‍ഥിച്ചു.
നേമത്ത് കെ. മുരളീധരന്‍ ഉറപ്പായും വിജയിക്കും. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വേഗം കൂട്ടുന്നതാണ് സ്ഥാനാര്‍ഥിപ്പട്ടിക. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വനിതാ പ്രാതിനിധ്യത്തില്‍ പോരായ്മയുണ്ട്. സമമ്തിക്കുന്നു. എന്നാല്‍ ഭാവിയിലത് പരിഹരിക്കപ്പെടും. സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ പരിഗണിച്ചതില്‍ തമ്മില്‍ ഭേദം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കെ. സുരേന്ദ്രനുമായി ദീര്‍ഘനേരം സംസാരിച്ചു. അദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരു പ്രശ്‌നവുമില്ല. കണ്ണൂരില്‍ കൂടുതല്‍ സീറ്റുനേടാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."