നോട്ട് നിരോധനം: സുപ്രിംകോടതി ഇന്ന് വിധി പുറപ്പെടുവിക്കും
ന്യൂഡൽഹി: ഉയർന്നമൂല്യമുള്ള നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിയുടെ സാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ സുപ്രിംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് എസ്. അബ്ദുൽനസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെയുള്ള 58 ഹരജികളിലാണ് ഉത്തരവ് പുറപ്പെടുവിക്കുക. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യൻ, ബി.വി നാഗാർഥന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിൽ നേരത്തെ വാദംകേൾക്കൽ പൂർത്തിയായതിനാൽ വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു. സാമ്പത്തിക നയത്തിനുമേൽ കോടതിക്ക് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നായിരുന്നു വാദത്തിനിടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച നിലപാട്. എന്നാൽ, അതിനർഥം കോടതി കൈയുംകെട്ടി നോക്കിയിരിക്കുമെന്നല്ലെന്ന് ഇതിനോട് സുപ്രിംകോടതി മറുപടി പറയുകയും ചെയ്തിരുന്നു.
കള്ളപ്പണം, വ്യാജ കറൻസി, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം തുടങ്ങിയവ തടയുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ട് 2016 നവംബർ എട്ടിന് രാത്രിയാണ് കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചത്. എന്നാൽ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ കേസിന്റെ വാദത്തിനിടെ സുപ്രിംകോടതിയിൽ സമ്മതിക്കുകയുണ്ടായി. നോട്ട് നിരോധനംമൂലം ജനങ്ങൾക്ക് ചില പ്രയാസം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം. അത് നടപടിയുടെ ദൂഷ്യമായി വിലയിരുത്താനാകില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത്.
Supreme Court Verdict on Pleas Challenging 2016 Demonetisation Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."