''നാണക്കേട് കാരണം തല കുനിയുന്നു' കാറിനടിയില്‍ കുരുങ്ങിയ യുവതിയെ കിലോമീറ്ററുകള്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: പുതുവത്സരാഘോഷത്തിനിടെ 20 കാരിയെ കാറിടിച്ച് വീഴ്ത്തി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും നാണക്കേട് കൊണ്ട് തന്റെ തല കുനിഞ്ഞുപോവുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''സുല്‍ത്താന്‍പുരിയില്‍ ഇന്ന് രാവിലെ നടന്ന മനുഷ്യത്വരഹിതമായ കുറ്റകൃത്യം കേട്ട് നാണക്കേട് കൊണ്ട് എന്റെ തല കുനിഞ്ഞുപോകുന്നു. പ്രതികളുടെ പൈശാചികമായ പ്രവൃത്തി ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. സംഭവത്തിന്റെ എല്ലാ വശവും നിരീക്ഷിച്ചുവരികയാണ്''സക്‌സേന ട്വീറ്റ് ചെയ്തു.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് യുവതിയുടെ ശരീരം വലിച്ചിഴച്ച് നീങ്ങുന്ന കാറിനെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചത്. പിന്നാലെ നാലേകാലോടെ റോഡില്‍ മരിച്ചനിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
കാറില്‍ സഞ്ചരിച്ചവരെ പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചിരുന്നെന്നും എന്നാല്‍ യുവതിയുടെ ശരീരം കാറില്‍ കുടുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല എന്നുമാണ് കസ്റ്റഡിയിലുള്ള യുവാക്കളുടെ മൊഴി. കാര്‍ അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."