സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവര്‍ണറുടെ തീരുമാനം ഇന്ന്
തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിനൊരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണറുടെ തീരുമാനം ഇന്ന്. വൈകീട്ടോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന ഗവര്‍ണര്‍ തീരുമാനം ഇന്ന് സര്‍ക്കാരിനെ അറിയിക്കും.
ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീര്‍പ്പാക്കുന്നതിന് മുന്‍പ് സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. ഒരാളെ മന്ത്രിയായി സത്യപ്രതിജ്ഞാ ചെയ്യിക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുക ഗവര്‍ണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് എന്ന നിയമോപദേശമാണ് രാജ്ഭവന്റെ അഭിഭാഷകന്‍ നല്‍കിയത്. ഗവര്‍ണര്‍ക്ക് ഇത് അംഗീകരിക്കുകയോ സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം തേടുകയോ ചെയ്യാം.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം നടത്താന്‍ മുഖ്യമന്ത്രി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനോട് നിയമോപദേശം തേടിയത്.
കശ്മിരില്‍ നിന്ന് ഇന്ന് തിരിച്ചെത്തുന്ന ഗവര്‍ണര്‍ ആറിന് വീണ്ടും ഡല്‍ഹിയിലേക്ക് പോകുമെന്നതിനാല്‍ നാലിന് തന്നെ സത്യപ്രതിജ്ഞ നടത്താനാണ് സര്‍ക്കാര്‍ നീക്കം.
ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ ആറിനാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. ധാര്‍മികമായും നിയമപരമായും സജി ചെറിയാന് മുന്നില്‍ തടസ്സങ്ങള്‍ ഇല്ലെന്നതിനാല്‍ മടങ്ങിവരവ് നീട്ടിക്കൊണ്ടുപോകേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നുമാണ് സജി ചെറിയാനെതിരായ കേസില്‍ പൊലിസ് തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് അവസാനിപ്പിക്കാന്‍ പൊലിസ് നല്‍കിയ അപേക്ഷയില്‍ കോടതി അന്തിമ തീരുമാനമെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."