രാഷ്ട്രീയത്തിലെ കാലാവസ്ഥാ വ്യതിയാനം
മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ആരു ജയിക്കണമെന്നു ജനം തീരുമാനിക്കുന്നതുപോലെ ആരാണ് സ്ഥാനാര്‍ഥിയാവേണ്ടതെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് അവസരമുണ്ടായാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാവുന്ന നാടകങ്ങളും നാണക്കേടുകളും ഇല്ലാതാക്കാനാകും. സ്ഥാനാര്‍ഥി നിര്‍ണയമല്ല, സീറ്റ് വില്‍പനയാണു കേരളത്തിലെ പല മണ്ഡലങ്ങളിലും നടക്കുന്നതെന്നാണു പാര്‍ട്ടികളുടെ പാര്‍ലമെന്ററി കമ്മിറ്റികളുടെ നടപ്പുരീതിയെ കുറിച്ച് തെളിവു സഹിതം കിട്ടുന്ന വിവരം.
ഇതൊക്കെ അറിയുമ്പോള്‍ ഓരോ പാര്‍ട്ടിയിലെയും ആത്മാര്‍ഥതയുള്ള അണികള്‍ ആഗ്രഹിക്കുന്നുണ്ടാവുക ആരാവണം സ്ഥാനാര്‍ഥിയെന്ന കാര്യം തീരുമാനിക്കാന്‍ തങ്ങള്‍ക്ക് അവസരം കിട്ടണമെന്നു തന്നെയായിരിക്കും. എല്ലാ പാര്‍ട്ടികളിലും സ്ഥാനാര്‍ഥി നിര്‍ണയം പലതരത്തിലുള്ള അസംതൃപ്തികള്‍ക്കും അവഗണനകള്‍ക്കും കാരണമാകുന്നു. പദവി മോഹിച്ചവര്‍ക്ക് അതു കിട്ടാത്തതിലുള്ള അനിഷ്ടം. പദവി അര്‍ഹിക്കുന്നവര്‍ക്ക് അതു കിട്ടാത്തതില്‍ അനുയായികളായ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം, ഒട്ടും അര്‍ഹിക്കാത്തവര്‍ക്കു സീറ്റുകള്‍ വീതംവെച്ചു പോവുന്നതിലെ അരിശം.
ഇതിനെല്ലാം പുറമെ വിലയ്ക്ക് കൊടുക്കലും വിലയ്‌ക്കെടുക്കലും നടക്കുന്ന തെരഞ്ഞെടുപ്പു ചന്തയായി പാര്‍ട്ടി ആസ്ഥാനങ്ങള്‍ മാറുന്ന ദുരവസ്ഥ. ഒരു പ്രദേശത്തിന്റെ നാഡിമിടിപ്പുകള്‍ അറിയാവുന്ന പൊതുപ്രവര്‍ത്തകരുള്ളപ്പോള്‍ തന്നെ അവിടേക്കു പുറത്തുനിന്നും സ്ഥാനാര്‍ഥിയെ കെട്ടിയിറക്കുന്നതിന്റെ പേരിലും കോലാഹലങ്ങള്‍ നടക്കുന്നു. സില്‍ബന്തികള്‍ക്കും സ്വന്തക്കാര്‍ക്കും അവസരം നല്‍കാനും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെയും വിമര്‍ശനത്തിന്റെയും വാതില്‍ കൊട്ടിയടക്കാനും മുതിര്‍ന്ന നേതാക്കള്‍ അപ്പപ്പോള്‍ കൊണ്ടുവരുന്ന സൂത്രവാക്യങ്ങളും ഇതിനിടെ കേള്‍ക്കാം. സ്ഥാനാര്‍ഥി നിര്‍ണയ ചുമതല വഹിക്കുന്ന പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമായ സീറ്റുകള്‍ കൈവശപ്പെടുത്തിയശേഷം ബാക്കിയുള്ളവ പുറത്തുകൊടുക്കുന്ന രീതിയും ചില പാര്‍ട്ടികളില്‍ കാണാം. ഈ രീതിയില്‍ മുന്നോട്ടുപോകുന്തോറും ആദര്‍ശം അപഹാസ്യമാവുകയും അസ്തിത്വം അപകടത്തിലാവുകയും ചെയ്യുന്നത് നേതൃത്വം അറിയുന്നില്ല.
ഇതിനൊരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല എന്നാണ് മിക്ക പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്. പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തെറ്റായ രീതിയില്‍ പെരുമാറുന്നതിന്റെ അനന്തരഫലം സ്വന്തം പാര്‍ട്ടി വോട്ടുകള്‍ പോലും ഉറപ്പുവരുത്താനാവുന്നില്ല എന്നതാണ്. അങ്ങനെ ഉറച്ച സീറ്റുകളില്‍ പോലും എതിര്‍പ്പാര്‍ട്ടിക്ക് വിജയ സാധ്യത നേടാനാവുന്നു.
പാര്‍ട്ടികള്‍ പരമ്പരാഗതമായി ജയിച്ചു പോന്ന സീറ്റുകള്‍ അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ഥികള്‍ വന്ന കാരണം എന്നെന്നേക്കുമായി കൈവിട്ടുപോയ അവസ്ഥവരെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുമ്പോള്‍ ഏതു കക്ഷിയിലെയും സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തം ലഭിക്കണമെന്നാണ്. ജനാധിപത്യത്തില്‍ അത്തരമൊരു വ്യവസ്ഥ സാധിക്കേണ്ടതാണല്ലോ എന്നാലോചിച്ചുകൊണ്ട് ലോകത്തെ ഇതര ജനാധിപത്യ രാജ്യങ്ങളിലെ രീതികളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ ഉത്തരം അത്തരം മാതൃകകള്‍ നിലവിലുണ്ടെന്നു തന്നെയാണ്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യമായ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പാര്‍ട്ടികള്‍ മേല്‍പ്പറഞ്ഞ രീതി പ്രയോജനപ്പെടുത്തുന്നുണ്ട്. രജിസ്റ്റര്‍ ചെയ്ത ഒരു ഡെമോക്രാറ്റിക് പാര്‍ട്ടി അംഗത്തിനു തെരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നിര്‍ത്തേണ്ടതെന്ന് തീരുമാനിക്കാന്‍ ഒരു പ്രാഥമിക തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ നടത്തുന്നു. അങ്ങനെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാളെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിര്‍ത്തുക. പ്രൈമറി ഇലക്ഷന്‍ എന്നാണതിനു സാങ്കേതികമായി പറയുന്നത്. പ്രസിഡന്റ്, ഗവര്‍ണര്‍ തുടങ്ങി പ്രാദേശിക സ്ഥാനാര്‍ഥികളെ വരെ ഇങ്ങനെ ഓരോ പാര്‍ട്ടിയുടെയും രജിസ്റ്റര്‍ ചെയ്ത അംഗങ്ങളാണ് ആദ്യം തെരഞ്ഞെടുക്കുന്നത്.
ഇത്തരത്തില്‍ പാര്‍ട്ടികളില്‍ ആന്തരികമായി നടക്കുന്ന പ്രൈമറി ഇലക്ഷനുകള്‍ നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിലും കൊണ്ടുവരികയാണെങ്കില്‍ ഒരു പരിധിവരെ പാര്‍ട്ടി അംഗങ്ങളുടെ ഇംഗിതമനുസരിച്ചുള്ള സ്ഥാനാര്‍ഥികള്‍ വരികയും സ്വതന്ത്രവും സുതാര്യവുമായ സ്ഥാനാര്‍ഥി നിര്‍ണയം സാധ്യമാവുകയും ചെയ്യും. പാര്‍ട്ടി കൊണ്ടുനടക്കുന്ന ചില തമ്പുരാക്കന്മാര്‍ കല്‍പ്പിച്ചു നിര്‍ത്തുന്നവര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളാവുന്ന സ്ഥിതി മാറുകയും ഇപ്പോള്‍ പറയപ്പെടുന്ന സമവാക്യങ്ങളേക്കാള്‍ പൊതുസമ്മതി എന്ന ഒറ്റക്കാരണം കൊണ്ട് സ്ഥാനാര്‍ഥിയുടെ വിജയസാധ്യത കൂടുകയും ചെയ്യും.
തെരഞ്ഞെടുപ്പുകളാണല്ലോ ജനാധിപത്യ സംവിധാനത്തില്‍ പൗരന് അല്‍പമെങ്കിലും രാഷ്ട്രീയ തീരുമാനമെടുക്കാന്‍ അവസരം നല്‍കുന്നത്. പൗരനില്‍ രാഷ്ട്രീയാധികാരം നിഷിപ്തമായിരിക്കുന്ന സംവിധാനമാണല്ലോ ജനാധിപത്യം. എന്നാല്‍ നമ്മുടെ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ അത്തരം അവസരം വോട്ടര്‍മാര്‍ക്ക് നല്‍കുന്നില്ല എന്നതാണ് വാസ്തവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ശീലങ്ങള്‍ മുന്‍നിര്‍ത്തി പണ്ടുമുതലേ ഈ ദുരവസ്ഥ ചര്‍ച്ച ചെയ്യാറുണ്ട്.
പലപ്പോഴും ജാതിയുടെയും സമ്പത്തിന്റെയും ശക്തി കൈയടക്കിവച്ച പ്രബലരാണു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുക, അല്ലെങ്കില്‍ അവരുടെ പിണിയാളുകള്‍ ആ പദവിയില്‍ ഇരുത്തപ്പെടും. പിന്‍ സീറ്റ് ഡ്രൈവിങ് വഴി സമൂഹത്തിലെ പ്രബലര്‍ ജനാധിപത്യം നിയന്ത്രിക്കും. ഈ ദുരവസ്ഥയുടെ വകഭേദം കേരളത്തില്‍ കാണപ്പെട്ടു തുടങ്ങിയതിന്റെ ഉദാഹരണങ്ങള്‍ ഇപ്പോള്‍ എമ്പാടുമുണ്ട്. സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ അവസരം വേണം എന്ന മുറവിളിയുമായി തെരുവിലിറങ്ങുന്ന രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍ ഇത്തരം ദുരവസ്ഥകളുടെ പ്രത്യക്ഷമായ തെളിവുകള്‍ തന്നെയാണ്. എല്ലാ പാര്‍ട്ടികളിലും ഇതൊക്കെ നടക്കുന്നു.
ചില പാര്‍ട്ടികളില്‍ എതിര്‍ത്തൊരു അഭിപ്രായം പറയാന്‍ പോലും ആളില്ലാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. പാര്‍ലമെന്ററി മോഹം ഒരു രോഗം പോലെയാണ് ഒരുപാട് പേരെ ബാധിക്കുന്നത്. ആദര്‍ശമോ പ്രതിബദ്ധതയോ അല്ല പദവിയും അധികാരവും കിട്ടുന്നോ ഇല്ലയോ എന്നു നോക്കി പാര്‍ട്ടി മാറുന്ന അവസ്ഥയിലേക്ക് ഈ പാര്‍ലമെന്ററി മോഹം എത്തിക്കഴിഞ്ഞു. സ്വയം വിപണനത്തിലാണ് ഇന്നത്തെ രാഷ്ട്രീയം നിലനില്‍ക്കുന്നത് എന്നു വന്നിരിക്കുന്നു. അതുകൊണ്ടാണ് പാര്‍ലമെന്ററി മോഹം ഒരേയൊരു പ്രചോദനമായിരിക്കുന്നത്. അരനൂറ്റാണ്ട് ഒരു പാര്‍ട്ടിയുടെ കൂടെ നില്‍ക്കുകയും അതിന്റെ പദവികളും ആനുകൂല്യങ്ങളും പറ്റുകയും ചെയ്ത ഒരാള്‍ സീറ്റു കിട്ടിയില്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുമെന്ന് ഭീഷണി മുഴക്കുന്നതു കണ്ടു. ഒരു മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞതു ബി.ജെ.പി അല്ലാത്ത ഏതു പാര്‍ട്ടിയിലേക്കും മാറാമല്ലോ എന്നാണ്.
ജനസേവനവും ആദര്‍ശബോധവും ഏതു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്ന തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന കാലം കഴിഞ്ഞു. മുസ്‌ലിം ലീഗില്‍ പോലും തൊണ്ണൂറുകളോടെ പാര്‍ലമെന്ററി പദവികളും അധികാരസ്ഥാനങ്ങളും പൊതുപ്രവര്‍ത്തനത്തിന്റെ ഒരേയൊരു ലക്ഷ്യമായി മാറി. മഹാന്മാരായ നേതാക്കള്‍ പണ്ട് പഠിപ്പിച്ചത് സമുദായത്തിനും സമൂഹത്തിനും ഉപകരിക്കുന്ന സേവനങ്ങള്‍ ചെയ്യാനും അതുവഴി ലഭിക്കുന്ന ദൈവത്തില്‍ നിന്നുള്ള പ്രതിഫലം കരസ്ഥമാക്കാനും ആയിരുന്നു. ആദര്‍ശ രാഷ്ട്രീയത്തിന്റെ ആ കാലം പൂര്‍ണമായും ഇല്ലാതായതിന്റെ നിദര്‍ശനങ്ങളാണു ഇപ്പോള്‍ കാണുന്ന വ്യാമോഹങ്ങളും ഒച്ചപ്പാടുകളും.
ഇപ്പോള്‍ പണമാണു ഒന്നാമത്തെ യോഗ്യത. പണം സ്വരൂപിക്കാന്‍ കുറച്ചു സീറ്റുകള്‍ വിറ്റാലും കുഴപ്പമില്ലെന്ന് നേതൃത്വം ആലോചിച്ചുറപ്പിക്കുമ്പോള്‍ അതു ശരിവയ്ക്കുന്ന പ്രവര്‍ത്തകരുമാണിന്നുള്ളത്. തെരഞ്ഞെടുപ്പുകളുടെ ഈ വിപണന രീതി മറികടക്കാന്‍ കേരളത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്കും കഴിയില്ല എന്നതാണവസ്ഥ. കാരണം സംഘടിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം ഒരുപോലെയുള്ള പ്രതിസന്ധിയാണു സാമ്പത്തിക മാന്ദ്യം. ഓരോ സീറ്റിന്റെയും വിപണി മുല്യം വര്‍ധിപ്പിച്ചത് ഇത്തരം ഒരു സാഹചര്യത്തില്‍ കൂടിയാണ്. വിപണിരാഷ്ട്രീയം സമൂഹത്തില്‍ കാതലായ മാറ്റം ഉണ്ടാക്കുമെന്ന് കരുതാന്‍ വയ്യ. രാഷ്ട്രീയം ഒരു വിപണിയാകുമ്പോള്‍ അതില്‍ സേവനം എന്നതിലേറെ ലാഭവും നഷ്ടവുമായി ബന്ധപ്പെട്ട ഫോര്‍മുലകളിലേക്കതു ചുരുങ്ങുമല്ലോ. പ്രത്യയശാസ്ത്രവുമായും ആദര്‍ശവുമായും എന്തിനു മുദ്രാവാക്യവുമായി പോലും ബന്ധമില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനം ഇപ്പോള്‍ വെറും പാര്‍ട്ടി നടത്തിപ്പായിക്കഴിഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയതു മുതലുള്ള വിവാദങ്ങള്‍ ഏറെ മാറിയ രാഷ്ട്രീയകാലാവസ്ഥയെയാണ് കാണിച്ചുതരുന്നത്. ഏറെക്കുറെ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥിപ്പട്ടം കിട്ടിയവരും കിട്ടാത്തവരും അഭ്യുദയകാംക്ഷികളും അതോടെ രംഗത്തുവന്നു. സ്ഥാനാര്‍ഥിപ്പട്ടിക ഒന്നുകൂടി നന്നാക്കാമായിരുന്നു, ഏറ്റവും മികച്ച കരുനീക്കം നടത്താന്‍ പാര്‍ട്ടിക്കായില്ല എന്നൊക്കെയുള്ള അഭിപ്രായമുള്ളവരുണ്ട്.
ഇറക്കുമതി സ്ഥാനാര്‍ഥിയെ കണ്ടപ്പോള്‍ മണ്ഡലത്തില്‍ തന്നെയുള്ള നേതാവിനു അതിലേറെ യോഗ്യത ഉണ്ടായിരുന്നല്ലൊ എന്നു സമര്‍ഥിക്കുന്നവരുമുണ്ട്. ജനാധിപത്യ പ്രക്രിയയില്‍ ഈ തെറ്റായ നീക്കുപോക്കുകള്‍ പാര്‍ട്ടികള്‍ക്കു ദോഷമാണുണ്ടാക്കുക എന്നു കരുതുന്നവരാണേറെ.
പാര്‍ട്ടി അതിന്റെ ആവനാഴിയില്‍നിന്ന് ഏറ്റവും ഉചിതമായ അമ്പ് പുറത്തെടുത്തില്ലല്ലോ എന്നു ഖേദിക്കുന്ന ഓരോ പ്രവര്‍ത്തകനും ആഗ്രഹിക്കുന്നത് തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി ജയിക്കണമെന്നാണ്. അതുകൊണ്ട് ഇപ്പോഴത്തെ അലോസരങ്ങള്‍ മറന്ന് അവരും രംഗത്തിറങ്ങും. ഫലം വരുമ്പോഴാകും പക്ഷേ നേതൃത്വം തങ്ങള്‍ക്കു പറ്റിയ അമളികള്‍ തിരിച്ചറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."