ഒമാനില്‍ വിസ നിരക്കുകള്‍ 85 ശതമാനം വരെ കുറച്ചു
മസ്‌കത്ത് :വിദേശികളുടെ വിസ നിരക്കുകള്‍ കുറക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവിട്ടു.നിര്‍ദ്ദേശം ജൂണ്‍ ഒന്ന് മുതല്‍ നടപ്പില്‍ വരും. മാനവ വിഭവ ശേഷി മന്ത്രാലയം പുതിയ വിസ നിരക്കുകള്‍ പുറത്തിറക്കി.
ഉത്തരവ് പ്രകാരം പുതിയ തൊഴില്‍ വിസ എടുക്കുന്നതിനും നിലവിലെ വിസ പുതുക്കുന്നതിനും ഏറ്റവും ഉയര്‍ന്ന നിരക്ക് 301 ഒമാനി റിയാല്‍ ആയിരിക്കും.
സ്വദേശി വല്‍ക്കരണം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് 85 ശതമാനം വരെ വിസ നിരക്കില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
പുതിയ നിരക്ക് അനുസരിച്ച് ഏറ്റവും ഉയര്‍ന്ന വിഭാഗത്തിലെ നിരക്ക് 301 റിയാല്‍ ആയി കുറഞ്ഞു.നേരത്തെയിത് 2001 റിയാല്‍ ആയിരുന്നു. ഒമാനൈസേഷന്‍ നടപ്പാക്കിയ സ്ഥാപനങ്ങളില്‍ നിന്ന് 211 റിയാല്‍ ആണ് ഈടക്കുക.
സ്‌പെഷ്യലൈസ്ഡ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ വിസ നിരക്ക് 251 റിയാല്‍ ആയി കുറച്ചു.നേരത്തെ 601 മുതല്‍ 1001 റിയാല്‍ വരെയായിരുന്നു ഈടാക്കിയിരുന്നത്.സ്വദേശി വല്‍ക്കരണം നടപ്പാക്കിയ കമ്പനികള്‍ക്ക് 176 റിയാല്‍ മതിയാകും.
മൂന്നാമത്തെ വിഭാഗത്തില്‍ വിസ നിരക്ക് 201 റിയാല്‍ ആയി കുറച്ചു.നേരത്തെ 301 മുതല്‍ 361 റിയാല്‍ വരെയായിരുന്നു ഈടാക്കിയിരുന്നത്.സ്വദേശി വല്‍ക്കരണം നടപ്പാക്കിയ സഥാപനങ്ങള്‍ക്ക് 141 റിയാല്‍ മതിയാകും.
ബിസിനസ്സ് അന്തരീക്ഷം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സ്വകാര്യമേഖലയുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ഒമാന്റെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും വിസ നിരക്കുകള്‍ കുറക്കാന്‍ എടുത്ത തീരുമാനം ഉപകരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."