സഊദിയുമായി നേരിട്ടുള്ള ചർച്ച ഇറാൻ നിർത്തിവച്ചു
തെഹ്‌റാൻ
സഊദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചർച്ചകൾ നിർത്തിവച്ചതായി ഇറാൻ. പ്രത്യേകിച്ചൊരു കാരണവും വ്യക്തമാക്കാതെയാണ് ഇറാന്റെ നടപടി. ബുധനാഴ്ച ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ വച്ച് സഊദിയുമായി ചർച്ച നടക്കുമെന്ന് തുർക്കിയിൽ നടന്നുവരുന്ന നയതന്ത്രസമ്മേളനത്തിൽ വച്ച് ഇറാൻ വിദേശകാര്യമന്ത്രി ഫുവാദ് ഹുസൈൻ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം മേഖലയിലെ ബദ്ധവൈരികൾ ബുധനാഴ്ച അഞ്ചാംഘട്ട ചർച്ച നടത്താനിരിക്കെയാണ് ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ പരമോന്നത വേദിയായ ഇറാൻ സുപ്രിം ദേശീയ സുരക്ഷാസമിതിയാണ് ചർച്ച നിർത്തിവച്ചതായി അറിയിച്ചത്. തീരുമാനം താൽക്കാലികമാണെന്നും സുരക്ഷാസമിതിക്ക് കീഴിലുള്ള നൂർ ന്യൂസ് റിപ്പോർട്ട്‌ചെയ്തു.
ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന നയതന്ത്ര ഉലച്ചിലുകൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് രണ്ടുരാജ്യങ്ങളും ഒന്നിലധികം തവണ വ്യക്തമാക്കിയിരുന്നു. 2016ൽ പ്രമുഖ ശീഈ നേതാവിനെ സഊദി അറേബ്യ തീവ്രവാദ ബന്ധമാരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കിയതിനെത്തുടർന്ന് തെഹ്‌റാനിലെ സഊദി എംബസിയിലേക്ക് ഒരുകൂട്ടം ശീഈ പ്രക്ഷോഭകർ ഇടിച്ചുകയറിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്രബന്ധത്തിൽ വിള്ളൽ വീണത്. ഈ സംഭവത്തോടെ സഊദി ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയുംചെയ്തു.
2015ൽ ആണവകരാറിൽ നിന്ന് പിൻമാറിയതിന് ശേഷം ഇറാനുമേൽ കടുത്ത ഉപരോധമേർപ്പെടുത്താനുള്ള അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് സഊദിയുടെ പിന്തുണയുണ്ടായിരുന്നു. എട്ടുവർഷമായി ഇറാൻ അനുകൂല ഹൂഥി വിമതർക്ക് നേരെ സഊദിയുടെ നേതൃത്വത്തിൽ വ്യോമാക്രമണം നടത്തിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."