'കിറ്റിന്റെ പേരില്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തരുത്' ഉമ്മന്‍ ചാണ്ടി
കൊച്ചി: തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും പ്രലോഭനങ്ങളെ മറികടക്കാന്‍ സാധിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. നിസഹകരണത്തിലൂടെയും അഹിംസയിലൂടെയും രാജ്യത്തിന് കിട്ടിയ സ്വാതന്ത്ര്യം ഒരു കിറ്റിന്റെ പേരില്‍ നഷ്ടപ്പെടുത്തരുതെന്നും കിട്ടിയ ഈ സ്വാതന്ത്ര്യം ഒരാളുടെ മുന്നിലും അടിയറവയ്ക്കരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. കുന്നത്തുനാട് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സജീന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍പരം കോടി രൂപയുടെ കടത്തിലായിരിക്കുകയാണ്. വാളയാറില്‍ പീഡനമേറ്റ് കൊലചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ ഇന്ന് കേരളത്തിന് വേദനയായി മാറിയിരിക്കുകയാണ്. ഈ വിഷയത്തില്‍ വലിയ വികാരം ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്ന് കോടതി തന്നെ പറയുമ്പോഴും കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയിലേക്കാണ് ഇടത് സര്‍ക്കാര്‍ നീങ്ങിയത്. മനുഷ്യാവകാശങ്ങളെ പിച്ചിച്ചീന്തുന്ന നിരവധി സംഭവങ്ങളാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്നുവന്നത്. ജനാധിപത്യ, മൗലീക,മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതേണ്ട ഈ സമയത്ത് കിറ്റിന്റെ വലയില്‍ വീഴരുതെന്നും ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചു.
കുന്നത്തുനാട് മുന്‍ എം.എല്‍.എയും മുന്‍മന്ത്രിയുമായ ടി.എച്ച് മുസ്തഫ, ബെന്നി ബഹനാന്‍ എം.പി, സുലൈമാന്‍ റാവുത്തര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജെയ്‌സന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."