മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രൈൻ സൈന്യത്തിൽ ചേർന്ന തമിഴ് വിദ്യാർഥി
കീവ്
ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥി സായ് നികേഷ്. കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചത്. കോയമ്പത്തൂർ തുടിയല്ലൂർ സ്വാതി നഗറിൽ രവിചന്ദ്രന്റെയും ഝാൻസി ലക്ഷ്മിയുടെയും മകൻ സായ് നികേഷ് (22) ആഴ്ചകൾക്ക് ശേഷം ശനിയാഴ്ചയാണ് വീട്ടുകാരുമായി ബന്ധപ്പെട്ടത്. മകന്റെ ആഗ്രഹം കുടുംബം ഇന്ത്യൻ എംബസിയെ അറിയിച്ചു. മകനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും കുടുംബം തുടങ്ങി.
ഉക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയതോടെ സായ് നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളുടെ ശ്രമത്തിനൊടുവിലാണ് ബന്ധുക്കൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സായ് നികേഷിനെ ബന്ധപ്പെട്ടത്.
സായ് നികേഷ് റഷ്യൻ അധിനിവേശത്തിനെതിരേ പോരാടുന്ന ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന വിവരം ഈ മാസം എട്ടിനാണ് പുറത്തുവരുന്നത്.
ഉക്രൈൻ മാധ്യമമായ 'കീവ് ഇൻഡിപെൻഡന്റ്' വിദ്യാർഥിയുടെ ചിത്രം പുറത്തുവിട്ടതോടെ വലിയ ചർച്ചയാവുകയുംചെയ്തു. ഉക്രൈൻ സേനയിൽ ചേർന്നതായി സായ് നികേഷ് ഫോൺ വിളിക്കവെ കുടുംബത്തെ അറിയിച്ചു.
2018 സെപ്തംബറിൽ ഖാർകീവിലെ നാഷനൽ എയ്‌റോ സ്‌പെയ്‌സ് യൂനിവേഴ്‌സിറ്റിയിൽ അഞ്ചുവർഷത്തെ പഠനത്തിനാണ് സായ് നികേഷ് ഉക്രൈനിലെത്തിയത്. വിദേശ പൗരൻമാർ ഉൾപ്പെടുന്ന ജോർജിയൻ നാഷനൽ ലീജൻ പാരാമിലിറ്ററി യൂനിറ്റിൽ അംഗമായാണ് സായ് നികേഷ് യുദ്ധത്തിൽ പങ്കെടുക്കുന്നത്. സൈനിക വേഷത്തിലുള്ള ചിത്രങ്ങളും സായ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
കഴിഞ്ഞയാഴ്ച കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ രക്ഷിതാക്കളെ കണ്ട് സായ് നികേഷിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഉക്രൈൻ- റഷ്യൻ വിഷയത്തിൽ പക്ഷംപിടിക്കാതെയുള്ള ഇന്ത്യയുടെ നിലപാട്ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ ഇന്ത്യൻ വിദ്യാർഥി ഉക്രൈൻ സൈന്യത്തോടൊപ്പം ചേർന്ന് റഷ്യക്കെതിരേ പോരാടിയ സംഭവം കേന്ദ്രസർക്കാർ ഏതുനിലയിൽ എടുക്കുമെന്നത് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."