സ്വദേശികള്‍ക്ക് വീട് കിട്ടാനില്ല; കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ വിലക്ക്
ഒട്ടാവ: കാനഡയില്‍ വിദേശികള്‍ക്ക് വീട് വാങ്ങാന്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക്. കാനഡിലെ പൗരന്മാര്‍ക്ക് വീട് ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് നടപടി. അഭയാര്‍ഥികള്‍ക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാര്‍ക്കും( പെര്‍മനന്റ് റെസിഡന്റ്‌സ്- പി.ആര്‍) ഉള്‍പ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്.
നഗരപ്രദേശത്ത് മാത്രമാണ് നിയന്ത്രണം. അതേസമയം, വേനല്‍ക്കാല കോട്ടേജുകള്‍ പോലുള്ള വിനോദസഞ്ചാര, വിശ്രമസ്ഥലങ്ങള്‍ വാങ്ങുന്നതിന് വിലക്കില്ല.
2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് രണ്ട് വര്‍ഷത്തേക്ക് വിലക്ക് പ്രഖ്യാപിച്ചത്. വീടിന്റെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് താമസസൗകര്യം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം.
കനേഡിയന്‍ ഭവനങ്ങള്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നുവെന്നും ഇതാണ് വീടുകളുടെ വിലയുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ വിദേശ നിക്ഷേപകര്‍ സ്വന്തമാക്കുന്ന പല വീടുകളും ഒഴിഞ്ഞു കിടക്കുകയാണെന്നും വീടുകള്‍ക്ക് നിക്ഷേപകര്‍ക്കുള്ളതല്ല മറിച്ച് ആളുകള്‍ക്ക് താമസിക്കാനുള്ളതാണെന്നും അദ്ദേഹം അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
വാന്‍കൂവര്‍, ടൊറന്റോ പോലുള്ള സ്ഥലങ്ങളില്‍ നോണ്‍ റെസി!ഡന്റ്‌സിനും ഒഴിഞ്ഞ വീടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ക്ക് വീടു വാങ്ങുന്നതിനു വിലക്കേര്‍പ്പെടുത്തിയത് കാര്യമായ പ്രയോജനം ഉണ്ടാക്കുമെന്നു തോന്നുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയുടെ കണക്ക് പ്രകാരം ഇവര്‍ കാനഡയുടെ ജനസംഖ്യയില്‍ 5 ശതമാനത്തില്‍ താഴെയാണ്. ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ വീടുകള്‍ നിര്‍മിക്കുകയാണ് പരിഹാരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2030 ആകുമ്പോള്‍ 1.9 കോടി വീടുകള്‍ എങ്കിലും വേണ്ടിവരുമെന്ന് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിങ് കോര്‍പ്പറേഷന്‍ ജൂണില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, 58 ലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കേണ്ടി വരും. നിലവില്‍ കരുതിയതിലും 35 ലക്ഷം അധികം വീടുകളാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."