ലങ്കക്കെതിരേ ഇന്ത്യ ജയത്തിലേക്ക് ശ്രേയസ്സിനും പന്തിനും അർധ സെഞ്ചുറി
ബംഗളുരു
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയത്തിനരികെ. രണ്ടാം ദിനം ലങ്കയെ ആദ്യ ഇന്നിങ്‌സിൽ 109 റൺസിന് പുറത്താക്കിയ ഇന്ത്യ 303 റൺസെടുത്ത് 448 റൺസിന്റെ ലക്ഷ്യമാണ് സന്ദർശകർക്ക് മുന്നിൽവച്ചത്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസെന് നിലയിലാണ് ലങ്ക. 419 റൺസിന് പിന്നിൽ.
രണ്ടാം ദിനം ആറിന് 86 എന്ന തകർച്ചയിൽനിന്ന് ആദ്യ ഇന്നിങ്‌സ് പുനരാരംഭിച്ച ലങ്കയ്ക്ക് കരപറ്റാൻ കഴിഞ്ഞില്ല. ശേഷിക്കുന്ന 23 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റും വീണു. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റിന് 303 റൺസെടുത്തു നിൽക്കേ ഡിക്ലയർ ചെയ്തു. വൈസ് ക്യാപ്റ്റൻ ബുംറയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ ടോപ് ഗിയറിലാക്കിയത്. മൂന്നുപേർ മാത്രം രണ്ടക്കം കടന്ന ലങ്കൻ നിരയിൽ എയ്ഞ്ചലോ മാത്യുസാണ്(43) ടോപ് സ്‌കോറർ. ധനഞ്ജയ ഡി സിൽവ (10), ഡിക്വെല്ല(21) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. ഇന്ത്യക്കു വേണ്ടി അശ്വിനും ഷാമിയും രണ്ടു വീതവും അക്‌സർ ഒരു വിക്കറ്റും വീഴ്ത്തി.
143 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയെ ബാറ്റർമാരുടെ സംഭാവനകളാണ് സ്‌കോർ 303 കടത്തിയത്. ആദ്യ ഇന്നിങ്‌സിലെ കേമൻ ശ്രേയസ് അയ്യർ (67) ഇത്തവണയും തിളങ്ങി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത പന്ത്(31 പന്തിൽ 50) കാണികൾക്ക് ടി20 പ്രതീതി സമ്മാനിച്ചെങ്കിലും 50 തികച്ച പാടെ മടങ്ങി. കോഹ്‌ലി (13) ഇത്തവണയും നിരാശപ്പെടുത്തി.
നായകൻ രോഹിത് (46) നിലയുറപ്പിച്ച് കളിച്ചെങ്കിലും ഡി സിൽവയുടെ ഓവറിൽ അനാവശ്യ ഷോട്ടടിച്ച് ബൗണ്ടറി ലൈനിൽ മാത്യൂസിന് പിടി നൽകി പുറത്തായി. ഹനുമ വിഹാരി (35), അഗർവാൾ(22), ജഡേജ(22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. വാലറ്റത്ത് മുഹമ്മദ് ഷാമി (8 പന്തിൽ 16) മികച്ച ഷോട്ടുകൾ പായിച്ചതും സ്‌കോർ 300 കടത്താൻ സഹായകമായി. ലങ്കയ്ക്കു വേണ്ടി പ്രവീൺ ജയവിക്രമ നാലും ലസിത് എംബുൽദെനിയ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."