ഒന്നര വർഷത്തിനു ശേഷം പ്രതിദിന കൊവിഡ് കേസുകൾ ആയിരത്തിൽ താഴെ , ഇന്നലെ 885 പേർക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയായി. ഇന്നലെ 885 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റ് മൂന്നിനാണ് ഒടുവിലായി ആയിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്തത്. പിന്നീടാണ് രണ്ടാം തരംഗം ഉണ്ടായത്. അതു ക്രമേണ വർധിച്ച് കഴിഞ്ഞ വർഷം മെയ് 12നു 43,529 വരെ ഉയർന്നു. പിന്നീട് കേസുകൾ വീണ്ടും കുറഞ്ഞു. കഴിഞ്ഞ ഡിസംബർ 27നു പ്രതിദിന കൊവിഡ് കേസുകൾ 1,636 വരെ ആയി കുറഞ്ഞു. എന്നാൽ ക്രിസ്മസും ന്യൂ ഇയറും കഴിഞ്ഞതോടെ കേസുകൾ വീണ്ടും കൂടി.
ഒമിക്രോണിന്റെ വ്യാപനം കൂടിയായതോടെ കേസുകളുടെ എണ്ണം കുതിച്ചുയരുകയും ജനുവരി ഒന്നോടെ മൂന്നാം തരംഗം ആരംഭിക്കുകയും ചെയ്തു. മൂന്നാം തരംഗത്തിൽ ഇക്കഴിഞ്ഞ ജനുവരി 25ലെ 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്. നിലവിൽ 8,846 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇന്നലെ 1,554 പേർ രോഗമുക്തി നേടി. ടി.പി.ആർ 4.17 ശതമാനമാണ്.
രണ്ടു മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 4 മരണങ്ങളും അപ്പീൽ നൽകിയ 9 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ മരണം 66,808 ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."