ഇ.ഡി മാതൃകയിൽ കേരളത്തിനും അന്വേഷണ ഏജൻസി തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും
സ്വന്തം ലേഖകൻ
തിരുവനന്തപുരം
കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് സമാനമായി കേരളത്തിനും അന്വേഷണ ഏജൻസി വരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനാണ് ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിങ് എന്ന പേരിൽ പുതിയ അന്വേഷണ ഏജൻസി വരുന്നത്. ധനവകുപ്പ് ഇതിന് അനുമതി നൽകി. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ചയ്ക്കെടുക്കും.
കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ഇ.ഡിയും കസ്റ്റംസും സംസ്ഥാനത്ത് അന്വേഷണം ഊർജിതമാക്കിയ സമയത്താണ് സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം വേണമെന്ന ആലോചനയിലെത്തിയത്. സംസ്ഥാന പൊലിസ് നൽകിയ ശുപാർശ വിവിധ ഘട്ടങ്ങളിലുള്ള ചർച്ചകൾക്ക് ശേഷമാണ് അന്തിമരൂപത്തിൽ എത്തിയത്.
കേന്ദ്രത്തിൽ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ പൊലിസ് സർവിസ്, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവിസ്, ഇന്ത്യൻ റവന്യൂ സർവിസ്, ഇന്ത്യൻ കോർപറേറ്റ് ലോ സർവിസ് എന്നിവയിലെ ഉദ്യോഗസ്ഥരുൾപ്പെടുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. കേന്ദ്രത്തിലേതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ റവന്യൂ വകുപ്പും ധനവകുപ്പും രണ്ട് സ്വതന്ത്ര വിഭാഗമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ ആഭ്യന്തര വകുപ്പിന്റെ കീഴിലായിരിക്കും ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിങ് പ്രവർത്തിക്കുക. പിന്നീട് ഇതിനെ സ്വതന്ത്ര വിഭാഗമാക്കി മാറ്റും.
ജില്ലാതലങ്ങളിൽ ഡി.വൈ.എസ്.പിമാർക്കും റെയ്ഞ്ച് അടിസ്ഥാനത്തിൽ എസ്.പിമാർക്കുമായിരിക്കും ചുമതല. പൊലിസ് ആസ്ഥാനത്ത് ഐ.ജിതലത്തിലുള്ള ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കും. അന്തർസംസ്ഥാന രാജ്യാന്തര ബന്ധമുള്ള കേസുകളും പുതിയ ഏജൻസി അന്വേഷിക്കും. സംസ്ഥാനത്ത് ഇ.ഡി ലക്ഷ്യമിട്ടേക്കാവുന്ന കേസുകളും പുതിയ ഏജൻസിക്ക് അന്വേഷിക്കാം.
കേന്ദ്രസർക്കാരിന് കീഴിലുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയരക്ടറേറ്റിന് വലിയ അധികാരമുണ്ട്. 1999ലെ വിദേശ വിനിമയ ചട്ടം, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇ.ഡിക്ക് കൈകാര്യം ചെയ്യാനാകുന്നത്. അതേസമയം, ഇത്തരം അധികാരങ്ങളൊന്നും ഇക്കണോമിക് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിങ്ങിനുണ്ടാകില്ല. ഇതിന് പ്രത്യേക നിയമനിർമാണവും കേന്ദ്രത്തിന്റെ അനുവാദവും വേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."