ഉന്നത വിദ്യാഭ്യാസം: സി.പി.എം നയംമാറ്റം സ്വകാര്യ, കൽപിത സർവകലാശാലകൾ തരപ്പെടുത്താൻ മാനേജ്‌മെന്റുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിൽ സി.പി.എം നയംമാറ്റം പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് സ്വകാര്യ, കൽപിത സർവകലാശാലകൾക്കായി അപേക്ഷകളുടെ കുത്തൊഴുക്ക്. പത്തിലധികം അപേക്ഷകളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. മാർ ഇവാനിയോസ്, ജെ.ഡി.ടി, രാജഗിരി തുടങ്ങിയ സ്ഥാപനങ്ങളും കൽപിത, സ്വകാര്യ സർവകലാശാലകൾക്കായി അപേക്ഷ നൽകി. യു.ജി.സി മാനദണ്ഡമനുസരിച്ച് കൽപിത സർവകലാശാല പദവിക്ക് അർഹതയുളള സ്ഥാപനങ്ങൾ അപേക്ഷ നൽകിയിരുന്നെങ്കിലും സർക്കാർ തീരുമാനമെടുത്തിരുന്നില്ല.
കൽപിത, സ്വകാര്യ സർവകലാശാലകൾ തുടങ്ങാനായാൽ ഉന്നത പഠനത്തിന് വിദ്യാർഥികൾ സംസ്ഥാനം വിടുന്നത് തടയാമെന്നാണ് മാനേജ്‌മെന്റുകൾ അറിയിച്ചിരിക്കുന്നത്. ഇതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാനായി ജനുവരിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സി.പി.എം നയംമാറ്റം പ്രഖ്യാപിച്ചത്.
സ്വന്തമായി സിലബസ് തീരുമാനിച്ച് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകാനുളള സ്വാതന്ത്ര്യമാണ് കൽപിത സർവകലാശാലകളുടെയും സ്വകാര്യ സർവകലാശാലകളുടെയും പ്രത്യേകത. യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുളള കോളജുകൾക്കാണ് കൽപിത സർവകലാശാല പദവി നൽകുക. സംസ്ഥാനങ്ങളിലെ നിയമമനുസരിച്ചാണ് സ്വകാര്യ സർവകലാശാലകൾ രൂപീകരിക്കുക. രണ്ടിടത്തും ഫീസ് അടക്കം പൂർണ സ്വാതന്ത്ര്യം മാനേജ്‌മെന്റുകൾക്കാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ നീതി എത്രമാത്രം ഉറപ്പാക്കാനാകുമെന്ന പ്രശ്നമുണ്ട്. നിയമനിർമാണം ഉൾപ്പെടെ ആവശ്യമായതിനാൽ കൂടുതൽ ചർച്ചകൾക്കു ശേഷമാകും അന്തിമ തീരുമാനം.
ഫീസും കോഴ്സ് ഘടനയും മറ്റും തീരുമാനിക്കാനുളള സ്വാതന്ത്ര്യം മാനേജ്‌മെന്റുകൾക്ക് നൽകുന്നുവെന്ന പേരിൽ കേന്ദ്ര വിദ്യാഭ്യാസ നയത്തിനെതിരേ എസ്.എഫ്.ഐയും മറ്റും പ്രതിഷേധം തുടരുമ്പോഴാണ് സമാന നയം മാറ്റം കേരളവും സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."