പഞ്ചാബ് നിയമസഭയിൽ 13 ഡോക്ടർമാർ 10 പേരും എ.എ.പിയിൽ നിന്ന്
ചണ്ഡിഗഢ്
പഞ്ചാബ് നിയമസഭാംഗങ്ങളിൽ 13 പേരും ഡോക്ടർമാർ. ഇതിൽ 10 പേരും എ.എ.പിയിൽ നിന്ന്. ഡൽഹിയിലും മറ്റും ആരോഗ്യ മേഖലയിൽ എ.എ.പി നടത്തിയ അടിസ്ഥാന സൗകര്യ വികസനം പഞ്ചാബിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി നേത്രരോഗ വിദഗ്ധനും എം.എൽ.എയുമായ ബൽജിത് കൗർ പറഞ്ഞു. 40,261 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബൽജിത് കൗർ ശിരോമണി അകാലിദളിന്റെ ഹർപീത് സിങ്ങിനെ തോൽപ്പിച്ചത്. രാഷ്ട്രീയത്തിൽ ഡോക്ടർമാരുടെ കടന്നുവരവ് ആരോഗ്യ മേഖലയിലെ ശാക്തീകരണത്തിന് സഹായകരമാകുമെന്ന് എം.എൽ.എമാരായ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. ഡോക്ടർമാരായ എം.എൽ.എമാരിൽ രണ്ട് വനിതകളുമുണ്ട്. മോഗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അമൻദീപ് കൗർ അറോറയും മാലൗതിൽ നിന്നുള്ള ബൽജിത് കൗറുമാണിവർ. കോൺഗ്രസ്, ശിരോമണി അകാലിദൾ, ബി.എസ്.പി പാർട്ടികളിൽ നിന്ന് ഒാരോ ഡോക്ടർമാർ സഭയിലെത്തിയിട്ടുണ്ട്. മൊഹല്ല ക്ലിനിക് മാതൃകയിൽ പൊതുജനാരോഗ്യത്തിന് പഞ്ചാബിലും പദ്ധതികൾ നടപ്പിലാക്കാനാണ് എ.എ.പിയുടെ ശ്രമം. പ്രമുഖ പഞ്ചാബി ഗായികയും കോൺഗ്രസ് നേതാവുമായ ശുഭ് ദീബ് സിങ് സിദ്ദുവിനെ തോൽപ്പിച്ചത് എ.എ.പിയിലെ ഡെന്റിസ്റ്റും 52കാരനുമായ വിജയ് സിംഗ്ലയാണ്. കോൺഗ്രസ് അംഗമായ ഡോ. രാജ് കുമാർ ഹോഷിയാപൂർ ജില്ലയിലെ ചബ്ബെവാലിൽ നിന്ന് ഇത്തവണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."