'സമത്വമില്ല, സ്ത്രീകളെ ബഹുമാനിക്കുന്നില്ല' തമിഴ്‌നാട് ബി.ജെ.പി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു
ചെന്നൈ: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തമിഴ്‌നാട് ബി.ജെ.പി നേതാവ് ഗായത്രി രഘുറാം പാര്‍ട്ടി വിട്ടു. ട്വിറ്ററിലൂടെയാണ് അവര്‍ രാജിക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ സമത്വമില്ലെന്നും സ്ത്രീകളോട് ബഹുമാനമില്ലെന്നും അവര്‍ തുറന്നടിച്ചു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഗായത്രി ചൂണ്ടിക്കാട്ടി.
'വളരെ പ്രയാസപ്പെട്ടാണ് രാജിവെക്കാനുള്ള തീരുമാനം എടുത്തത്. സ്ത്രീകള്‍ക്ക് തുല്യാവകാശവും ബഹുമാനവും നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം എടുത്തത്. അണ്ണാമലൈയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പുറത്തുനിന്നുള്ള ആളായി ട്രോളുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു' ഗായത്രി ട്വിറ്ററില്‍ കുറിച്ചു.
നവംബറിലാണ് ഗായത്രിയെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. പാര്‍ട്ടിയുടെ കള്‍ച്ചറല്‍ വിംഗിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് നടപടി. പാര്‍ട്ടിയുടെ ഒബിസി വിഭാഗം സംസ്ഥാന നേതാവ് സൂര്യശിവ ന്യൂനപക്ഷ വിഭാഗം നേതാവ് ഡെയ്‌സിയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന തമിഴ് സംഗമം പരിപാടിയിലേക്ക് ഗായത്രിയെ ക്ഷണിക്കാത്തതിനെ തുടര്‍ന്ന്
ട്വിറ്ററിലൂടെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗായത്രി രംഗത്തെത്തിയിരുന്നു.
നടിയും നര്‍ത്തകിയുമായ ഗായത്രി 2014ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. പ്രശസ്ത നൃത്ത സംവിധായകനായ രഘുറാമിന്റെ മകളാണ് ഗായത്രി. ചാര്‍ലി ചാപ്ലിന്‍,സ്‌റ്റൈല്‍,വയ് രാജാ വയ്,വികടന്‍ എന്നിവയാണ് ഗായത്രി അഭിനയിച്ച പ്രധാന സിനിമകള്‍. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ നായികയായും ഗായത്രി വേഷമിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."