പ്രളയഫണ്ട് വിതരണ ക്രമക്കേട്: കുറ്റക്കാരെ ശിക്ഷിക്കണം
ഇടതുമുന്നണി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയ്ക്കായി മുന്‍പോട്ടുവച്ച നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് രണ്ടു പ്രളയങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ഫണ്ട് വിതരണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ജോയിന്റ് ലാന്റ് റവന്യു കമ്മിഷണര്‍ ഡോ. എ കൗശിഗ് 14.84 കോടിയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രളയഫണ്ട് വിതരണം സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതാണ്. സി.പി.എം നേതാക്കള്‍ ഈ അഴിമതിയില്‍ പ്രധാന പങ്കുപറ്റിയിരുന്നു. നേതാക്കള്‍ അറസ്റ്റിലായപ്പോള്‍ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് മാത്രമായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ കൗശിഗിന്റെ റിപ്പോര്‍ട്ടില്‍ 14.84 കോടിയുടെ വന്‍ അഴിമതിയുടെ ചുരുളുകളാണ് അഴിഞ്ഞിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ വിതരണവുമായാണ് ഇത്രയും വലിയക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലാണ് ക്രമക്കേട് നടന്നത്. 10,46, 75,000 രൂപയുടെ നഷ്ടം ധനസഹായ വിതരണത്തില്‍ സര്‍ക്കാരിന് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനസഹായം നല്‍കിയ 2783 അക്കൗണ്ടുകളില്‍ 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നു പ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ട്രഷറിയിലെയും കലക്ടറേറ്റിലെയും രേഖകളും ലിസ്റ്റുകള്‍ നല്‍കിയ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററുകളിലെ രേഖകളും പരിശോധിച്ചപ്പോഴാണ് 14 .84 കോടിയുടെ നഷ്ടം കണ്ടെത്തിയത്. ട്രഷറിയില്‍നിന്നു കിട്ടിയ അക്കൗണ്ട് നമ്പറും തുക നല്‍കിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണെന്നും കൗശിഗിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതേക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അടിയന്തര അന്വേഷണത്തിനും കൗശിഗ് ശുപാര്‍ശ നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്.
ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും ചേര്‍ന്നാണ് തട്ടിപ്പുകളത്രയും നടത്തിയിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ എറണാകുളം കലക്ടറേറ്റിലെ സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദ്, സി.പി.എമ്മിന്റെ തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം അടക്കം ഏഴു പേരെയായിരുന്നു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. അറസ്റ്റിലായ സി.പി.എം നേതാക്കള്‍ക്കെതിരേ ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണ്. എറണാകുളം കലക്ടറേറ്റിലെ വിഷ്ണുപ്രസാദ്, മഹേഷ്, സി.പി.എം നേതാക്കളായ അന്‍വര്‍, നിധിന്‍, കൗലത്ത് എന്നിവരടക്കം ഏഴു പേര്‍ക്കെതിരേയായിരുന്നു കുറ്റപത്രം. പ്രളയ ദുരാതാശ്വാസ ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതികള്‍ക്കെതിരേ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാരിനെ വഞ്ചിച്ച് പ്രതികള്‍ ലാഭമുണ്ടാക്കിയെന്നും തട്ടിപ്പിലും ഗൂഢാലോചനകളിലും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും പങ്കാളികളാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തട്ടിപ്പു നടത്താന്‍ പ്രതികള്‍ കംപ്യൂട്ടര്‍ രേഖകളില്‍ കൃത്രിമം നടത്തി. ധനസഹായത്തിന് അര്‍ഹരായവരുടെ പേരുകള്‍ വെട്ടി, സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് ആ തുക വകമാറ്റി. തട്ടിയെടുത്ത തുകയില്‍ 10.58 ലക്ഷം രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വഞ്ചന, ഗൂഢാലോചന, പണം തട്ടല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. 1200 പേജ് വരുന്ന കുറ്റപത്രത്തില്‍ പറയുന്ന പ്രതികളെല്ലാം ഇതിനകം തന്നെ ജാമ്യത്തില്‍ ഇറങ്ങിയിട്ടുണ്ട്. കേസെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.
ഇതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. തട്ടിപ്പു കേസില്‍ പ്രതിയായിരുന്ന അയ്യനാട് സഹകരണ ബാങ്കിലെ ജീവനക്കാരന്‍ എം.എം അന്‍വറിനെ വെള്ളപൂശാനും ഇതിനിടെ ബാങ്ക് ഭരണസമിതി ശ്രമം നടത്തിയിരുന്നു. ബാങ്കിന്റെ പേരിലുള്ള അക്കൗണ്ടെന്ന് തെറ്റിദ്ധരിച്ചാണ് തൃക്കാക്കര ലോക്കല്‍ കമ്മിറ്റി അംഗമായ സി.പി.എം നേതാവ് എം.എം അന്‍വറിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നു പറഞ്ഞായിരുന്നു ബാങ്ക് ഭരണസമിതി അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇത്തരമൊരു കരണംമറിച്ചില്‍ ബാങ്ക് ഭരണസമിതിയില്‍നിന്നുണ്ടായത്. എന്നാല്‍ സഹകരണ ബാങ്കില്‍ നടത്തിയ തെളിവെടുപ്പില്‍ അന്‍വര്‍ പണം പിന്‍വലിക്കാന്‍ ഉപയോഗിച്ച വിത്ത്‌ഡ്രോവല്‍ സ്ലിപ്പുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഈ സ്ലിപ്പുകള്‍ ഉപയോഗിച്ച് അന്‍വര്‍ പ്രളയ ഫണ്ടില്‍നിന്നു പത്തരലക്ഷം രൂപയാണ് തട്ടിയെടുത്തത്.
ഗിരീഷ് ബാബുവിന്റെ പരാതിയില്‍ വിഷ്ണുപ്രസാദ് ഒഴികെയുള്ള സി.പി.എം നേതാക്കള്‍ക്കെല്ലാം ക്ലിന്‍ ചിറ്റ് നല്‍കുന്നതായിരുന്നു ആഭ്യന്തര വകുപ്പിന്റെ മറുപടി. കുറ്റകൃത്യത്തില്‍ എറണാകുളം കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കോ, മറ്റു ജീവനക്കാര്‍ക്കോ അയ്യനാട് സഹകരണ ബാങ്കിലെ പ്രസിഡന്റിനോ, ജീവനക്കാരനായ അന്‍വറിനോ പങ്കില്ലെന്നും ആഭ്യന്തര വകുപ്പിന്റെ മറുപടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അന്‍വര്‍, നിധിന്‍ അടക്കം ഏഴു പേര്‍ അറസ്റ്റിലായി.
ഉദ്യോഗസ്ഥരും സി.പി.എം നേതാക്കളും ചേര്‍ന്നു നടത്തിയ പ്രളയ ഫണ്ട് തട്ടിപ്പില്‍ നിന്നു സി.പി.എം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള വിഫല ശ്രമമാണ് ആഭ്യന്തര വകുപ്പ് നടത്തിയത്. കലക്ടര്‍ നടത്തിയ അന്വേഷണത്തിലും ജോയിന്റ് ലാന്റ് റവന്യു കമ്മിഷണര്‍ നടത്തിയ അന്വേഷണത്തിലും ഉദ്യോഗസ്ഥ - സി.പി.എം നേതാക്കള്‍ സംയുക്തമായി നടത്തിയ വെട്ടിപ്പ് വെളിച്ചത്തുവന്നതാണ്. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് ആഭ്യന്തര വകുപ്പ് വിഷ്ണുപ്രസാദ് ഒഴികെയുള്ള പ്രതികളെയെല്ലാം വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കിയത്.
സര്‍ക്കാര്‍ സദുദ്ദേശ്യത്തോടെ തുടങ്ങിയ പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണം സുഗമമായി നടത്താന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും തുകയില്‍ ഗണ്യമായ ഒരു ഭാഗം പങ്കിട്ടെടുക്കുകയായിരുന്നു. മാപ്പര്‍ഹിക്കാത്ത കുറ്റമാണിത്. ദുരിതബാധിതര്‍ക്ക് ദുരിതം മാത്രം ബാക്കി. തട്ടിപ്പുകാര്‍ക്കെതിരേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികളാണ് ഉണ്ടാകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."