തെരഞ്ഞെടുപ്പ് സര്‍വേകള്‍ പറയുന്നതും പറയാത്തതും
മലയാളത്തില്‍ മൂന്ന് ചാനലുകള്‍ ഇതിനകം പ്രീപോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തിറക്കി കഴിഞ്ഞു. ഈയാഴ്ച്ച നാലാമതൊരു ചാനലിന്റെ സര്‍വേ ഫലവും വരാനിരിക്കുന്നു. ഇനി വേറെ മാധ്യമങ്ങളും വരുംനാളുകളില്‍ തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചു എന്നും വരാം.
ഇതുവരെ വന്ന മൂന്നു സര്‍വേകളും ഒരേപോലെ എത്തുന്ന ഒരു നിഗമനം ഇത്തവണ കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും എന്നതാണ്. ഏഷ്യാനെറ്റും 24 ന്യൂസും മീഡിയ വണ്‍ ചാനലും നടത്തിയ സര്‍വേകളില്‍ വിശദാംശങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്തുന്ന ഒരു ഘടകം നിലവിലെ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച സംബന്ധിച്ച കണ്ടെത്തലാണ്.
ഇത് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ചാനലുകള്‍ തന്നെയും തങ്ങളുടെ ഫലങ്ങള്‍ പുറത്തുവിടുന്ന വേളയിലും അതിനുശേഷം പ്രൈം ടൈം ചര്‍ച്ചകളിലും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളും വിവാദങ്ങളും അഭിപ്രായഭിന്നതകളും ചര്‍ച്ചയ്ക്കു വിഷയമാക്കിയിട്ടുണ്ട്. ഈ ലേഖകന്‍ മൂന്നു ചാനലുകളിലും ഇതു സംബന്ധിച്ച് എനിക്കുള്ള അഭിപ്രായങ്ങളും സംശയങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. തങ്ങള്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മട്ടില്‍ ഭിന്നാഭിപ്രായങ്ങളെ മതില്‍ കെട്ടി മറയ്ക്കാന്‍ അവരാരും തയാറായിട്ടുമില്ല. തങ്ങളുടെ നിഗമനങ്ങള്‍ പൊതുസമൂഹ പരിശോധനക്കു വിധേയമാക്കേണ്ടതാണ് എന്ന് അവരും കരുതുന്നുണ്ട് എന്ന് സങ്കല്‍പിക്കണം. അതിനാല്‍ ഈ സര്‍വേകള്‍ വ്യാജമായ ഒരു പൊതുബോധ നിര്‍മിതിക്കായി ബന്ധപ്പെട്ട ചാനല്‍ മുതലാളിമാരും അവരുടെ ആശ്രിതന്മാരായ പത്രാധിപന്മാരും കരുതിക്കൂട്ടി പടച്ചെടുത്ത ഒരു തട്ടിക്കൂട്ട് പരിപാടിയാണ് എന്ന സാമൂഹികമാധ്യമങ്ങളില്‍ കാണുന്ന പ്രചാരണത്തിനു അടിസ്ഥാനമില്ല എന്നുതന്നെ പറയണം.
എന്നാല്‍ ഇതുവരെ പുറത്തുവന്ന സര്‍വേകള്‍ പറയുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുമായി എത്രമാത്രം ബന്ധമുണ്ട്? ജനങ്ങളുടെ യാഥാര്‍ഥ അഭിപ്രായങ്ങളെ അവ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? കൃത്യമായ ജനവികാരം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പിനു മുന്‍പുള്ള നാളുകളില്‍ ഒരു സര്‍വേ സാധ്യമാണോ എന്ന വിഷയവും ഇത്തരുണത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്.
ആദ്യമായി ചില വസ്തുതകള്‍. ഇന്ത്യയില്‍ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് കാലങ്ങളില്‍ പല മാധ്യമസ്ഥാപനങ്ങളും അഭിപ്രായസര്‍വേ കമ്പനികളുമായി കൂടിച്ചേര്‍ന്നു നൂറുകണക്കിന് സര്‍വേകള്‍ നടത്തിയിട്ടുണ്ട്. അവയില്‍ വളരെ പരിമിതമായ സര്‍വേകള്‍ മാത്രമാണ് വസ്തുനിഷ്ഠമെന്ന് പിന്നീട് വോട്ട് എണ്ണിയശേഷം ബോധ്യമായത്. ദേശീയ - അന്തര്‍ദേശീയ തലത്തില്‍ വലിയ പേരും പ്രശസ്തിയും അംഗീകാരവുമുള്ള പല കൊമ്പന്മാരും ഈ വേദിയില്‍ മലര്‍ന്നടിച്ചു വീണതായാണ് ചരിത്രവും അനുഭവവും. അതേസമയം അപൂര്‍വം ചില സര്‍വേകള്‍ ജനവികാരം കൃത്യമായി പ്രതിഫലിപ്പിച്ച അനുഭവമുണ്ട്. അതിനു സഹായകമായത് വളരെ ശാസ്ത്രീയവും കൃത്യമായ ഇടവേളകളില്‍ നടത്തിയതുമായ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളും ചോദ്യങ്ങളുടെ സ്വഭാവവുമാണ്. നേരിട്ട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം തന്നെയാണോ വക്താവിന്റെ മനസ്സിലുള്ളത് എന്നറിയാന്‍ അതേ വിഷയം മറ്റുതരത്തില്‍ വീണ്ടുമാവര്‍ത്തിക്കുന്നതും ഉത്തരങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ കണക്കിലെടുക്കുന്നതും അടങ്ങിയ സൂക്ഷ്മതല പ്രവര്‍ത്തനങ്ങളാണ്. അത് ഒരു സര്‍വേയില്‍ ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ല. പലപ്പോഴും ഇടവിട്ട വേളകളില്‍ ഒന്നിലേറെ തവണ നടത്തുന്ന സര്‍വേകളില്‍ നിന്നാണ് കൃത്യമായ ഒരു ധാരണ നിര്‍ധാരണം ചെയ്യപ്പെടുന്നത്. അതിനു വലിയ അധ്വാനവും പണച്ചെലവുമുണ്ടെന്നു പറയേണ്ടതില്ല. അപൂര്‍വം മാധ്യമസ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇന്ന് കേരളത്തില്‍ അതിനുള്ള ധനശേഷിയുള്ളത്. ജീവനക്കാരന് നേരെ ചൊവ്വേ കൂലി കൊടുക്കാന്‍ പോലും തയാറില്ലാത്ത മാധ്യമ മാനേജ്‌മെന്റുകള്‍ ജനഹിതം തയാറാക്കുന്ന സര്‍വേകളില്‍ കൃത്യത പുലര്‍ത്താനായി പണം ചെലവിടും എന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി എന്ന മട്ടിലുള്ള ഒരു സര്‍വാണി പരിപാടിയാണ് പല മാധ്യമങ്ങളിലും നടന്നത് എന്നുതന്നെ ചിന്തിക്കേണ്ടി വരും. അതുതന്നെയാവാം കൊമ്പനു പിന്നാലെ മോഴയും എന്നമട്ടില്‍ ദൃശ്യമാധ്യമ രംഗത്തു മലയാളത്തിലെ കൊമ്പനാനയായ ഏഷ്യാനെറ്റിന്റെ സര്‍വേയെ പിന്‍പറ്റി മറ്റുകൂട്ടരും നിഗമനങ്ങളിലേക്കു എത്തിയതിന്റെ ഒരു കാരണം.
രണ്ടാമത്തെ പ്രശ്‌നം, ഇതുവരെ നടന്ന സര്‍വേകള്‍ സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാകുന്നതിനു മുന്‍പ് നടത്തിയതാണ് എന്നതാണ്. എങ്ങനെയാണ് സ്ഥാനാര്‍ഥിയെ അറിയാതെ ഒരു സാധാരണ വോട്ടര്‍ക്ക് എന്തെങ്കിലും നിഗമനത്തില്‍ എത്താനാവുന്നത്? പാര്‍ട്ടി വോട്ടര്‍മാര്‍ എന്ന വിഭാഗത്തിനു അതു സാധ്യമാകും. അക്കൂട്ടരുടെ പ്രാധാന്യം ഇപ്പോള്‍ മിക്ക മണ്ഡലങ്ങളിലും കുറഞ്ഞുവരികയാണ്. ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ഞങ്ങള്‍ ജയിക്കും എന്നൊക്കെ അവകാശപ്പെടാന്‍ ഇന്നാര്‍ക്കു ധൈര്യം വരും? അപ്പോള്‍ ജനങ്ങളുടെ അഭിപ്രായത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് ഇതുവരെയുള്ള സര്‍വേകളുടെ നില്‍പ്പെന്നു വരുന്നു.
മൂന്നാമതൊരു പ്രശ്‌നം, ചോദ്യങ്ങളുടെ സ്വഭാവവും അവയില്‍ അടങ്ങിയ ഗുപ്തമായ സൂചനകളുമാണ്. ഇക്കാര്യത്തില്‍ ഇതുവരെ വന്ന സര്‍വേകള്‍ ചില ഗുരുതരമായ പിഴവുകള്‍ വരുത്തിയിട്ടുണ്ട് എന്നുതന്നെ പറയണം. ഉദാഹരണത്തിന് സ്ഥാനാര്‍ഥികള്‍ ആരെന്ന് പോലും കൃത്യമായി നിശ്ചയമില്ലാത്ത സമയത്തു മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു. എല്ലാ ചാനലുകളിലും മഹാഭൂരിപക്ഷവും പിണറായി വിജയന്‍ എന്ന ഉത്തരം നല്‍കുന്നു. ഒരു ചാനലില്‍ ഉമ്മന്‍ ചാണ്ടിയുടെ ഏതാണ്ട് ഇരട്ടിയോളം പിന്തുണയാണ് പിണറായിക്കു വോട്ടര്‍മാര്‍ നല്‍കുന്നത്. അതേസമയം സീറ്റുകളുടെ കാര്യത്തില്‍ അങ്ങനെയൊരു തരംഗ പിന്തുണ കാണാനുമില്ല. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ സീറ്റുകളിലും പിന്തുണയുടെ ശതമാനത്തിലുമുള്ള വ്യത്യാസം നാമമാത്രമാണ് താനും. എന്നിട്ടും എന്തേ പിണറായി ഇങ്ങനെ സകലമാന ജനങ്ങള്‍ക്കും വേണ്ടപ്പെട്ടവനായി മാറുന്നു?
അതിനു പ്രയോഗിച്ചത്, തന്ത്രമെന്നോ കുതന്ത്രമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു സമീപനരീതിയാണ്. ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യത്തിന് പിണറായി വിജയന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.കെ ശൈലജ, ശശി തരൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിങ്ങനെയാണ് ചിലര്‍ ചോദ്യങ്ങള്‍ തയാറാക്കിയത്. ഒരു ചാനലില്‍ കേട്ട വിശദീകരണം തങ്ങള്‍ ഒരു പേരും അങ്ങോട്ടു നിര്‍ദേശിക്കുകയുണ്ടായില്ല എന്നാണ്. ഏതാണ്ട് 15,000 പേരെയാണ് അവര്‍ ഇന്റര്‍വ്യൂ ചെയ്തതത്രെ. എന്നിട്ടും ഇക്കണ്ട ജനത്തില്‍ ആരും ഇടതുപക്ഷത്തു വേറെയൊരാളെ ആ സ്ഥാനത്തിനു യോഗ്യതയുള്ളതായി കണ്ടെത്തിയില്ല. അത്ഭുതം തന്നെ. കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി ഭരിക്കട്ടെ എന്നു കാല്‍നൂറ്റാണ്ടു മുന്‍പ് മുദ്രാവാക്യം മുഴങ്ങിക്കേട്ടതാണ്. എന്നിട്ടും കെ.കെ ശൈലജയെപ്പോലും ആരും അവിടെ യോഗ്യയായി കണ്ടെത്തിയില്ല!
അതൊക്കെയിരിക്കട്ടെ. ജനങ്ങള്‍ എപ്പോഴാണ് ആരെ പിന്തുണക്കണം എന്ന് അന്തിമമായി തീരുമാനിക്കുന്നത്? പ്രചാരണം അതിന്റെ അന്ത്യഘട്ടത്തിലേക്കു പ്രവേശിക്കുമ്പോള്‍ സാധാരണക്കാരെ സംബന്ധിച്ചു ഏകദേശം ഒരു ചിത്രം മനസ്സില്‍ രൂപപ്പെടും. അതിനു ഇനിയും രണ്ടാഴ്ച്ചയിലേറെ കിടക്കുന്നു. കഴിഞ്ഞ ആഴ്ചകളില്‍ ഉയര്‍ന്നുവന്ന പ്രധാന വിഷയങ്ങള്‍ പല നിലയിലും ആളുകളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട് എന്നുള്ള സൂചനയും ഇപ്പോള്‍ വന്ന സര്‍വേകളിലുണ്ട്. ഉദാഹരണത്തിന്, ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ പ്രധാനമാണ് എന്ന് അമ്പതു ശതമാനത്തിലേറെ ആളുകള്‍ തെക്കന്‍ ജില്ലകളില്‍ അഭിപ്രായപ്പെട്ടതായാണ് ഒരു സര്‍വേയില്‍ കണ്ടത്. പി.എസ്.സിയെ നോക്കുകുത്തിയാക്കിയതും അഴിമതിയും പൊലിസ് അത്യാചാരങ്ങളും പ്രശ്‌നമെന്നു പറയുന്നവരുടെ സംഖ്യ കൂട്ടിനോക്കിയാല്‍ ശതമാനക്കണക്കില്‍ അറുപതും അതിലധികവും വരും. എന്നിട്ടും അവരൊക്കെ ഇടതുഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും മുക്തകണ്ഠം പിന്തുണ നല്‍കുകയുമാണ്. ഇതെന്തൊരു മറിമായമാണ്? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന് പണ്ട് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞതു തന്നെയാണ് ഓര്‍മയില്‍ വരുന്നത്. ഇത്തവണ പി.ആര്‍.ഡിയില്‍ നിന്നും കിഫ്ബി എന്ന അക്ഷയ ഖനിയില്‍ നിന്നുമായി 500 കോടിയിലധികം രൂപ പരസ്യപ്രചാരണത്തിനായി ഈ സര്‍ക്കാര്‍ അതിന്റെ അന്ത്യ നാളുകളില്‍ ചെലവഴിച്ചു എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ ആവോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."