രണ്ടാക്കും വിധം മതിലുകള്‍ ഉയരില്ല; 40 വര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് വായ്പ എടുക്കുമ്പോള്‍ 40 വര്‍ഷംവരെ തിരിച്ചടവിന് സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
40 വര്‍ഷംകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന വികസിക്കുമെന്നു തിരിച്ചറിയാതെയാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത്.വരുന്ന നാല്‍പതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ വലിയ സാമ്പത്തിക വളര്‍ച്ചയാണ് വരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ വായ്പയെടുക്കുന്നതില്‍ തകരാറില്ല. സംസ്ഥാനത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി പദ്ധതി നടപ്പാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി മുറിക്കും എന്ന വാദത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. നിലവിലുള്ള റോഡുകള്‍ നിലനിര്‍ത്താന്‍ അടിപ്പാതകളോ മേല്‍പാലങ്ങളോ നിര്‍മിക്കും. പാത മുറിച്ചുകടക്കാന്‍ അഞ്ഞൂറ് മീറ്റര്‍ ഇടവിട്ട് പാത നിര്‍മിക്കും. റെയില്‍ പാതയോടനുബന്ധിച്ച് രണ്ടാള്‍ പൊക്കത്തിലുള്ള മതില്‍ ഉയരുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. വീടും വസ്തുവും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതി വന്നാല്‍ പശ്ചിമഘട്ടം തകരുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. കേരളത്തിലെ ക്വാറികള്‍ പശ്ചിമഘട്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്. സില്‍വര്‍ലൈന്‍ പാതയിലെ തുരങ്കങ്ങളില്‍നിന്നു ലഭിക്കുന്ന മണ്ണും പാറയും പദ്ധതിക്കായിതന്നെ ഉപയോഗിക്കാനാകും. പരിസ്ഥിതി ദുര്‍ബലമായ വനമേഖലയിലൂടെയും കടല്‍ത്തീരത്തിലൂടെയും സില്‍വര്‍ലൈന്‍ കടന്നുപോകുന്നില്ല. മാടായിപാറയുടെ അടിയിലൂടെ തുരങ്കത്തിലാണ് പാത. പാടങ്ങള്‍ക്കു മുകളില്‍ മേല്‍പ്പാലത്തിലൂടെയാണു പാത നിര്‍മിക്കുക. പരിസ്ഥിതിയെ തകര്‍ക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
സില്‍വര്‍ലൈന്‍ നെല്‍വയലുകള്‍ക്കോ ദേശാടനപ്പക്ഷികള്‍ക്കോ കുഴപ്പമുണ്ടാക്കില്ല. പദ്ധതിവന്നാല്‍ 2.8 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും.
സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം എതിര്‍ത്തിട്ടുണ്ട്. എതിര്‍പ്പുണ്ട് എന്നതുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. ദേശീയപാതാ വികസനം, ഗെയ്ല്‍ പൈപ്പ് ലൈന്‍, പവര്‍ ഹൈവേ, കെ ഫോണ്‍ തുടങ്ങി എതിര്‍പ്പുകള്‍ നേരിട്ട് യാതാര്‍ഥ്യമാക്കുന്ന പദ്ധതികള്‍ മുഖ്യമന്ത്രി അക്കമിട്ടു നിരത്തി. ഇതും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. പദ്ധതി റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രമേയം ശബ്ദവോട്ടോടെ തള്ളിയതായി സ്പീക്കര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."