HOME
DETAILS
MAL
അസംതൃപ്തരായ നിരവധി നേതാക്കള്‍ ഉടന്‍ കോണ്‍ഗ്രസ് വിടും: പി.സി ചാക്കോ
backup
March 19 2021 | 04:03 AM
നെടുമ്പാശ്ശേരി: അസംതൃപ്തരമായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്നും അവര്‍ വൈകാതെ പാര്‍ട്ടി വിടുമെന്നും കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലെത്തിയ പി.സി ചാക്കോ. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എന്നാല്‍ ആരൊക്കെയാണ് കോണ്‍ഗ്രസ് വിടാന്‍ തയാറായിനില്‍ക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. കോണ്‍ഗ്രസ് വിടാന്‍പോകുന്ന സമുന്നതരായ നേതാക്കള്‍തന്നെ ഇക്കാര്യം പറയുമെന്നും ആരുടെയും ചുവടുപിടിച്ചല്ല അവരുടെ തീരുമാനമെന്നും ചാക്കോ പറഞ്ഞു.
ഓരോ അഞ്ചുവര്‍ഷവും ഭരണം മാറുന്ന അവസ്ഥയ്ക്ക് ഇത്തവണ കേരളത്തില്‍ മാറ്റമുണ്ടാകും. എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും. കോണ്‍ഗ്രസ് ഔദ്യോഗിക പ്രതിപക്ഷപദവി നേടാന്‍ പ്രയാസപ്പെടും.
സോളാര്‍ കേസില്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ട അവസ്ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സൃഷ്ടിച്ചയാളാണ് ഉമ്മന്‍ ചാണ്ടി. ആ ഉമ്മന്‍ ചാണ്ടിയെയാണ് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കോണ്‍ഗ്രസിന്റെ ദുര്യോഗമാണ് വെളിപ്പെടുത്തുന്നത്.
ഇന്ന് പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലത്തിലെ പൊതുയോഗത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത് എല്‍.ഡി.എഫിനുവേണ്ടിയുള്ള പ്രചാരണത്തിന് തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാക്കോയ്ക്ക് വിമാനത്താവളത്തില്‍ എന്‍.സി.പി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
എന്‍.സി.പി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി, ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുല്‍ അസീസ്, കെ.എം കുഞ്ഞുമോന്‍ എന്നിവരുടൈ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."