HOME
DETAILS
MAL
കാലിക്കറ്റിനു കീഴിലെ അറബിക് കോളജുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം, നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായേക്കും
backup
March 19 2021 | 04:03 AM
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അറബിക് കോളജുകളും നിര്‍ത്തലാക്കാനുള്ള നീക്കം പുരോഗമിക്കുന്നു. ഇതിനായുള്ള സിന്‍ഡിക്കേറ്റ് നോട്ട് തയാറാക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇതോടെ അറബിക് കോളജുകള്‍ നിര്‍ത്തലാക്കാനുള്ള നടപടികള്‍ക്ക് നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമാവും.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അറബിക് കോളജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ച് സ്റ്റാറ്റിയൂട്ട് ഭേദഗതി ചര്‍ച്ചക്കെടുക്കുന്നതിന്റെ ഭാഗമായാണ് അറബിക് കോളജുകള്‍ നിര്‍ത്തലാക്കുക എന്ന പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്.
അറബിഭാഷയുടെയും അനുബന്ധ വിജ്ഞാനീയങ്ങളുടെയും പ്രോത്സാഹനാര്‍ഥം തുടങ്ങിയവയാണ് സര്‍വകലാശാലയ്ക്ക് കീഴിലെ അറബിക് കോളജുകള്‍. അഫ്‌സലുല്‍ ഉലമ, എം.എ പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അഫ്‌സലുല്‍ ഉലമ പ്രിലിമിനറി എന്നീ കോഴ്‌സുകളാണ് ഈ കോളജുകളില്‍ പഠിപ്പിക്കുന്നത്.
കോളജുകള്‍ നിര്‍ത്തലാക്കുന്നതോടെ കേരളത്തില്‍ അറബി ഭാഷയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്ത ഈ കോഴ്‌സുകള്‍ ചരിത്രത്തിന്റെ ഭാഗമാകും.
നേരത്തെ അഫ്‌സലുല്‍ ഉലമ കോഴ്‌സുകള്‍ തുടരാന്‍ അനുവദിച്ചു കൊണ്ട് അറബിക് കോളജുകളുടെ തനിമ നിലനിര്‍ത്തി പുതുതലമുറ കോഴ്‌സുകള്‍ കൂടി അനുവദിക്കാന്‍ 2014 ല്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. അതിനനുസൃതമായി സ്റ്റാറ്റിയൂട്ട് ഭേദഗതിയും തയാറാക്കിയിരുന്നു. എന്നാല്‍ സ്റ്റാറ്റിയൂട്ട് ഭേദഗതി വേണ്ടെന്നും അറബി കോളജുകള്‍ നിര്‍ത്തലാക്കി പകരം ഇതര കോളജുകള്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് പുതിയ നിര്‍ദ്ദേശം. ഇതോടെ അറബിക് ഭാഷാ പുരോഗതിക്കുള്ള ഈ സ്ഥാപനങ്ങള്‍ റദ്ദാക്കപ്പെടും. എന്നാല്‍ ഇപ്പോള്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കും.
അതേസമയം അധ്യാപകരുടെ ഭാവിയെക്കുറിച്ച് സിന്‍ഡിക്കേറ്റ് നോട്ടില്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ല. സിന്‍ഡിക്കേറ്റ് നീക്കം മലബാറിലെ അറബിക് ഭാഷാ പഠന സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അറബിഭാഷാ പഠനത്തിനു മാത്രമായി വഖഫ് ചെയ്ത സ്വത്തുവകകള്‍ ഉള്ള പല കോളജുകളും ഇക്കൂട്ടത്തിലുണ്ട്.
നിലവില്‍ എട്ടു കോളജുകളാണ് സര്‍വകലാശാലയ്ക്കു കീഴില്‍ ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."