ഇലന്തൂര്‍ നരബലിക്കേസ്: പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്നായിരുന്നു ലൈലയുടെ ആവശ്യം. പത്മ, റോസ് ലിന്‍ എന്നിവരെ നരബലി ചെയ്ത കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ലൈല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വെട്ടിനുറുക്കി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു.
നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."