HOME
DETAILS

സോണിയ, രാഹുൽ, പ്രിയങ്ക പിന്നെ കെ.സി വേണുഗോപാലും

  
backup
March 15 2022 | 05:03 AM

jacob-george-2022-3-15


അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്നെയും നിലംപരിശായി.കുറെ കാലമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേരിടുന്ന പരാജയപരമ്പരയിൽ അവസാനത്തേത്. ഇന്ത്യൻ സ്വാതന്ത്ര്യസമരം നയിച്ച പാർട്ടി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, ലാൽ ബഹദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, ഡോ. മൻമോഹൻ സിങ് എന്നിങ്ങനെ പ്രഗത്ഭരും പ്രമുഖരുമായ നേതാക്കളെ രാജ്യത്തിനു സംഭാവന ചെയ്ത പാർട്ടി, അങ്ങേയറ്റം സുതാര്യമായ ജനാധിപത്യത്തിനും കളങ്കമേതുമില്ലാത്ത മതേതര മൂല്യങ്ങൾക്കും വലിയ വില കൽപ്പിച്ച പാർട്ടി - അതെ, ആ കോൺഗ്രസ് ഇന്ന് ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉത്തർപ്രദേശിൽ വീണ്ടും ഭരണത്തിലെത്തിയ ബി.ജെ.പി 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം പിന്നിടുകയും ചെയ്തിരിക്കുന്നു. കേന്ദ്രഭരണം പിടിച്ചടക്കുന്നതിന്റെ ആദ്യപടി 403 സീറ്റുള്ള യു.പി നിയമസഭ പിടിച്ചടക്കുക എന്നതാണെന്ന് എല്ലാ രാഷ്ട്രീയകക്ഷികൾക്കുമറിയാം.
രണ്ടുതവണ കേന്ദ്രഭരണം പിടിച്ചെടുക്കാൻ കോൺഗ്രസിനു സമർഥമായ നേതൃത്വം നൽകിയ നേതാവെന്ന നിലയ്ക്ക് സോണിയാഗാന്ധിക്ക് കോൺഗ്രസ് ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. 2004ലും 2009ലും രാജ്യം ഭരിച്ചത് കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ ആണ്. യു.പി.എയ്ക്ക് ശക്തിപകരാൻ ഇടതുപക്ഷത്തിന്റെ കൂട്ട് വേണമെന്നു കണ്ടപ്പോൾ അതിനും തയാറായി സോണിയ. സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിതുമായി വ്യക്തിപരമായൊരടുപ്പമുണ്ടാക്കാനും സോണിയയ്ക്കു കഴിഞ്ഞു. ഒന്നാം യു.പി.എ സർക്കാരിനു വഴികാട്ടിയായത് ആ അടുത്ത ബന്ധമായിരുന്നു.
സോണിയയ്ക്കു പ്രായമായി, രോഗത്തിന് അടിപ്പെടുകയും ചെയ്തു. പാർട്ടി നേതൃത്വം രാഹുൽഗാന്ധിയുടെ കൈയിലെത്തിയെങ്കിലും അദ്ദേഹം പൂർണമായും നേതാവായിട്ടില്ല. പാർട്ടി നേതൃത്വം എപ്പോഴും നെഹ്‌റു കുടുംബത്തിനായിരിക്കണമെന്ന അലിഖിത സിദ്ധാന്തമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോഹണത്തിനു പിന്നിൽ. രാഹുൽ ഗാന്ധി ഏറെ ഗുണങ്ങളുള്ള യുവാവാണ്. ലാളിത്യമാണു മുഖമുദ്ര. അധികാരക്കൊതി തീരെയില്ല. ആർഭാടമോ ഗർവോ രാഹുൽ ഗാന്ധിക്കില്ല. ഏതു സ്ഥാനത്തിനും യോഗ്യനെന്നു പറയാം. പക്ഷേ ഇന്ത്യ ഭരിക്കാനൊരുങ്ങുന്ന ഒരു രാഷ്ട്രീയ നേതാവിന് അതിന് തക്ക നേതൃഗുണമുണ്ടാവണം. രാജ്യത്തെക്കുറിച്ചു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടാവണം. ഭരണം കൈയിൽ കിട്ടിയാൽ നടപ്പിലാക്കാൻ വിശദമായൊരു കാര്യപരിപാടിയുണ്ടാവണം. ചുരുക്കത്തിൽ നേതാവിന് നിലപാടുണ്ടായിരിക്കണം. ആ നിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയണം. ഇതിന്റെയൊക്കെ രത്‌നചുരുക്കം രാഷ്ട്രീയം എന്ന ഒറ്റവാക്കിൽ ഒതുക്കിനിർത്താം. നേതാവിന് രാഷ്ട്രീയം വേണം. രാഷ്ട്രീയബോധം വേണം. രാഷ്ട്രീയ നിലപാടു വേണം. രാഷ്ട്രീയമായ കാഴ്ചപ്പാടു വേണം. രാഹുൽഗാന്ധിക്ക് വ്യക്തമായൊരു രാഷ്ട്രീയചിന്തയുണ്ടോ? ഇന്ത്യൻ ജനാധിപത്യത്തിനും രാജ്യത്തിന്റെ മതേതര സ്വത്വത്തിനു തന്നെയും രൂപവും ആത്മാവും നൽകിയ ജവഹർലാൽ നെഹ്‌റുവിനെ മനസ്സിൽവച്ചു കൊണ്ടുതന്നെയാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വ്യക്തിത്വത്തെ വിലയിരുത്താൻ ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോ അങ്ങനെ എടുത്തുപറയത്തക്ക ധിഷണാശേഷിയോ കാഴ്ചപ്പാടോ ഉണ്ടെന്നു പറയാനാവില്ല. പക്ഷേ ശക്തമായൊരു ജാതി-മത വേർതിരിവിന്റെ കൊമ്പത്താണ് അവരുടെ ഇരിപ്പെന്നോർക്കണം. 80:20 എന്ന അനുപാതക്കണക്ക് നിലവിലുള്ളിടത്തോളം കാലം തങ്ങൾക്കെന്തു പേടിക്കാൻ എന്നാണ് തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്ന വേളയിൽ യോഗി ജനങ്ങളോടു ചോദിച്ചത്. സംസ്ഥാനത്ത് 80 ശതമാനം ജനങ്ങളും ഹിന്ദുക്കളായിരിക്കെ 20 ശതമാനം വരുന്ന മുസ്‌ലിം സമുദായം ഒരു ഭീഷണിയേ അല്ലെന്നു സൂചന. ഇതിനു ശക്തമായൊരു മറുപടി പറയാൻ രാഹുൽ ഗാന്ധിക്കോ കോൺഗ്രസിനോ കഴിഞ്ഞില്ല. ബി.ജെ.പി അഴിച്ചുവിട്ട പ്രചാരണത്തെയും തെരഞ്ഞെടുപ്പു തന്ത്രങ്ങളെയും ചെറുത്തുതോൽപ്പിക്കുന്നതിലും കോൺഗ്രസ് പരാജയപ്പെട്ടു. ബദൽ പ്രചാരണം നടത്താനും പുതിയ തെരഞ്ഞെടുപ്പു തന്ത്രങ്ങൾ ഉണ്ടാക്കാനും കഴിഞ്ഞതുമില്ല. ഇതൊക്കെ കാട്ടുന്നത് പാർട്ടി നേതൃത്വത്തിന്റെ പാപ്പരത്തത്തെയാണ്. ശത്രുവിന്റെ ശക്തിയെ നേരിടാൻ തക്കശേഷി കോൺഗ്രസിനില്ലാതെ പോയെന്നർഥം. നേതൃത്വം ദുർബലമായത് ഈ തെരഞ്ഞെടുപ്പിനു മുമ്പല്ലെന്നുമോർക്കണം. തുടരെയുണ്ടായ പരാജയങ്ങളിൽനിന്നു കോൺഗ്രസ് ഒരു പാഠവും പഠിച്ചില്ല. നേതൃത്വത്തിൽ ഒരു മാറ്റവും വരുത്തിയില്ല. പുതിയ പരിപാടികളുണ്ടാക്കിയില്ല. ജനങ്ങളുടെ ആശയും ആവേശവുമായി മാറാൻ കോൺഗ്രസിനു കഴിഞ്ഞില്ല.
കോൺഗ്രസിനുണ്ടായിരുന്ന സ്വാധീനം ബി.ജെ.പിക്കു പുറമെ പ്രതിപക്ഷത്തെ മറ്റു കക്ഷികളും കൈയടക്കിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിൽ ഉറച്ചവേരുകളുള്ള കക്ഷിയായിരുന്നു കോൺഗ്രസ്. പക്ഷേ അവിടെ ആം ആദ്മി പാർട്ടി പിടിമുറുക്കിയിരിക്കുന്നു. പുറന്തള്ളപ്പെട്ടത് കോൺഗ്രസ്. മുഖ്യമന്ത്രി അമരീന്ദർ സിങ് വലിയ പ്രശ്‌നങ്ങളില്ലാതെ അവിടെ ഭരണം നടത്തുകയായിരുന്നു. നവ്ജ്യോത് സിങ് സിദ്ദുവിന്റെ നിർബന്ധത്തിനു വഴങ്ങി കോൺഗ്രസ് നേതൃത്വം ധൃതിപിടിച്ച് അമരീന്ദർ സിങ്ങിനെ മാറ്റി. പിന്നീട് മുഖ്യമന്ത്രിയായത് ചരൺജിത് സിങ് ചന്നി. സിദ്ദുവും ചന്നിയുമായി വഴക്കായി. ഈ വഴക്കും ബഹളവുമൊക്കെ ഒതുക്കിയെന്നു വരുത്തിയാണ് കോൺഗ്രസ് തെഞ്ഞെടുപ്പിനിറങ്ങിയത്. പക്ഷേ ജനങ്ങൾ കോൺഗ്രസിനെ കൈവിട്ടു.
മുമ്പൊക്കെ കോൺഗ്രസ് ശോഷിച്ച ഇടങ്ങളിൽ ബി.ജെ.പിയാണു ഭരണത്തിലെത്തിയത്. പക്ഷേ പഞ്ചാബിലെ ജനങ്ങൾ ബി.ജെ.പിയെ അടുപ്പിച്ചതേയില്ല. പകരം വരവേറ്റത് ആംആദ്മി പാർട്ടിയെ. കർഷക സമരത്തിന്റെ തീക്ഷ്ണതയും സമരത്തിന് കോൺഗ്രസ് സർക്കാർ നൽകിയ പൂർണ പിന്തുണയും പാർട്ടിയെ രക്ഷിക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിച്ചത്.പക്ഷേ കോൺഗ്രസിലെ തമ്മിലടിയും നേതൃത്വത്തിന്റെ ദൗർബല്യവും ജനങ്ങൾക്കിഷ്ടപ്പെട്ടില്ല. കോൺഗ്രസിന്റെ വാഗ്ദാനങ്ങളിൽ അവർ വിശ്വാസമർപ്പിച്ചില്ല. നവ്ജ്യോത് സിങ് സിദ്ദുവിനെപ്പോലെ അപക്വമതിയായൊരു നേതാവിനെ അംഗീകരിക്കാൻ ജനങ്ങൾ തയാറായില്ല. അമരീന്ദർ സിങ്ങിനുപകരം കോൺഗ്രസ് അവതരിപ്പിച്ച മുഖ്യമന്ത്രി ചന്നിയെ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ജനങ്ങൾ തോൽപ്പിക്കുകയും ചെയ്തു.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരേ പ്രതിപക്ഷകക്ഷികളുടെ ഒരുനിര കെട്ടിപ്പടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളുടെ ദയനീയമായ പരാജയം കൂടിയായി അഞ്ചു സംസ്ഥാന നിയമസഭകളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പ്. യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ശക്തമായി നിലയുറപ്പിച്ച സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കുകയായിരുന്നു കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം. യു.പിയിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് പ്രിയങ്കയായിരുന്നു.അവിടെ ഒറ്റയ്ക്കു മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. സമാജ് വാദി പാർട്ടിയുമായി കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു അവിടെ കോൺഗ്രസിനു മുന്നിലെ പ്രായോഗിക വഴി. എന്നാൽ കോൺഗ്രസ് അതിനു തയാറായില്ല. ഒറ്റയ്ക്കുനിന്നു കരുത്തു തെളിയിക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസിനു കിട്ടിയതു കനത്ത തിരിച്ചടി.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരേ ഒരു പ്രതിപക്ഷ ചേരിക്കു നേതൃത്വം കൊടുക്കാനുള്ള അവസരമാണ് കോൺഗ്രസിനു നഷ്ടമായിരിക്കുന്നത്. ഇനിയിപ്പോൾ ഭരണത്തിലുള്ളത് രണ്ടേ രണ്ടു സംസ്ഥാനം മാത്രം - രാജസ്ഥാനും ഛത്തിസ്ഗഡും. മഹാരാഷ്ട്രയിൽ എൻ.സി.പിയുടെയും തമിഴ്‌നാട്ടിൽ ഡി.എം.കെയുടെയും കനിവിൽ ഭരണപങ്കാളിയായി കഴിയുന്നുവെന്നു മാത്രം.ദേശീയ പ്രതിപക്ഷത്തിന്റെ നേതൃത്വം കോൺഗ്രസ് തന്നെ വഹിക്കണമെന്ന് ഇപ്പോഴും വാദിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് എൻ.സി.പി നേതാവ് ശരത് പവാർ. പക്ഷേ കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പോലും ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസമർപ്പിക്കുന്നില്ല.കപിൽ സിബൽ, ഗുലാം നബി ആസാദ്, മനീഷ് തിവാരി, ആനന്ദ് ശർമ എന്നിങ്ങനെ ഇടഞ്ഞുനിൽക്കുന്ന ഗ്രൂപ്പ്-23 എന്ന 23 അംഗ സംഘം ഉയർത്തുന്ന ആവശ്യം തന്നെ നേതൃമാറ്റമാണ്.
തെരഞ്ഞെടുപ്പു പരാജയത്തെപ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ഞായറാഴ്ചത്തെ പ്രവർത്തക സമിതിയോഗത്തിനും ഭാവിയിലേക്കു വിരൽചൂണ്ടുന്ന എന്തെങ്കിലും തീരുമാനമെടുക്കാനായില്ല. നെഹ്‌റു കുടുംബം തന്നെയാണു കോൺഗ്രസിന്റെ നേതൃത്വം വഹിക്കേണ്ടതെന്നു വാദിക്കുന്നവരാണ് പ്രവർത്തക സമിതിയിൽ അധികവും. 23 അംഗസംഘം ഉയർത്തുന്ന തിരുത്തൽവാദവും നേതൃമാറ്റവാദവും ശക്തമാവുന്നുണ്ടെങ്കിലും അതിനു വഴിപ്പെടാൻ നേതൃത്വം തയാറാവുമെന്നതിനു സൂചനയേതുമില്ല. പ്രവർത്തക സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും നെഹ്‌റു കുടുംബത്തിനു ജയ് വിളിച്ചുകൊണ്ടു നിൽക്കുമ്പോൾ തിരുത്തൽവാദത്തിനു വീര്യം കുറയുകയും ചെയ്യും. 23 അംഗസംഘം ഉയർത്തുന്ന വാദം രാഷ്ട്രീയമായി ശരിയാണെങ്കിലും പ്രായോഗികത തീരെയില്ലെന്ന പ്രശ്‌നം അതിനുണ്ടുതാനും. ദേശീയതലത്തിൽ ശ്രദ്ധയാർജിക്കാൻ കഴിവുള്ള നേതാക്കളാരും ഇക്കൂട്ടത്തിലില്ല. പ്രത്യേകം പ്രത്യേകമായെടുത്താൽ ഓരോരുത്തരും മികവുള്ളവർ തന്നെയെങ്കിലും കോൺഗ്രസ് എന്ന വലിയ സംഘടനയുടെ ഭാഗമായി നിന്നാൽ മാത്രമേ അവർക്കൊക്കെയും പ്രസക്തിയുള്ളൂ. മുമ്പ് ഇന്ദിരാഗാന്ധി കോൺഗ്രസ് പിളർത്തി പാർട്ടി തന്നെ സ്വന്തമാക്കിയതു പോലെ ഒരു പിളർപ്പ് ആസൂത്രണം ചെയ്യാനുള്ള ശേഷി ആർക്കുമില്ല താനും. പ്രഗത്ഭരായ ഇവരെയൊക്കെ മാറ്റിനിർത്തി കെ.സി വേണുഗോപാലിനെ ഉന്നത സ്ഥാനത്തിരുത്തിയതും വിമർശിക്കപ്പെടുന്നു. പരാജയത്തിനുത്തരവാദിയായ നേതൃത്വത്തിന്റെ ഭാഗമായിരിക്കുന്നു വേണുഗോപാൽ.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ നയിച്ച കോൺഗ്രസ്, രാജ്യത്ത് ഐക്യവും മതസൗഹാർദവും കെട്ടിപ്പടുത്ത കോൺഗ്രസ് ഇന്ന് തികഞ്ഞ പതനത്തിലേയ്ക്കു കൂപ്പുകുത്തുകയാണ്. ആരുണ്ട് കോൺഗ്രസിനെ രക്ഷിക്കാൻ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ വ്യാപക പരിശോധന; 33 അനധികൃത തൊഴിലാളികളെ പിടികൂടി, 152 പേരെ നാടുകടത്തി

bahrain
  •  2 months ago
No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago