ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റായിരുന്നോ പിണറായി: എം.ടി രമേശിന്റെ പ്രസ്താവന കള്ളമെന്നു രേഖ
കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റായിരുന്നത് പിണറായി വിജയനോ? കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് എം.ടി രമേശാണ് കാസര്‍കോട്ടെ ഉദുമയില്‍ കെ.ജി മാരാര്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയന് എന്ന് പ്രസ്താവിച്ചത്. എന്നാലിത് പച്ചക്കള്ളമാണെന്നു നിയമസഭാ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
1977ല്‍ പിണറായി വിജയന് മറ്റൊരു മണ്ഡലമായ കൂത്തുപറമ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതാവട്ടെ ഇടതു മുന്നണിയുടെ എം.എല്‍.എയായി. ഇതേ സമയം കെ.ജി മാരാര്‍ മത്സരിച്ചത് ഉദുമയിലായിരുന്നുവെങ്കിലും അദ്ദേഹം മത്സരിച്ചത് ജനസംഘത്തിനായി ഭാരതീയ ലോക്ദള്‍ ടിക്കറ്റിലായിരുന്നു. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്ക് മറ്റൊരു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്റാകാന്‍ കഴിയുമോ? ഇതു സംഭവിച്ചിട്ടില്ലെന്നതാണ് സത്യമെന്ന് നിയമസഭാരേഖകള്‍ വ്യക്തമാക്കുന്നു. മാത്രവുമല്ല 1980ല്‍ രൂപീകരിക്കപ്പെട്ട ബി.ജെ.പി എങ്ങനെയാണ് മൂന്നു വര്‍ഷം മുമ്പു നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന ചോദ്യവും പ്രസക്തമാകുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 77ലെ തെരഞ്ഞെടുപ്പില്‍ പിണറായി കൂത്തുപറമ്പില്‍ നിന്ന് ജയിച്ചു. പരാജയപ്പെടുത്തിയത് ആര്.എസ്.പിയുടെ അബ്ദുല്‍ ഖാദറിനെയായിരുന്നു. 4,401 വോട്ടായിരുന്നു ഭൂരിപക്ഷം.
ഉദുമയില്‍ ജനസംഘത്തിനായി ഭാരതീയ ലോക്ദള്‍ ടിക്കറ്റിലാണ് കെ.ജി.മാരാര്‍ മത്സരിച്ചത്. കലപ്പയേന്തിയ കര്‍ഷകനായിരുന്നു ചിഹ്നം. സ്വതന്ത്രന് എന്‍.കെ ബാലകൃഷ്ണനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 3,545 വോട്ടായിരുന്നു ഭൂരിപക്ഷം. എം.ടി രമേശ് പറഞ്ഞത് അന്ന് ബി.ജെ.പി സി.പി.എമ്മുമായി സഖ്യമുണ്ടാക്കി എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."