മലയാളത്തിന് മരണമണിയോ?
ഇടത് മുന്നണിയുടെ അഞ്ചു വര്‍ഷത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മൂലം പൊതുവിദ്യാലയങ്ങളില്‍ 6.8 ലക്ഷം വിദ്യാര്‍ഥികള്‍ വര്‍ധിച്ചെന്ന സര്‍ക്കാരിന്റെ അവകാശവാദം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. അതിന്റെ നിജസ്ഥിതി എന്തു തന്നെയാകട്ടെ, സര്‍ക്കാര്‍ അവകാശപ്പെടുന്ന ഈ ഉണര്‍വിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നുകൂടി ആലോചിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം ധാരാളം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂളുകള്‍ രംഗത്തുവന്നതോടെയാണ് പൊതുവിദ്യാഭ്യാസത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചു കാര്യമായ ആലോചനകള്‍ ഉയര്‍ന്നുവന്നത്.
ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്‌കൂള്‍ പഠനത്തിന് ആളുകള്‍ മുന്നോട്ടുവരാന്‍ കാരണം ഗുണമേന്മയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ തെറ്റായ ധാരണയാണെന്നാണ് പൊതുവെ പറയാറുള്ളത്. മിഥ്യാഭിമാനത്തെയും പൊങ്ങച്ചത്തെയുമൊക്കെ നാം കൂട്ടുപ്രതികളാക്കുന്നു. വാണിജ്യ ലോബിയുടെ സ്വാധീനവും കാരണമായി പറയപ്പെടുന്നു. മലയാളം മാധ്യമത്തില്‍ പഠിക്കാന്‍ കുട്ടികളെ വിടുന്നത് അവരുടെ ഭാവിയെക്കൊണ്ട് പന്താടുന്ന ഏര്‍പ്പാടാണെന്ന് പലരും കരുതുന്നുമുണ്ട്. ഇപ്പറഞ്ഞതിലൊക്കെ ശരിയുണ്ടാവാം. കൊളോണിയല്‍ ദാസ്യ മനോഭാവമാവാം നമ്മുടെ ഇംഗ്ലീഷ് ഭ്രമത്തിനു കാരണം എന്നതും സമ്മതിക്കാം. എന്നാല്‍ അതിന്റെയൊക്കെയൊപ്പം സംസ്ഥാന സിലബസ് പിന്തുടരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങളുടേയും അക്കാദമിക് നിലവാരത്തിന്റേയും ഗുണമേന്മയില്ലായ്മയും സി.ബി.എസ്.ഇ സ്‌കൂളുകളിലേക്ക് രക്ഷിതാക്കള്‍ തിരിയാന്‍ കാരണങ്ങളായിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളും സ്വകാര്യ എയ്ഡഡ് സ്‌കൂളുകളും ഒരേ തോണിയിലായിരുന്നു. ഇന്‍ഫ്രാസ്ട്രക്ചറിലെ ദൗര്‍ബല്യങ്ങള്‍, അധ്യാപകരുടെ താല്‍പര്യമില്ലായ്മ, സംഘടനാ പ്രവര്‍ത്തനങ്ങളുടെ അതിപ്രസരം, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയൊക്കെക്കൂടി ചേര്‍ന്ന് പൊതുവിദ്യാലയങ്ങളെ അനാകര്‍ഷകവും അസ്വീകാര്യവുമാക്കിയിരുന്ന സാഹചര്യത്തിലാണ് താരതമ്യേന പഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്ന സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് രക്ഷിതാക്കള്‍ കുട്ടികളെ അയക്കാന്‍ തുടങ്ങിയത്. ഗള്‍ഫ് പണം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ച സാമ്പത്തിക മുന്നേറ്റം, നാട്ടില്‍ത്തന്നെ രൂപപ്പെട്ട മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍, കേരളീയ സമൂഹത്തിലുണ്ടായിരുന്ന പലതരം തുറവികള്‍ - ഇവയെല്ലാം മധ്യവര്‍ഗക്കാരില്‍ സൃഷ്ടിച്ച ഉത്ക്കര്‍ഷേച്ഛയും വ്യാജാഭിമാനങ്ങളും കൂടിയായപ്പോള്‍ വലിയ ഫീസ് കൊടുത്തു പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പ്രവേശനത്തിനുവേണ്ടി അവര്‍ പരക്കം പായാന്‍ തുടങ്ങി. വിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രസരിപ്പിച്ച സന്ദേശങ്ങള്‍ ഈ പ്രവണതയെ ദുര്‍ബലപ്പെടുത്തിയെന്നത് നേരാണ്. അതിന്റെ പ്രതിഫലനമാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഉണര്‍വ്. എങ്കിലും മധ്യവര്‍ഗവും ഉപരിവര്‍ഗവും ഇപ്പോഴും പല കാരണങ്ങളാലും പൊതുവിദ്യാഭ്യാസത്തോട് ഇഷ്ടം കാട്ടുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയാണ് പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടുവെങ്കില്‍ അതിനു പിന്നിലെ എടുത്തുപറയേണ്ട പ്രേരണ.
ആര്‍ക്കാണ് ഗുണം?
പൊതുവിദ്യാഭ്യാസം ശക്തിപ്പെട്ടെന്ന സര്‍ക്കാര്‍ വാദം സമ്മതിച്ചാല്‍ത്തന്നെയും അതിന്റെ മുഴുവന്‍ ഗുണഫലങ്ങളും പൊതുമേഖലയ്ക്കാണെന്ന് പറയാന്‍ പറ്റുകയില്ല. ശക്തമായ സാമ്പത്തികാടിത്തറയോട് കൂടിയ സ്വകാര്യ മാനേജ്‌മെന്റുകള്‍ കേരളത്തിലുണ്ട്. ഈ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്‌കൂളുകള്‍ ഒട്ടുമുക്കാലും മികച്ചവയാണ്. അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളെ നിരാകരിച്ചു സര്‍ക്കാര്‍ സിലബസനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് മറ്റൊരു തരത്തില്‍ സ്വകാര്യമേഖലക്ക് ഗുണകരമായി ഭവിച്ചേക്കും. മറ്റൊരര്‍ഥത്തില്‍ അത് വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തേക്കും. സി.ബി.എസ്.ഇ സിലബസ് വിട്ടു സ്റ്റേറ്റ് സിലബസിലേക്കുള്ള കുട്ടികളുടെ വരവ് സ്വകാര്യ വിദ്യാഭ്യാസത്തെ തീര്‍ത്തും പരാജയപ്പെടുത്തുന്ന വിപ്ലവമാണെന്ന് കരുതിക്കൂടാ. സര്‍ക്കാര്‍ മുന്‍കൈകളിലെ ലൂപ് ഹോളുകളിലൂടെ കച്ചവട താല്‍പര്യങ്ങള്‍ നുഴഞ്ഞുകയറുന്നുണ്ട് പലപ്പോഴും. പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെക്കുറിച്ചുള്ള വിജയഭേരിക്കിടയില്‍ ഈ വശം നാം കാണാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു.
മറ്റൊരു വിഷയം പൊതുവിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിലൂടെ വിദ്യാഭ്യാസരംഗത്തുണ്ടായ സാംസ്‌ക്കാരിക വ്യതിയാനങ്ങളുടെ കാര്യമാണ്. കേരളത്തിലെ സ്‌കൂള്‍ കരിക്കുലം പുരോഗമനാത്മകമായ പല പരിവര്‍ത്തനങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. അതിന്റെ ഫലമായി വിദ്യാഭ്യാസത്തിന്റെ ഊന്നലില്‍ മാറ്റമുണ്ടായിട്ടുണ്ട്. സി.ബി.എസ്.ഇയില്‍ നിന്ന് ഇറങ്ങിപ്പോന്നു സ്റ്റേറ്റ് സിലബസിലേക്ക് കയറിച്ചെല്ലുന്ന വിദ്യാര്‍ഥി ഇത് അനുഭവിച്ചറിയുന്നു എന്നാണ് നമ്മുടെ അഭിമാനം. അതില്‍ എടുത്തുപറയാവുന്ന കാര്യമാണ് മാതൃഭാഷയിലൂടെയുള്ള പഠനം വഴി സമാര്‍ജിക്കുന്ന ജീവിതവീക്ഷണം. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ മാതൃഭാഷയിലല്ല അധ്യയനം. പൊതുവിദ്യാഭ്യാസത്തിലേക്ക് തിരിയുമ്പോള്‍ മാതൃഭാഷാ മാധ്യമത്തിലൂടെ പഠനം നടത്താനാവുന്നു എന്നും അത് കൃത്യമായ ഒരു പൊളിച്ചെഴുത്താണ് എന്നുമാണ് നമ്മുടെ അഭിമാനം.
മലയാളം എത്രത്തോളം
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുന്നതോടെ മലയാളത്തിന്ന് പ്രാമുഖ്യം കൈവരും എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനത്തിനാണ് കൂടുതല്‍ പേരും താല്‍പര്യപ്പെടുന്നത്. അതിനെ ബലപ്പെടുത്തുന്ന രീതിയിലാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത്. ഇതിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കാലക്രമേണ ഇംഗ്ലീഷ് മേല്‍ക്കൈ നേടുന്ന തരത്തിലായിരുന്നു വിദ്യാഭ്യാസ പരിഷ്‌കരണം എന്ന് ബോധ്യപ്പെടും. കേരളപ്പിറവിയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന 2006 ല്‍ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നാലാം ക്ലാസ് വരെ അധ്യയനം മലയാളത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ അത് പ്രായോഗികമില്ലന്നാണ് വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍ക്കാരിനെ ഉപദേശിച്ചത്. അതനുസരിച്ച് അധ്യയന മാധ്യമം മലയാളത്തിലായിരിക്കണമെന്ന ആശയം നിരാകരിക്കപ്പെട്ടു. ഒത്തുതീര്‍പ്പെന്ന നിലയിലായിരിക്കണം നാലാം ക്ലാസ് വരെ എല്ലാ സ്‌കൂളിലും വിദ്യാര്‍ഥിയുടെ മാതൃഭാഷ പഠിപ്പിക്കണമെന്ന് അനുശാസിച്ചു. മലയാളം ഐക്യവേദിയുടേയും മറ്റും ആഭിമുഖ്യത്തില്‍ മലയാളത്തിനുവേണ്ടി നിരന്തരം പ്രക്ഷോഭങ്ങള്‍ നടന്നു. നിരാഹാര സത്യഗ്രഹങ്ങള്‍ പോലുമുണ്ടായി. പക്ഷേ ഫലത്തില്‍ ഇംഗ്ലീഷിനോടുള്ള ഭ്രമത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന് മാത്രമല്ല, കൂടുതല്‍ താല്‍പര്യമുണ്ടായതുമില്ല. ഇപ്പോള്‍ കൂടുതല്‍ ആംഗലവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ് സംസ്ഥാനം എന്നതാണ് വാസ്തവം.
സി.ബി.എസ്.ഇ സ്‌കൂളുകളിലേക്കുള്ള ഒഴുക്ക് തടയുന്നതിനായി നാം കണ്ടെത്തിയ എളുപ്പവഴിയാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ഏര്‍പ്പെടുത്തുക എന്നത്. ഇതുകൊണ്ടുണ്ടായത് മാതൃഭാഷയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം അപ്പാടെ തകരുക എന്നതാണ്, മലയാളം മാധ്യമത്തെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു. കുട്ടികള്‍ ഏറിയകൂറും ഇംഗ്ലീഷ് മീഡിയം സ്വീകരിച്ചു. സ്‌കൂള്‍ അധികൃതരും അധ്യാപകരും അതിനു കൂട്ടുനിന്നു. നിയമപ്രകാരം ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നതിനു പല പരിമിതികളുമുണ്ട്, രണ്ട് മലയാളം ഡിവിഷനുകളുണ്ടെങ്കില്‍ മാത്രമേ ഇംഗ്ലീഷ് ഡിവിഷന്‍ ആരംഭിക്കാവൂ എന്നാണ് നിയമം. ഇപ്പോള്‍ സംഭവിക്കുന്നത് കണക്കുകളനുസരിച്ച് മലയാളം ഡിവിഷനും കാര്യത്തില്‍ ഇംഗ്ലീഷ് ഡിവിഷനും എന്ന സ്ഥിതിയാണ്. ഈ കള്ളക്കളിക്ക് അധ്യാപകരും വിദ്യാഭ്യാസ വകുപ്പും ഒത്താശ ചെയ്യുന്നു. പക്ഷേ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുമ്പോള്‍ കള്ളി പൊളിയുന്നു. ചോദ്യക്കടലാസുകള്‍ ഇംഗ്ലീഷില്‍ കൂടുതലായി ആവശ്യം വരുന്നു. കണക്കനുസരിച്ച് അത്രയും കൊടുക്കാന്‍ വകുപ്പില്ല. ഇത് വിവാദമായപ്പോള്‍ പല കുറുക്കുവഴികളും പ്രയോഗിച്ച് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശരിയായ കണക്കുകളനുസരിച്ചു തന്നെ കഴിഞ്ഞ വര്‍ഷം 47.65 ശതമാനം പേര്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷയെഴുതിയത്. 2001 ല്‍ ഇത് 6.91 ശതമാനമായിരുന്നു എന്നോര്‍ക്കുക. കാലക്രമേണ ഇത് നൂറു ശതമാനമാവും. അപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണത്തില്‍ മലയാളം എന്ന ഘടകം എത്രത്തോളമുണ്ട് എന്നതിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.
ആരാണ് ഇപ്പോള്‍ ശരിക്കും മലയാളം ഡിവിഷനുകളില്‍ പഠിക്കുന്നത്? ഒരു സംശയവും വേണ്ട പഠന വൈകല്യമുള്ള കുട്ടികള്‍, ബുദ്ധിപരമായി പ്രയാസപ്പെടുന്ന, പഠനം മുന്നോട്ടുകൊണ്ടുപോവാന്‍ ശേഷിയില്ലാത്ത കുട്ടികള്‍, ആദിവാസികള്‍, ഇതരസംസ്ഥാനത്തൊഴിലാളികളുടെ കുട്ടികള്‍ ഒപ്പം അപൂര്‍വം ചില ഭാഷാസ്‌നേഹികളും. ഇവരില്‍ ആദിവാസികള്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും മലയാളം മാതൃഭാഷയല്ല താനും. മലയാളത്തില്‍ തന്നെ പഠിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ ഇവര്‍ക്കിടയില്‍ പെട്ടു ഞെരുങ്ങുകയാണ്. മാത്രമല്ല ഈ മലയാളം ക്ലാസുകള്‍ പൊതുവെ അവഗണിക്കപ്പെടുകയും ചെയ്യുന്നു, ഉഴപ്പന്മാരായ അധ്യാപകര്‍ ഈ മലയാളം ഡിവിഷനുകളൂടെ ചുമതലയേറ്റെടുത്ത് കൈ നനയാതെ മീന്‍ പിടിക്കുന്നുമുണ്ട്. ഈ അവശ വിഭാഗങ്ങളെ ആര്‍ക്കു വേണം.
പൊതുവിദ്യാഭ്യാസത്തിന്റെ വഴിയിലൂടെയുള്ള ഈ മാതൃഭാഷാ പ്രോത്സാഹനത്തിന്റെ യഥാര്‍ഥ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിനറിയാം, വിദ്യാഭ്യാസ അധികൃതര്‍ക്കറിയാം, അധ്യാപക സംഘടനകള്‍ക്കറിയാം, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കറിയാം, സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ക്കറിയാം. എല്ലാവരും കണ്ണടച്ചിരുട്ടാക്കുന്നു എന്നതാണ് ദുഃഖകരം.
ആത്മാര്‍ഥതയുണ്ടോ?
മാതൃഭാഷക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയമാണ് മുന്‍പന്തിയില്‍. ശാസ്ത്രസാഹിത്യ പരിഷത്തും മറ്റും ആത്മാര്‍ഥമായി പരിശ്രമിക്കുന്നുമുണ്ട്. പ്രമുഖരായ പല എഴുത്തുകാരും മലയാളം ഐക്യവേദിയുമായി സഹകരിക്കുകയും അവരുടെ പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പക്ഷേ അവരില്‍ എത്ര പേര്‍ തങ്ങളുടെ കുട്ടികളെയോ പേരക്കുട്ടികളെയോ മാതൃഭാഷാ മാധ്യമത്തില്‍ പഠിപ്പിച്ചു എന്നൊരു കണക്കെടുക്കുന്നത് നല്ലതാണ്. അപ്പോഴാണ് പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തിന്റെ യഥാര്‍ഥ ചിത്രം വെളിപ്പെടുക. ഇപ്പോഴത്തെ നിലയില്‍ മാതൃഭാഷാ പഠനത്തിനു രണ്ടാം തരം പൗരത്വമേയുള്ളൂ. പൊതുവിദ്യാഭ്യാസത്തിന്നകത്തായാലും പുറത്തായാലും. പൊതുവിദ്യാഭ്യാസരംഗത്ത് കുട്ടികള്‍ വര്‍ധിച്ചെന്ന കണക്ക് നേരായാലും നുണയായാലും മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അതൊരു വെളുത്ത നുണയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."