ബേഡകത്ത് സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല
കുറ്റിക്കോല്‍ (കാസര്‍കോട്) : ബേഡകത്തെ സി.പി.എമ്മില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. മുതിര്‍ന്ന നേതാവും മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമായ പി.ഗോപാലന്‍ മാസ്റ്റുടെ നേതൃത്വത്തില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നതോടെ കെട്ടടങ്ങിയെന്ന് കരുതിയ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് ഇന്നലെ കൃഷ്ണപിള്ള ദിനാചരണത്തില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ തെളിയിക്കുന്നത്.
കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സി.പി.എം ഏരിയാ സെക്രട്ടറി പതാക ഉയര്‍ത്തേണ്ട കൊടിമരത്തില്‍ ബ്രാഞ്ചു സെക്രട്ടറി നേരത്തെയെത്തി പതാക ഉയര്‍ത്തി. ഇതേ തുടര്‍ന്ന് ഏറെനേരം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഏരിയാ സെക്രട്ടറിയും പ്രവര്‍ത്തകരും മടങ്ങിപ്പോയി ലോക്കല്‍ കമ്മറ്റി ഓഫിസിനു മുന്നില്‍ പതാക ഉയര്‍ത്തി. അതിനിടെ ബേഡകത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി പ്രവര്‍ത്തകര്‍ കൃഷ്ണപിള്ള അനുസ്മരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്നതും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ആറുമണിയോടെ പ്രകടനമായി വന്ന് പതാക ഉയര്‍ത്താനായിരുന്നു സി.പി.എം നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം. എന്നാല്‍ അതിനു മുമ്പ് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകരെത്തി പതാക ഉയര്‍ത്തുകയായിരുന്നു. സംഭവം കണ്ട ചില സി.പി.എം പ്രാദേശിക നേതാക്കള്‍ തടയാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. ഔദ്യോഗിക നേതൃത്വത്തോട് അതൃപ്തിയുള്ളവരും എന്നാല്‍ സി.പി.ഐയില്‍ ചേരാന്‍ തയ്യാറല്ലാത്തവരുമാണ് അതിരാവിലെയെത്തി പതാക ഉയര്‍ത്തിയതെന്നാണ് സൂചന. ഏറെ വര്‍ഷങ്ങളായി ഇവിടെ സി.പി.എമ്മില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. 2014 ല്‍ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും വെവ്വേറെയാണ് കൃഷ്ണപിള്ള ദിനം ആചരിച്ചത്. സി.പി.ഐ ഇത്തവണ ബേഡകത്ത് അഞ്ചിടത്തായി കൃഷ്ണപിള്ള അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സി.പി.ഐയില്‍ ചേര്‍ന്ന പി.ഗോപാലന്‍ മാസ്റ്റര്‍ നെല്ലിത്താവ് കാഞ്ഞാനടുക്കത്ത് പതാക ഉയര്‍ത്തി.
ചുള്ളിക്കരയിലും സി.പി.എം പ്രവര്‍ത്തകര്‍
പാര്‍ട്ടി വിടാനൊരുങ്ങുന്നു
രാജപുരം: ബേഡകത്തെ സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതിനു പിന്നാലെ പനത്തടി ഏരിയയില്‍പ്പെട്ട ചുള്ളിക്കരയിലും സി.പി.എം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരേ നീങ്ങുന്നു. ഇവിടെ ഇരുപതോളം പ്രവര്‍ത്തകര്‍ വിമതരായി മാറിയത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് ചുളളിക്കര ടൗണില്‍ സി.പി.എം ഭരിക്കുന്ന കോടോം - ബേളൂര്‍ പഞ്ചായത്ത് ഭരണസമിതിക്കേതിരേ ഇവരുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തിയത് ഏറെ വിവാദമായിരുന്നു. ചുള്ളിക്കര ടൗണ്‍ വികസനം, തൂങ്ങല്‍ കോളനി റോഡ് വികസനം എന്നിവയില്‍ പാര്‍ട്ടിയും ഭരണസമിതിയും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിലും അവഗണനയിലും പ്രതിഷേധിച്ചാണ് തീരുമാനം.
തീരുമാനത്തെ തുടര്‍ന്ന് ചുളളിക്കര ബ്രാഞ്ച് സെക്രട്ടറി ജോസ് പനക്കച്ചാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വികസനത്തിന് സാവകാശം ആവശ്യപ്പെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ നല്‍കിയ അവധിക്കുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സി.പി.ഐയില്‍ ചേരാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."