ബി.ജെ.പി സര്‍വ സന്നാഹവും പയറ്റുന്ന ബംഗാള്‍
കൊല്‍ക്കത്ത: പന്തുകളി, സാഹിത്യം, കമ്യൂണിസം, ന്യൂനപക്ഷജനസഖ്യ എന്നിങ്ങനെ പലനിലയ്ക്കും കേരളവുമായി സാമ്യതയുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ദേശീയതലത്തില്‍ മോദി സര്‍ക്കാരിനോട് നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചാണ് വംഗനാട്ടിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതെന്ന് പോലെ ഇത്തവണയും ബി.ജെ.പിയും തൃണമൂലും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഏറെക്കുറേ കാഴ്ചക്കാരുടെ റോളിലാണ് കോണ്‍ഗ്രസും ഇടതുപക്ഷവും. കേരളത്തില്‍ പരസ്പര ശത്രുക്കളായതിനാല്‍ ഇരുകക്ഷികള്‍ക്കും ഒന്നിച്ചുനില്‍ക്കാന്‍ തലക്കനം അനുവദിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലേത് പോലെത്തന്നെ വികസനത്തിനപ്പുറം വര്‍ഗീയപ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് പ്രധാനമായും ബി.ജെ.പിയുള്ളത്.
രണ്ടരകോടിയാണ് ബംഗാളിലെ മുസ് ലിം ജനത. ഇതാകട്ടെ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനത്തിനടുത്ത് വരും. ഒരുകാലത്ത് കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും വോട്ട് ബാങ്കുകളായിരുന്ന മുസ് ലിംകള്‍ സാവകാശം മമതയില്‍ വിശ്വാസം രേഖപ്പെടുത്തുകയായിരുന്നു. സ്ഥാനാര്‍ഥികളില്‍ കാര്യമായ മുസ് ലിം പ്രാതിനിധ്യവും മമത പരിഗണിച്ചു.
നിലവില്‍ കോണ്‍ഗ്രസിന്റെ രണ്ടേ രണ്ട് സിറ്റിങ് സീറ്റുകളിലൊന്നായ ബര്‍ഹാംപൂരില്‍ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവായ ആധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ നിര്‍ത്തിയതാകട്ടെ മുന്‍ ക്രിക്കറ്റ് താരം യൂസുഫ് പത്താനെയാണ്. പേരിന് തൃണമൂല്‍ ഇന്‍ഡ്യ സഖ്യത്തില്‍ ഉണ്ടെങ്കിലും ബംഗാളില്‍ അവര്‍ തനിച്ചാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസുമായുള്ള തൃണമൂലിന്റെ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍കൂടിയായ ആധിര്‍ രഞ്ജന്‍ ചൗധരിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ദേശീയതലത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതും ആധിര്‍ ആണെന്ന് മമത വിശ്വസിക്കുന്നതിനാലാകണം അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ പത്താനെ ഏല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബര്‍ഹാംപൂരാകട്ടെ ഗണ്യമായ മുസ് ലിം വോട്ടുള്ള സീറ്റ് കൂടിയാണ്. ബംഗാളില്‍ ഇക്കുറി ശ്രദ്ധേയ മത്സരം നടക്കുന്നതും ഇവിടെ തന്നെ.
മുസ് ലിം വോട്ടുകള്‍ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെ ഹൂഗ്ലിയിലെ ഫുര്‍ഫുറ ശരീഫ് മഖ്ബറ നടത്തിപ്പുകാരനായ അബ്ബാസ് സിദ്ദീഖി സ്ഥാപിച്ച ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു എം.എല്‍.എയെ മാത്രം ലഭിച്ചു. 32 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ലഭിച്ചത് എട്ടുലക്ഷം വോട്ടും. ഏക എം.എല്‍.എ ലോക്‌സഭയിലേക്ക് തൃണമൂലിന്റെ രണ്ടാമനായ അഭിഷേക് ബാനര്‍ജിക്കെതിരേ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കില്‍ പിന്തുണയ്ക്കുമെന്ന് സി.പി.എമ്മും അറിയിച്ചു കഴിഞ്ഞു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 22 ഉം തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ 18 സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചു. കോണ്‍ഗ്രസ് രണ്ടുസീറ്റുകളിലും വിജയിച്ചു. എന്നാല്‍ സി.പി.എം ഉള്‍പ്പെടുന്ന ഇടതുകക്ഷികള്‍ക്ക് എവിടെയും വിജയിക്കാനായില്ല. തെരഞ്ഞെടുപ്പില്‍ 43.7 ശതമാനം വോട്ടുകളാണ് തൃണമൂലിന് ലഭിച്ചത്. ബി.ജെ.പി 40.6, കോണ്‍ഗ്രസ് 5.7, സി.പി.എം 6.3 ശതമാനം വോട്ടുകളും നേടി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും ലഭിക്കാതിരുന്ന ബി.ജെ.പി 12 സീറ്റുകളാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്തത്.
2021ല്‍ 294 അംഗങ്ങളുള്ള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 215 സീറ്റുകള്‍ സ്വന്തമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിന് 48 ശതമാനം വോട്ടും നേടാനായി. 77 സീറ്റുകളോടെ ബി.ജെ.പി 38 ശതമാനം വോട്ടുകളും നേടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയും ബംഗാളിലെത്തി മമതയ്‌ക്കെതിരേ നിരന്തരനീക്കം നടത്തിയ തെരഞ്ഞെടുപ്പ് ബി.ജെ.പിയും തൃണമൂലും തമ്മില്‍ മാത്രമാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ചു. ഇതോടെ മുന്‍ തെരഞ്ഞെടുപ്പില്‍ യഥാക്രമം 44 ഉം 26 ഉം സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിനും സി.പി.എമ്മിനും എവിടെയും വിജയിക്കാനായതുമില്ല.
എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനംകൂടിയാണ് ബംഗാള്‍. ഏപ്രില്‍ 19ന് തുടങ്ങി ജൂണ്‍ ഒന്നിന് അവസാനിക്കുന്ന ഏഴുഘട്ടങ്ങിലും ബംഗാളിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.
നിലവിലെ കക്ഷിനില
ആകെ സീറ്റ്: 42
തൃണമൂല്‍: 22
ബി.ജെ.പി: 18
കോണ്‍ഗ്രസ്: 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."