സാധാരണക്കാരുടെ കഴുത്തറത്തു സ്‌കാനിങ് സെന്ററുകള്‍; കൂച്ചുവിലങ്ങിടാന്‍ മടിച്ച് സര്‍ക്കാര്‍
കോട്ടയം: അമിത തുക ഈടാക്കുന്ന സംസ്ഥാനത്തെ സ്വകാര്യ സ്‌കാനിങ് സെന്ററുകള്‍ക്ക് മൂക്കുകയറിടാന്‍ മടിച്ച് സര്‍ക്കാര്‍. നാളുകളായി ഈ മേഖലയിലെ ചൂഷണം ഏറുമ്പോഴും ശക്തമായ ഇടപെടല്‍ നടത്താതെ സര്‍ക്കാര്‍ സംവിധാനവും നോക്കുകുത്തിയാവുകയാണ്. നിലവില്‍ ഭീമമായ തുകയാണ് എം.ആര്‍.ഐ, സി.ടി പോലുള്ള സ്‌കാനിങിനായി സ്വകാര്യ മേഖലയില്‍ ഈടാക്കുന്നത്.
ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഇന്‍സെന്റീവിന്റെ മറവിലാണ് ഇവര്‍ ഇത്തരത്തില്‍ രോഗികളെ കൊള്ളയടിക്കുന്നത്. എന്നാല്‍ സ്വകാര്യ സ്‌കാനിങ് സെന്ററുകളുടെ ഇന്‍സെന്റീവ് വേണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും വ്യക്തമായ നിലപാട് അറിയിച്ചിരുന്നു. എന്നിട്ടും നിരക്കില്‍ കാര്യമായ മാറ്റം വരുത്താതെയാണ് ഇപ്പോഴും സ്വകാര്യ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ വളരെ കുറഞ്ഞ നിരക്കില്‍ ചെയ്യുന്ന ടെസ്റ്റുകളുടെ പേരിലാണ് സ്വകാര്യ മേഖല രോഗികളെ ചൂഷണം ചെയ്യുന്നതെന്നതാണ് വാസ്തവം.
അതി സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കും മറ്റും ഏകീകൃത ചികിത്സാ നിരക്ക് നടപ്പാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും സ്‌കാനിങ് സെന്ററുകളുടെ തോന്നിയ നിരക്കുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ നാളിതുവരെ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ആധുനിക രോഗ നിര്‍ണയ രീതിക്ക് സ്‌കാനിങ് ഒഴിച്ചു കൂടാനാവാത്തതായതിനാല്‍ ഇവരുടെ ചൂഷണത്തിന് മുന്നില്‍ സാധാരണക്കാര്‍ നിസഹായരാണ്. എം.ആര്‍.ഐ, സി.ടി തുടങ്ങിയ സ്‌കാനുകള്‍ക്ക് നിലവില്‍ 8000-15000 രൂപവരെയാണ് നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ സ്‌കാനിങിന് തുടക്കത്തില്‍ അമിത തുക ഈടാക്കിയിരുന്നത് ഡോക്ടര്‍മാര്‍ക്ക് നല്‍കേണ്ട പാരിതോഷികവും കണക്കിലെടുത്തായിരുന്നു. നേരത്തെ സി.ടി, എം.ആര്‍.ഐ പോലുള്ള സങ്കീര്‍ണമായ സ്‌കാനുകള്‍ക്ക് പല സെന്ററുകളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് ഭീമമായ തുകയായിരുന്നു. ഒരു സ്‌കാനിങിന് 4000 രൂപ വരെ ഡോക്ടര്‍മാര്‍ക്ക് ഇക്കൂട്ടര്‍ നല്‍കിയിരുന്നു.
എന്നാല്‍, സാധാരണക്കാരായ രോഗികളില്‍ നിന്ന് അമിത തുക ഈടാക്കുന്നതിനെതിരാണ് സംസ്ഥാനത്തെ ഭൂരിഭാഗം ഡോക്ടര്‍മാരും. ഇതിനാലാണ് പാരിതോഷികം വേണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ പ്രഖ്യാപിച്ചത്. എന്നിട്ടും നിരക്കില്‍ മാറ്റം വരുത്താന്‍ സെന്ററുകള്‍ ഇപ്പോഴും തയാറല്ലെന്നതാണ് വസ്തുത. ചുരുക്കം ചില ഡോക്ടര്‍മാരുടെ പേരില്‍ രോഗികളെ കൊള്ളയടിക്കുന്ന പ്രവണത തുടരുകയാണ് ഇന്നും.
ഈ മേഖലയില്‍ കൃത്യമായ നിരക്കില്ലാത്തതും സ്വകാര്യ മേഖലയില്‍ ചൂഷണം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇത് മാറ്റണമെന്ന അഭിപ്രായവും ഇപ്പോള്‍ ശക്തമാണ്. സാധാരണ സി.ടി സ്‌കാനുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടിയാണ് സ്വകാര്യ മേഖല ഈടാക്കുന്നതെന്ന പരാതി നേരത്തേയും ഉയര്‍ന്നിരുന്നു. അതേ സമയം ആരോഗ്യ മേഖലയില്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുണ്ടായാല്‍ ഇതില്‍ മാറ്റം വരുമെന്നാണ് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നത്. ഡോക്ടര്‍മാരുടെ ഇന്‍സെന്റീവ് കുറച്ചാല്‍ സാധാരണ സ്‌കാനുകള്‍ക്ക് 200-400 രൂപ നിരക്കിലും എം.ആര്‍.ഐ പോലുള്ള സ്‌കാനുകള്‍ക്ക് 3000-4000 രൂപ വരെ നിജപ്പെടുത്താമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സ്‌കാനിങ് സെന്ററുകളിലും നിരക്കുകള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. മുന്‍ വര്‍ഷം പൊതു പ്രവര്‍ത്തകനായ പി.കെ രാജു മനുഷ്യാവകാശ കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച പരാതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ നിരക്ക് പ്രസിദ്ധപ്പെടുത്താന്‍ ആരും തയാറായിട്ടില്ല.
വിദഗ്ധ സമിതിയെ നിയമിച്ച് പഠനം നടത്തി അവരുടെ തീരുമാനത്തിനനുസരിച്ച് നിശ്ചിത നിരക്ക് സര്‍ക്കാരിന് പ്രഖ്യാപിക്കാനാകും.സ്‌കാനിങ് മെഷീനുകളുടെ വില വ്യത്യാസങ്ങളും മറ്റും കൃത്യതയോടെ പഠിച്ച് റേറ്റിങ് റേഞ്ച് നിര്‍ണയിക്കാമെന്ന് ഡോക്ടര്‍മാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ സാധാരണ സ്‌കാനിങിന് 400 രൂപ വരെയും എം.ആര്‍.ഐ, പെറ്റ് മുതലായവയ്ക്ക് 3000-10000 രൂപ വരെ കുറച്ചും നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ സാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."