ഹൈദരലി തങ്ങൾക്ക് നിയമസഭയുടെ ആദരം
തിരുവനന്തപുരം
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി. ശൂന്യവേളയിൽ സ്പീക്കർ എം.ബി രാജേഷ് അവതരിപ്പിച്ച അനുശോചന പ്രമേയത്തെ തുടർന്ന് നിയമസഭാംഗങ്ങൾ എഴുന്നേറ്റുനിന്ന് ഒരുമിനിട്ട് മൗനമാചരിച്ചു. തികഞ്ഞ മനുഷ്യസ്‌നേഹിയും മിതഭാഷിയും സൗമ്യനും എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന നേതാവുമായിരുന്നു ഹൈദരലി തങ്ങളെന്ന് ചരമോപചാരം അർപ്പിച്ചുകൊണ്ട് സ്പീക്കർ പറഞ്ഞു.
വ്യത്യസ്ത നിലപാടുകളോടുള്ള വിയോജിപ്പ് വൈരാഗ്യത്തിന്റെ ഭാഷയിൽ തങ്ങൾ ഒരിക്കൽപോലും പ്രകടിപ്പിച്ചില്ല. അതുതന്നെയാണ് ആധുനികസമൂഹത്തെ അദ്ദേഹം പഠിപ്പിച്ച പാഠം. സംസ്ഥാനത്തെ മതസൗഹാർദം സംരക്ഷിക്കുന്നതിന് ശക്തമായി നിലകൊണ്ട നേതാവിനെയാണ് തങ്ങളുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു.
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായ അദ്ദേഹം 2009ൽ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നിര്യാണത്തോടെയാണ് പാർട്ടി സംസ്ഥാന പ്രസിഡന്റായത്. പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ മുസ്‌ലിം ലീഗ് സഞ്ചരിച്ചപ്പോഴും രാഷ്ട്രീയത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയപ്പോഴും ആ സ്ഥാനത്തിരുന്ന ഹൈദരലി തങ്ങൾ അരനൂറ്റാണ്ടിലധികം മത രാഷ്ട്രീയ സാമൂഹികരംഗത്ത് സജീവ സാന്നിധ്യം രേഖപ്പെടുത്തിയാണ് വിടവാങ്ങിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."