നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് ഹരജിക്കാര്‍ക്കെതിരേ സര്‍ക്കാര്‍ കോടതിയില്‍
കൊച്ചി
നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ ഹരജിക്കാര്‍ക്കെതിരേ വിശദീകരണവുമായി സര്‍ക്കാര്‍ കോടതിയില്‍. മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹരജിക്കാര്‍ ശ്രമിക്കുന്നതെന്നാണ് സര്‍ക്കാര്‍ പെരുമ്പാവൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.
ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ജയിംസ് മാത്യു, എ.എ പൗലോസ് എന്നിവര്‍ നല്‍കിയ ഹരജികളെ എതിര്‍ത്താണ് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് കരുതിയാണ് കേസില്‍ മോഹന്‍ലാലിനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടിയത്. രണ്ട് ജോടി ആനക്കൊമ്പുകള്‍ അനധികൃതമായി കൈവശം വെച്ചതിന് നടനെതിരേ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇത്തരമൊരു ഹരജി നല്‍കാന്‍ ഹരജിക്കാര്‍ക്ക് നിയമപരമായി അവകാശമില്ലെന്നും പൊതുതാല്‍പര്യമോ പൊതുപണമോ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.
നടന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും കൈവശാവകാശം പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുകയും ചെയ്തതിനാല്‍ കേസില്‍ അനധികൃത സ്വത്ത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നിട്ടില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിശദീകരിച്ചു. എന്നാല്‍ ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോള്‍ നടന്റെ കൈവശം സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് ഹരജിക്കാരുടെ വാദം. ഹരജി 29ന് പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."