ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: സുഹൃത്ത് അറസ്റ്റില്‍, മരണം അപസ്മാരം വന്നെന്ന് മൊഴി
കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂര്‍ണ നഗ്‌നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അഞ്ചല്‍ സ്വദേശി നാസു അറസ്റ്റില്‍. അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് നാസുവിന്റെ മൊഴി.
ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ ഇയാള്‍ പൊലിസിനോട് പറഞ്ഞത്.
ഡിസംബര്‍ 29ന് ബീച്ചില്‍ വച്ചാണ് കേരളാപുരം സ്വദേശിയായ യുവതിയെ ഇയാള്‍ പരിചയപ്പെടുന്നത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതേത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലിസിനോടു പറഞ്ഞു.
പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലിസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പോലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയ വിവരം അറിയുന്നത്.
തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പൊല്ിസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്‍കിയ കുണ്ടറ പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലിസ് അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടുവെന്ന കാര്യം യുവാവ് പൊലിസിനു മൊഴി നല്‍കിയത്.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ആറ് ദിവസത്തെ പഴക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."