HOME
DETAILS

മുംതാസിന്റെ മരണവും കൊവിഡ് തരംഗവും

  
backup
March 21 2021 | 04:03 AM

4565485454-2021-march

 

മുംതാസ് ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. പഠനകാലം മുതല്‍ എന്റെ പ്രിയതമയുടെ കൂട്ടുകാരി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ആരംഭിച്ച കലാലയ കൂട്ടായ്മയിലെ സജീവാംഗം. മുംതാസ് മാത്രമല്ല, അവരുടെ കുടുംബത്തിലെ എല്ലാവരും ആ കൂട്ടായ്മയില്‍ പങ്കാളികളായിരുന്നു. അതുകൊണ്ടുതന്നെ മുംതാസിന്റെ വീട്ടിലെ ഓരോ സന്തോഷവും സന്താപവും ഞങ്ങളെയെല്ലാം തുല്യമായി ബാധിക്കുന്നവയായിരുന്നു. ഭാഗ്യത്തിന് സന്തോഷമുള്ള കാര്യങ്ങളേ ആ കുടുംബത്തില്‍ നിന്നു ഞങ്ങളുടെ ചെവിയില്‍ എത്താറുള്ളൂ.
എന്നാല്‍, ദിവസങ്ങള്‍ക്കു മുന്‍പു കേട്ടത് തീര്‍ത്തും ഞെട്ടിക്കുന്ന കാര്യമായിരുന്നു. 'മുംതാസ് മരിച്ചു'.കൊവിഡ് ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേയ്ക്കു നയിച്ചത്.
മുംതാസ് കൊവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നെങ്കിലും മരണം ഇത്രപെട്ടെന്ന് അവരെ തട്ടിയെടുക്കുമെന്ന് ഞങ്ങളാരും കരുതിയിരുന്നേയില്ല. കൊവിഡില്‍ നിന്നു മുക്തയായെന്നും അതുവരെ ഐ.സി.യുവിലായിരുന്ന മുംതാസിനെ വാര്‍ഡിലേയ്ക്കു മാറ്റിയെന്നുമുള്ള സന്തോഷകരമായ വിവരം കേട്ടിരുന്നതിനാല്‍ മുംതാസിനെക്കുറിച്ച് ഒരു വിധ ആശങ്കയും ഞങ്ങളുടെ മനസിലുണ്ടായിരുന്നില്ല.
രണ്ടുമാസം മുന്‍പ് ഓര്‍ക്കാപ്പുറത്താണ് മുംതാസിന്റെ മൂത്തമകന്‍ ഫോണില്‍ വിളിക്കുന്നത്. 'ഉമ്മ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ഐ.സി.യുവിലാണ്. എന്താണ് അവസ്ഥയെന്ന് അറിയുന്നില്ല. ഞാന്‍ ഐ.സി.യുവിന് പുറത്തുനില്‍ക്കുകയാണ്. ഡോക്ടര്‍മാര്‍ ഒന്നും വിട്ടുപറയുന്നില്ല. ആരോടെങ്കിലും ചോദിച്ച് ശരിയായ അവസ്ഥ പറഞ്ഞുതരുമോ. ഇവിടെ ഞാന്‍ തനിച്ചാണ്. എന്താണു ചെയ്യേണ്ടതെന്ന് അറിയുന്നില്ല'. അത്രയും പറയുമ്പോഴേയ്ക്കും മുംതാസിന്റെ മകന്‍ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.


ഉടനെ അടുത്തസുഹൃത്തും ആ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ തലവനുമായ ഡോ. വേണുവിനെ വിളിച്ചു. 'മുംതാസോ. അവര്‍ എന്റെ പേഷ്യന്റാണ്. സജീവന്‍ വിളിച്ചതു നന്നായി. അവരുടെ രോഗാവസ്ഥ എങ്ങനെയാണ് ആകെ ഭയന്നിരിക്കുന്ന ആ മകനോടു പറയുക എന്നു വിചാരിച്ചിരിക്കുകയായിരുന്നു. എന്റെ രോഗികളില്‍ ഏറ്റവും ക്രിട്ടിക്കല്‍ അവസ്ഥയില്‍ അവരാണ്. ഞങ്ങള്‍ പരമാവധി ശ്രമിക്കാം. ബന്ധുക്കളോട് സാവകാശം ഈ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തുന്നതു നന്ന്'. രോഗിയുടെ പേരു കേട്ടപാടെ അദ്ദേഹം അത്രയും പറഞ്ഞു.
ദിവസങ്ങള്‍ക്കുള്ളില്‍ മുംതാസ് കൊവിഡ് മുക്തയായി. പക്ഷേ, ആ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആ വൈറസ് അവരുടെ ശരീരത്തില്‍ മാരകമായ പരുക്കുകള്‍ അവശേഷിപ്പിച്ചിരുന്നു. കൊവിഡ് ബാധിച്ച മുംതാസിന്റെ ശ്വാസകോശം തകര്‍ന്നു, ന്യൂമോണിയ മൂലം അവര്‍ അവശയായി. പ്രമേഹം കുതിച്ചുകയറി. അതു വൃക്കയും കരളും പോലുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കി. വാര്‍ഡിലേയ്ക്കു മാറ്റിയിരുന്ന അവരെ വീണ്ടും ഐ.സി.യുവിലേയ്ക്കു മാറ്റി. ഒടുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ട അവസ്ഥ വന്നു. എന്നിട്ടും മുംതാസിന്റെ ജീവന്‍ രക്ഷിക്കാന്‍ വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിരുന്നില്ല. കാരണം, കൊറോണ വൈറസ് അവരുടെ അതുവരെ അടങ്ങിക്കിടന്ന എല്ലാ രോഗങ്ങളെയും നിയന്ത്രണാതീതമാക്കിയിരുന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന സ്വകാര്യ ആശുപത്രിയിലെ ചികിത്സയില്‍ പൊടിഞ്ഞത് ഏറെ ലക്ഷങ്ങളാണ്.


ഞങ്ങളെയെല്ലാം വളരെയേറെ വേദനിപ്പിച്ച ആ സഹോദരിയുടെ വേര്‍പാടിനെക്കുറിച്ച് ഇവിടെ ഇപ്പോള്‍ പറയാന്‍ കാരണമുണ്ട്. അത് കൊവിഡിന്റെ രണ്ടാംതരംഗത്തെക്കുറിച്ചു കഴിഞ്ഞദിവസം വന്ന ഞെട്ടിക്കുന്ന (ഞെട്ടിക്കേണ്ട) വാര്‍ത്തയാണ്. നമ്മുടെ രാജ്യത്തുനിന്ന് ഏതാണ്ട് വിടവാങ്ങിക്കൊണ്ടിരിക്കുന്നു എന്ന് എല്ലാവരും ആശ്വസിച്ചിരിക്കെയാണ് കൊവിഡിന്റെ രണ്ടാംതരംഗം സംബന്ധിച്ച വാര്‍ത്ത വരുന്നത്. മാര്‍ച്ച് 18 ലെ ഒറ്റദിവസത്തെ കണക്കനുസരിച്ച് രാജ്യത്ത് 35871 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ കൊവിഡ് വ്യാപനത്തോത് 150 ശതമാനം ഉയര്‍ന്നിരിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു. മഹാരാഷ്ട്ര പഴയപോലെ ഭീതിദമായ അവസ്ഥയിലെത്തി. കൊവിഡ് വ്യാപനത്തോത് 14 ശതമാനത്തോളമെത്തിയിരുന്നിടത്തു നിന്നു 2.74 ലേയ്ക്ക് ആശാവഹമായി കുറഞ്ഞിരുന്ന കേരളത്തില്‍ പോലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാഫ് ഉയര്‍ന്നു പോകുകയാണ്.


ഈ പോക്കാണു പോകുന്നതെങ്കില്‍ കേരളത്തിലും സമീപഭാവിയില്‍ രണ്ടാംതരംഗവും രണ്ടാംഘട്ട ലോക്ക്ഡൗണും ഉണ്ടാകുമെന്നുറപ്പ്. കേരളത്തില്‍ നിന്നു കര്‍ണാടകത്തിലേയ്ക്കും തമിഴ്‌നാട്ടിലേയ്ക്കുമുള്ള വഴി അവിടങ്ങളിലെ ഭരണകൂടങ്ങള്‍ ഏതാണ്ട് അടച്ചുതുടങ്ങി. ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ നടപ്പാക്കിയ രണ്ടാം ലോക്ക്ഡൗണ്‍ ഇവിടെയും വൈകാതെ പ്രതീക്ഷിക്കാം. അതിനുള്ള പശ്ചാത്തലമാണിവിടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


നമ്മളെല്ലാം ചേര്‍ന്ന് ഒരുക്കുന്നത് എന്നു പറയുന്നതാണ് ഏറ്റവും ശരി. കഴിഞ്ഞദിവസം അങ്ങാടിപ്പുറം തിരുമാന്ധാംകുന്നു ക്ഷേത്രത്തില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ അനുഭവം പറയാം. പൂരം അടുത്തതിനാലും പ്രത്യേക പൂജയുള്ള ദിവസമായതിനാലും സാമാന്യം നല്ല ആള്‍ത്തിരക്കുണ്ടായിരുന്നു ക്ഷേത്രത്തില്‍.
ക്ഷേത്രപരിസരത്തേയ്ക്കു കടക്കുന്നതിനിടയില്‍ ഒരു അനൗണ്‍സ്‌മെന്റ് കേട്ടു, 'എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കണം, മാസ്‌ക് ശരിയാംവിധം ധരിച്ചു മാത്രമേ ക്ഷേത്രപരിസരത്തു പ്രവേശിക്കാന്‍ പാടുള്ളൂ. ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക'.അനൗണ്‍സ്‌മെന്റ് കാതിലേയ്ക്ക് ഒഴുകിയെത്തുന്നതിനിടയില്‍ ചുറ്റുപാടും കണ്ണോടിച്ചുപോയി. അത്ഭുതകരമായിരുന്നു ആ കാഴ്ച. അവിടെ തടിച്ചുകൂടിയവരില്‍ വായും മൂക്കും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിച്ചവര്‍ അത്യപൂര്‍വം മാത്രമായിരുന്നു. കുറ്റം പറയരുതല്ലോ. മാസ്‌ക് ധരിച്ചവരായിരുന്നു ബഹുഭൂരിപക്ഷവും. അവരുടെ മാസ്‌കുകള്‍ 'സുരക്ഷ' ഉറപ്പുവരുത്തിയത് അവരുടെ കീഴ്ത്താടിക്കു മാത്രമായിരുന്നു എന്നു മാത്രം. മാസ്‌ക് തീരെ ധരിക്കാത്തവരുടെ എണ്ണം നല്ല ശതമാനമുണ്ടായിരുന്നു എന്നതും പറയാതെ വയ്യ. ശാരീരിക അകലത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.


തിരുമാന്ധാം കുന്നിലെ അനുഭവം ഉദാഹരണമായി പറഞ്ഞുവെന്നു മാത്രം. മാസ്‌ക് ധരിക്കാത്തവരും കീഴ്ത്താടി സംരക്ഷണ മാസ്‌കുകള്‍ ധരിച്ചവരും എല്ലാ പൊതുഇടങ്ങളും കൈയേറിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്കെല്ലാം പ്രചോദനമായി രാഷ്ട്രീയക്കാര്‍ മാസ്‌ക് രഹിതരായി തെരഞ്ഞെടുപ്പു ഗോദകള്‍ കൈയടക്കി വിലസുന്നു. മാസ്‌ക് ധരിച്ചെത്തുന്നവര്‍ അടുത്തുനിന്നു പരസ്പരം സംസാരിക്കുമ്പോള്‍ ആദ്യം ചെയ്യുന്നത് മാസ്‌ക് വായ്ക്കു താഴേയ്ക്കു വലിച്ചു താഴ്ത്തലാണ്. മാധ്യമങ്ങളില്‍ പടം വരാനുള്ള വ്യഗ്രതയില്‍ നേതാക്കള്‍ മാസ്‌ക്കിനെ നോക്കുകുത്തിയാക്കിക്കൊണ്ടേയിരിക്കുന്നു.
ഓണക്കാലത്തും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു കാലത്തും നല്‍കിയ ഇളവുകളുടെ ഒറ്റക്കാരണത്താലാണ് കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായത് എന്നു പറഞ്ഞത് നമ്മുടെ ആരോഗ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ വ്യാപനം കുതിച്ചുയരുമെന്നും അപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമായേയ്ക്കുമെന്നും പറഞ്ഞത് അവരാണ്. അതായത്, തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാര്‍ഥികളും നേതാക്കളും അണികളുമെല്ലാമടങ്ങുന്ന രാഷ്ട്രീയക്കാര്‍ പരമാവധി കൊവിഡ് വ്യാപനം നടത്തും. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുറത്തിറങ്ങാതെ, പണിയെടുക്കാന്‍ കഴിയാതെ അതിന്റെ പാപഭാരം ചുമക്കേണ്ടത് ഇവിടത്തെ സാധാരണ പൗരന്മാര്‍.
തങ്ങളുടേതല്ലാത്ത തെറ്റിന് അവര്‍ കൊവിഡ് ബാധിതരാകുന്നു. മുംതാസിനെ പോലെ അവരില്‍ പലരും മരണത്തിനു കീഴടങ്ങാന്‍ വിധിക്കപ്പെടുന്നു. ലക്ഷങ്ങളുടെ ആശുപത്രി ചെലവ് അവരുടെ കുടുംബങ്ങളെ കുത്തുപാളയെടുപ്പിക്കുന്നു.
ജനാധിപത്യം നീണാള്‍ വാഴട്ടെ!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  24 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  24 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  24 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  24 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  24 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  24 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  24 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago