ഇന്ത്യക്ക് തിരിച്ചടി; നര്‍സിങിന് നാലു വര്‍ഷത്തെ വിലക്ക്
റിയോ ഡി ജനീറോ: ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി. 74 കിലോ വിഭാഗത്തില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ നര്‍സിങ് യാദവിന് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി നാലുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഉത്തേജക പരിശോധനയില്‍ രണ്ടു തവണ പരാജയപ്പെട്ടിട്ടും സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക വിരുദ്ധ സമിതി നടപടിക്കെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി നല്കിയ അപ്പീലിലാണ് വിധി.
നേരത്തെ വാഡയുടെ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി തള്ളിയിരുന്നു. അപ്പീല്‍ നല്കാന് വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇതിനെതിരേ വാഡ കോടതിയുടെ അഡ് ഹോക്ക് കമ്മിറ്റിക്ക് അപ്പീല്‍ നല്കി. നര്‍സിങിനെ കുറ്റവിമുക്തനാക്കിയ നടപടി കമ്മിറ്റി തള്ളുകയായിരുന്നു.
ഉത്തേജക വിവാദത്തില്‍ നര്‍സിങിന് പിന്തുണ നല്കിയ നാഡയ്ക്കും ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിക്കും കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഉത്തേജക വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു നര്സിങിന്റെയും നാഡയുടെയും വാദം. ഇത് കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു നര്‍സിങിന്റെ മത്സരം. വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് താരത്തോട് ഒളിംപിക് വില്ലേജില്‍ നിന്ന് മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ താരം നാട്ടിലേക്ക് മടങ്ങും.
നര്‍സിങിന് ക്ലീന്‍ ചിറ്റ് നല്കാന് സഹായകരമാകുന്ന തെളിവുകള്‍ നാഡ നല്‍കിയിട്ടില്ലെന്ന് കായിക തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി. വിധിയുടെ പശ്ചാത്തലത്തില്‍ വിലക്ക് അടിയന്തര പ്രാധാന്യത്തോടെ നിലവില്‍ വന്നു.
വിധി നര്സിങിനെതിരായതില് നിരാശയുണ്ടെന്നും ഇന്ത്യയുടെ ചീഫ് ദെ മിഷന് രാകേഷ് പറഞ്ഞു. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ അനുമതി ലഭിച്ചതിനാലാണ് നര്‍സിങിന് റിയോയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."