ഒറ്റ ചോദ്യത്തില്‍ കടന്നുവന്ന ഐ.എ.എസ്
രൊറ്റ ചോദ്യം ഒരാളുടെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിക്കുമെന്ന് ആരറിഞ്ഞു. ആ ചോദ്യത്തിന്റെ കരുത്തില്‍ പിറന്നത് ഒരു ജില്ലാ കലക്ടറാണ്. ഒരു പത്രപ്രവര്‍ത്തകന്റെ സാദാ ചോദ്യമായിരുന്നു അത്. ആ ചോദ്യത്തിന് ഇത്ര ഫലം ഉണ്ടാക്കുമെന്ന് ചോദ്യകര്‍ത്താവും ഉത്തരം നല്‍കിയ ആളും അന്ന് അറിഞ്ഞില്ല. ചിലപ്പോള്‍ നിയോഗങ്ങള്‍ അങ്ങനെയൊക്കെയാണല്ലോ.
എടവണ്ണപ്പാറയിലെ കോറോത്ത് വീട്ടില്‍ മുഹമ്മദലി ശിഹാബ് 21 പി.എസ്.സി പരീക്ഷകള്‍ വിജയിച്ച് താരമായിരിക്കുന്ന കാലം. പത്രപ്രവര്‍ത്തകനായ സുരേഷ് നീറാടും ശിഹാബും കണ്ടുമുട്ടുന്നു. കൊണ്ടോട്ടി മനോരമ ഓഫിസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പി.എസ്.സി പരീക്ഷയില്‍ അതിസാഹസികമായി വിജയംകൊയ്ത ശിഹാബിനെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുക എന്നത് മാത്രമായിരുന്നു സുരേഷിന്റെ ലക്ഷ്യം. അഭിമുഖം കഴിഞ്ഞു ശിഹാബ് തിരിച്ചുപോയി.
സ്റ്റോറി പൂര്‍ത്തിയാക്കാന്‍ നേരമാണ് ശിഹാബിന്റെ ജീവിതം മാറ്റിമറിച്ച ആ ചോദ്യം ഫോണിലൂടെ സുരേഷ് ചോദിച്ചത്.
''ഇനി എന്തെങ്കിലും ലക്ഷ്യം?''
ആ ചോദ്യത്തിനു മറുപടി പറയാന്‍ പെട്ടെന്ന് ശിഹാബിന് കഴിഞ്ഞില്ല. കുറച്ചുനേരത്തെ ആലോചനയ്ക്ക് ശേഷം ശിഹാബ് മറുപടി പറഞ്ഞു. ''സിവില്‍ സര്‍വിസ്''.
ഇത് മനോരമ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചു.
ഇപ്പോള്‍ മുഹമ്മദലി ശിഹാബ് ജില്ലാ കലക്ടറും പിന്നിട്ട് നാഗാലാന്റ് അഡീഷണല്‍ സെക്രട്ടറിയാണ്. സുരേഷ് പത്രപ്രവര്‍ത്തനം വിട്ട് സ്വകാര്യ കമ്പനി മാനേജരും. മുഹമ്മദലി ശിഹാബിനെ പ്രചോദിപ്പിച്ച ആ കഥ കോഴിക്കോട് കടപ്പുറത്ത് വച്ച് ഇരുവരും പറയട്ടെ.
സുരേഷ് നീറാട്:
2009 മാര്‍ച്ച് 16നാണ് ഈ സംഭവം നടക്കുന്നത്.
അന്ന് ഞാന്‍ 'മലയാള മനോരമ'യുടെ കൊണ്ടോട്ടി ലേഖകനാണ്.
സ്റ്റോറികള്‍ അന്വേഷിച്ചു നടക്കുന്ന കാലം.
ഒരു സംഭവം മറ്റുള്ളവര്‍ക്ക് കിട്ടുന്നതിന് മുന്‍പേ എന്റെ പത്രത്തില്‍ അച്ചടിച്ചു വരണമെന്ന് നിര്‍ബന്ധമുള്ള കാലമാണ്. അങ്ങനെ യാദൃച്ഛികമായിട്ടാണ് മുഹമ്മദലി ശിഹാബിനെക്കുറിച്ച് അറിയുന്നത്. ഇരുപതിലേറെ പി.എസ്.സി പരീക്ഷകള്‍ പാസായ വ്യക്തി. ഒരു പത്രലേഖകനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഇരയാണ്. ഞാന്‍ ശിഹാബിനെ വിളിച്ചു. വരാമെന്നു പറഞ്ഞതിനും ഒരു ദിവസം മുന്‍പേയാണ് അദ്ദേഹം കൊണ്ടോട്ടിയിലെ മനോരമ ഓഫിസില്‍ എത്തുന്നത്.
ഫോറസ്റ്റര്‍, എല്‍.പി.എസ്.എ, എല്‍.ഡി.സി അങ്ങനെ എഴുതിയ ഒട്ടേറെ പി.എസ്.സി പരീക്ഷകളുടെ ഫയലുകളും കൈയിലുണ്ട്. എല്ലാവിവരങ്ങളും ഞാന്‍ ചോദിച്ചറിഞ്ഞു. ശിഹാബ് ഓഫിസില്‍നിന്ന് ഇറങ്ങുകയും ചെയ്തു.
സ്റ്റോറി പൂര്‍ത്തിയാക്കാന്‍ നോക്കിയപ്പോഴാണ് ഒരു കാര്യം ഓര്‍മ വന്നത്. ഭാവിയെക്കുറിച്ച് ചോദിച്ചില്ലല്ലോ. ഉടനെത്തന്നെ ഫോണില്‍ വിളിച്ചു ചോദിച്ചു. ''ഇനി എന്തെങ്കിലും ലക്ഷ്യം?; ഏതു ജോലിയാണ് കൂടുതല്‍ പ്രിഫര്‍ ചെയ്യുന്നത്?''.
മറുതലയ്ക്കല്‍ മറുപടിക്കുവേണ്ടി പരതുന്നപോലെ.. കുറച്ചുനേരത്തെ കാത്തിരിപ്പിനൊടുവില്‍ മറുപടി കിട്ടി. ''സിവില്‍ സര്‍വിസ്''. ഇത് ഹൈലൈറ്റ് ചെയ്ത് സ്റ്റോറിയാക്കി. തിങ്കളാഴ്ച മലപ്പുറം മനോരമയുടെ സ്‌പെഷ്യല്‍ പേജില്‍ 'വിജയി'എന്നപേരില്‍ സ്റ്റോറി വന്നു.
മുഹമ്മദലി ശിഹാബ്:
മുതുവല്ലൂര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു ഞാന്‍. പി.എസ്.സി പരീക്ഷകള്‍ കുറെയെണ്ണം ജയിച്ചിയിരിക്കുകയായിരുന്നു. അങ്ങനെ ഒരു വൈകുന്നേരമാണ് സുരേഷ് എന്നെ വിളിക്കുന്നത്. ഭാവി സ്വപ്‌നങ്ങള്‍ ഒന്നുംതന്നെ എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ; സുരേഷ് വിടുന്ന മട്ടുമില്ല. സുരേഷ് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് 'സിവില്‍ സര്‍വീസ്' എന്ന് മറുപടി പറഞ്ഞത്.
മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതിയൊന്നും എനിക്കറിയില്ലായിരുന്നു. ഇങ്ങനെ പറഞ്ഞാല്‍ അതിന്റെ ഇംപാക്ട് എന്താകുമെന്നും പിടിയില്ല. റിപ്പോര്‍ട്ട് വന്നതോടെ ഒട്ടും പ്രതീക്ഷിക്കാതെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എന്നോട് ആവര്‍ത്തിച്ചുള്ള ചോദ്യത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത്. എന്നാല്‍ റൈറ്റപ് വായിച്ചുകഴിഞ്ഞാല്‍ നേരെ തിരിച്ചാണ് തോന്നുക. വളരെ തീവ്രമായി ഐ.എ.എസിനെ ആഗ്രഹിക്കുന്ന ഒരാളെന്ന രീതിയിലാണ് ഫീച്ചര്‍ വന്നത്. കാരണം, പരിമിതമായ ചുറ്റുപാടുകളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത അത്രതന്നെ ഉയരത്തിലാണ് സിവില്‍ സര്‍വിസ്.
റിപ്പോര്‍ട്ട് അച്ചടിച്ചു വന്ന ദിവസമാണ് കോഴിക്കോട് പി.എസ്.സി റീജ്യണല്‍ ഓഫിസില്‍ വിവിധ കമ്പനി കോര്‍പറേഷനുകളിലേക്കുള്ള ഒരു ഇന്റര്‍വ്യൂ നടക്കുന്നത്. ഞാന്‍ രാവിലെത്തന്നെ അതിനായി പുറപ്പെട്ടിരുന്നു (അത് പിന്നീട് റാങ്ക് ലിസ്റ്റില്‍ വന്നു).
ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുമ്പോഴാണ് വൈകീട്ട് മുക്കം ഓര്‍ഫനേജില്‍നിന്നു മമ്മദ് മാസ്റ്റര്‍ വിളിക്കുന്നത്. ''നാളെ നാലുമണിക്ക് അത്യാവശ്യമായി ഓര്‍ഫനേജിലെത്തണം''. എന്തിനാണ് ചെല്ലാന്‍ പറഞ്ഞതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. കാരണം; ഞാന്‍ ഓര്‍ഫനേജ് വിട്ടിട്ട് ഏകദേശം എട്ട് കൊല്ലം പിന്നിട്ടിരുന്നു. പിറ്റേന്ന് നാലുമണിക്ക് ഓര്‍ഫനേജിലെത്തി. ചെന്നപ്പോള്‍ അവിടെ സകല പത്രക്കാരുമുണ്ട്. വാര്‍ത്താ സമ്മേളനം നടക്കുകയാണ്. മുഹമ്മദലി ശിഹാബിന്റെ സിവില്‍ സര്‍വിസിനു വേണ്ടിയുള്ള സകല ചെലവുകളും വഹിക്കാമെന്ന് ഓര്‍ഫനേജ് കമ്മിറ്റി അവിടെ വച്ച് പ്രഖ്യാപനം നടത്തി. ഞാനാകെ ഞെട്ടിപ്പോയി.
ഞാന്‍ മനസില്‍ ഗൗരവമായി എടുക്കാത്ത കാര്യമാണ് സിവില്‍ സര്‍വിസ്. മാനേജ്‌മെന്റിന്റെ ഈ പ്രഖ്യാപനത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് കുടുംബമുള്ള ഞാന്‍. എന്റെ ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ജോലി നിര്‍ത്തിയാല്‍ ശമ്പളം മുടങ്ങും. കുടുംബം പട്ടിണിയാവും. ഒരുഭാഗത്ത് ഇതാണാവസ്ഥ. മറുഭാഗത്താവട്ടെ എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഓര്‍ഫനേജ് ഭാരവാഹികളും. മുക്കം ഓര്‍ഫനേജിലെ കുട്ടികളും ഭാരവാഹികളുമെല്ലാം ദൃക്‌സാക്ഷികളായി ഒരു സാമൂഹിക ഉത്തരവാദിത്തമാണ് തന്റെ തലയില്‍ ഏല്‍പ്പിച്ചിട്ടുള്ളത്. ഇനി അത് നിര്‍വഹിക്കേണ്ടത് തന്റെ മാത്രം ബാധ്യതയാണ്. അന്ന് രാത്രി ഉറക്കം വന്നില്ല.
അതേസമയം ഇതിനെല്ലാം നിമിത്തമായ മറ്റൊരു കാര്യവുമുണ്ട്. മുക്കം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി മോയിമോന്‍ ഹാജിയുടെ മകള്‍ മറയാമു. അവരെ കല്യാണം കഴിച്ചയച്ചത് മഞ്ചേരിയിലേക്കാണ്. മലപ്പുറം ജില്ലയില്‍ വന്ന പത്രം അവര്‍ മഞ്ചേരിയില്‍നിന്നു മുക്കത്തേക്കുള്ള ബസില്‍ കൊടുത്തയച്ചു. ഈ പത്രമാണ് പിന്നീടുനടന്ന വാര്‍ത്താ സമ്മേളനത്തിലേക്കും മറ്റും വഴിവച്ചത്.
മറിയാമു:യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയതല്ല. എന്റെ മക്കളുടെ വാപ്പ മരിച്ചിട്ട് അധികനാള്‍ ആയിട്ടില്ലായിരുന്നു. യതീം മക്കളെ അന്നും ഇന്നും എനിക്ക് എന്റെ മക്കളെപ്പോലെയാണ്. രാവിലെ എഴുന്നേറ്റാല്‍ പത്രം അരിച്ചുപെറുക്കുന്ന ഒരു സ്വഭാവം അന്നും ഉണ്ട്. അങ്ങനെയാണ് ശിഹാബിനെക്കുറിച്ച് വന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബന്ധുവായ കുട്ടി സിവില്‍ സര്‍വിസിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അന്ന്. അതിനുള്ള സാമ്പത്തിക ചിലവുകളും വിഷമതകളും എനിക്ക് നന്നായി അറിയാമായിരുന്നു. ഫീച്ചര്‍ വായിച്ചപ്പോള്‍ വളരെ സങ്കടം തോന്നി. ഈ കുട്ടി ഇത്രത്തോളം ആഗ്രഹിച്ചിട്ടാണല്ലോ ഇത് പറയുന്നതെന്ന് മനസില്‍ ഊഹിച്ചു.
മുക്കം ഓര്‍ഫനേജില്‍ പഠിച്ച കുട്ടിയായതുകൊണ്ട് ഉപ്പാനെ വിളിച്ചു. കാര്യം പറഞ്ഞു. പത്രം അയച്ചുകൊടുക്കാന്‍ പറഞ്ഞു. അങ്ങനെ പത്രം ഒരു കവറിലിട്ട് മഞ്ചേരി ബസ് സ്റ്റാന്റില്‍ എത്തി. അന്ന് സര്‍വിസ് നടത്തിയിരുന്ന മിസ്ഹബ് ബസിലെ കണ്ടക്ടറെ ഏല്‍പ്പിച്ചു. ഒരാളുടെ ടിക്കറ്റിനുള്ള 22 രൂപയും അവര്‍ ഈടാക്കി. ജീവിതത്തിലാദ്യമായാണ് അന്ന് മഞ്ചേരി ബസ് സ്റ്റാന്റില്‍ എത്തുന്നത്. പിന്നീട് ഓരോ കാര്യങ്ങളും ഉപ്പയോട് ചോദിച്ചറിഞ്ഞു. ശിഹാബ് ഡല്‍ഹിയില്‍ സിവില്‍ സര്‍വിസിന് പോയെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. എല്ലാ സമയത്തും ശിഹാബിനുവേണ്ടി പ്രാര്‍ഥിക്കുമായിരുന്നു.
സുരേഷ് നീറാട്:
നേരത്തെ യാതൊരു പരിചയവുമില്ലാത്ത ഞങ്ങള്‍ ഈ വാര്‍ത്തയോടെ മാനസികമായി പരസ്പരം അടുത്തു. ഏതു സമയത്തും ഞങ്ങള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാനും വിശേഷങ്ങള്‍ കൈമാറാനും പറ്റാവുന്ന അവസ്ഥയിലെത്തി. ആ കൈമാറ്റത്തില്‍ സന്തോഷവും ദുഃഖങ്ങളും എല്ലാം ചേര്‍ന്നിരുന്നു. അതിനിടെ ശിഹാബ് ഡല്‍ഹി ആസ്ഥാനമായ സക്കാത്ത് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതി ജയിച്ചു. ഡല്‍ഹിലായിരുന്നപ്പോഴും ഇടയ്ക്കിടെ ഞങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
മുഹമ്മദലി ശിഹാബ്:
ഓരോ ഘട്ടം പൂര്‍ത്തിയാവുമ്പോഴും ഇത് എന്നില്‍മാത്രം ഒതുങ്ങാതെ ഞങ്ങള്‍ രണ്ടുപേരുടെയും ഒരു ജോയിന്റ് മിഷനായി മാറി. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട സമയത്തും ഒട്ടേറെ ആത്മധൈര്യം എനിക്ക് സുരേഷ് നല്‍കിയിട്ടുണ്ട്. ഒരേസമയം ഒട്ടേറെ പ്രശ്‌നങ്ങളെ അതിജീവിക്കേണ്ടിവന്നു. ഡല്‍ഹിയിലെ കാര്യങ്ങള്‍ക്കൊപ്പം നാട്ടിലെ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകണം. എല്ലാ കാര്യത്തിലും സഹായിച്ചവരുടെ കൂട്ടത്തില്‍ സുരേഷും മുന്‍പന്തിയിലുണ്ടായിരുന്നു.
സുരേഷ് നീറാട്:
ശരിക്കും ശിഹാബിന്റെ ഐ.എ.എസ് ഒരു തീര്‍ഥാടനമായിരുന്നു. ഒരു തീര്‍ഥാടനത്തിന്റേതിലുമപ്പുറം എല്ലാ വിഷമതകളും നിറഞ്ഞതായിരുന്നു അത്. കാരണം പിന്നാക്ക പ്രദേശമായ എടവണ്ണപ്പാറയില്‍നിന്നു സാമ്പത്തിക ശേഷി ഒട്ടും ഇല്ലാത്ത ഒരാള്‍ ഉള്ള ജോലിയും ഉപേക്ഷിച്ച് സിവില്‍ സര്‍വിസ് എടുക്കുക എന്നത് അക്കാലത്ത് ആലോചിക്കാന്‍പോലും പറ്റുന്ന ഒന്നല്ല. പലപ്പോഴും ശിഹാബിന്റെ ബന്ധുക്കള്‍ ഇക്കാര്യത്തില്‍ എന്നോടുവന്ന് നീരസം പ്രകടിപ്പിച്ചിട്ടുമുണ്ട്. അവരെയും കുറ്റം പറയാന്‍ പറ്റില്ലല്ലോ. ഉള്ള ശമ്പളവും വരുമാനവും മുടങ്ങി ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയായിരുന്നു അവര്‍.
മുഹമ്മദലി ശിഹാബ്:
പ്രായമായ ഉമ്മ. കുടുംബത്തിന്റെ വരുമാനം നിലച്ചു. പ്രതിസന്ധികള്‍ ഓരോന്നായി തലയ്ക്കുമീതെ വന്നപ്പോള്‍ വളരെയേറെ നിസഹായനായി. ഒരുവര്‍ഷം പൂര്‍ത്തിയാവുന്നതിന് മുന്‍പു തന്നെ രോഗം കാരണം പഠനം നിര്‍ത്തി നാട്ടിലേക്ക് പോന്നു. ആയിടയ്ക്കാണ് സുരേഷിനെ വീണ്ടും കണ്ടുമുട്ടുന്നത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ സുരേഷ് വിടുന്ന മട്ടില്ല.
എന്റെ എല്ലാ വിഷയങ്ങളിലും സുരേഷ് ഇടപെടുകയും സഹായിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു. പഠനം തുടര്‍ന്നു. പരീക്ഷയെല്ലാം കഴിഞ്ഞു, ഞാന്‍ ഉമ്മയുടെ ചികിത്സാര്‍ഥം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ കഴിയുമ്പോഴാണ് സിവില്‍ സര്‍വിസ് ലഭിച്ച വിവരം അറിയുന്നത്.
226 ആം റാങ്ക് ഉണ്ടെന്നറിഞ്ഞപ്പോള്‍ സന്തോഷത്തിലപ്പുറം കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്നെക്കാളേറെ സുരേഷിന്റെ ഒത്തിരി സഹായങ്ങളും പ്രാര്‍ഥനയും അതിലുണ്ടായിരുന്നു. ഉമ്മയെയും ജ്യേഷ്ഠനേയും, സുരേഷിനേയും വിളിച്ചറിയിച്ചു. പിറ്റേദിവസം പഴയ മനോരമ റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തി മനോരമ ഒന്നാം പേജില്‍ വാര്‍ത്ത നല്‍കുമ്പോള്‍ പക്ഷേ, സുരേഷ് മനോരമയില്‍ ഉണ്ടായിരുന്നില്ല.
സുരേഷ്:
ശിഹാബ് ഐ.എ.എസ് നേടുമ്പോള്‍ ഞാന്‍ 'ചന്ദ്രിക' പത്രത്തിന്റെ മലപ്പുറം ബ്യുറോ ചീഫാണ്. പിന്നീട് മന്ത്രി മഞ്ഞളാംകുഴി അലിയുടെ പി.ആര്‍.ഒ ആയിരുന്നപ്പോഴും ശേഷം ഗള്‍ഫില്‍ പോയപ്പോഴുമൊക്കെ ആ ആത്മബന്ധം നിലനിന്നു. അതിന്നും തുടര്‍ന്നുപോകുന്നു.
മുഹമ്മദലി ശിഹാബ്:
ജീവിതത്തില്‍ ഏറെ നിര്‍ണായകമായ ആ ആത്മ ബന്ധം ഞാനിന്നും സുരേഷുമായി തുടരുന്നുണ്ട്. അതൊരു വെറുമൊരു ബന്ധമല്ല. കടപ്പാടാണ്. ഞങ്ങള്‍ ഇന്നും ഏത് കാര്യങ്ങളും ഒന്നിച്ച് ചര്‍ച്ചചെയ്താണ് തീരുമാനിക്കാറുള്ളത്. പ്രതിസന്ധി ഘട്ടത്തിലും ഞങ്ങള്‍ പരസ്പരം സഹായികളായി മാറുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."