മലയാളനാട്ടില്‍ നിന്നൊരു ഉര്‍ദു കവിയത്രി
ഉര്‍ദു ഭാഷയുടെയും സാഹിത്യത്തിന്റെയും ഏറ്റവും മനോഹരമായ ശാഖയാണ് ഉര്‍ദു കവിത. ആഗോളാടിസ്ഥാനത്തില്‍ തന്നെ അനുവാചക മനം കവര്‍ന്ന അതിപ്രശസ്തമായ കാവ്യശാഖയാണ് ഗസല്‍. ഗസല്‍പ്രേമം കാരണം ഉര്‍ദുഭാഷ പഠിച്ചവരും പഠിക്കാന്‍ ശ്രമിക്കുന്നവരുമേറെയുണ്ട്. കേരളത്തിലെ ഉര്‍ദു കാവ്യശാഖയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒട്ടേറെ വസ്തുതകള്‍ നമുക്ക് മുന്‍പില്‍ അനാവൃതമാകും. അതില്‍ തന്നെ വനിതാ സാന്നിധ്യമാണ് സവിശേഷമായ പഠനമര്‍ഹിക്കുന്നത്.
കേരളത്തിലെ ഉര്‍ദു കാവ്യചരിത്രത്തിലെ സ്ത്രീ പങ്കാളിത്തം ആരംഭിക്കുന്നത് തലശ്ശേരിയില്‍ നിന്നാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തലശ്ശേരി ഉര്‍ദുവിന്റെ മടിത്തട്ടായിരുന്നു. ഈ കാലഘട്ടത്തില്‍ അവിടെ ജീവിച്ചിരുന്ന ഉര്‍ദു കവയിത്രി ആയിരുന്നു ആയിശ ഹയ. തൂലികാ നാമമായിരുന്നു ഹയ. 'ശായര്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്ന ഉര്‍ദു മാസികയില്‍ അവരുടെ ധാരാളം കവിതകള്‍ വരാറുണ്ടായിരുന്നു. എങ്കിലും ആയിശ ഹയയുടെ കവിതാ സമാഹാരം പ്രത്യേകമായി പുറത്തിറക്കിയതായി എവിടെയും കാണാന്‍ സാധിച്ചിട്ടില്ല. തലശ്ശേരിക്കാരി തന്നെയായ മറ്റൊരു കവയിത്രിയാണ് ഖൈറുന്നീസ. 'ഖൈര്‍' എന്ന തൂലികാമാനത്തില്‍ 'സരിന്‍ ശുആയെ' പോലെയുള്ള ഉര്‍ദു മാസികയില്‍ അവരുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇവര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിലെ ഉര്‍ദു വിഭാഗം മേധാവിയാണ്. ഖൈറുന്നീസയുടെയും കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടില്ല.
മോനയുടെ ഉര്‍ദു പ്രവേശം
മലയാളക്കരക്കാകെ അഭിമാനമായ ഇന്ത്യക്ക് തന്നെ പ്രശസ്തി നേടിക്കൊടുത്ത അനുഗ്രഹീതയായ ഉര്‍ദു കവയിത്രിയാണ് എലിസബെത്ത് കുര്യന്‍ മോന. ഇവരുടേതായ നാല് ഉര്‍ദു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയേറെ കവിതകളുടെ സമാഹാരം പുറത്തിറക്കിയ ആദ്യത്തെ മലയാളി ഉര്‍ദു കവയിത്രിയാണ് 'മോന' എന്ന തൂലികാ നാമത്തില്‍ രചന നിര്‍വഹിച്ച എലിസബെത്ത് കുര്യന്‍. കോട്ടയം തിരുവഞ്ചൂര്‍ കിടങ്ങേത്ത് കെ.എം.മാത്തന്‍- അന്നമ്മ ദമ്പതികളുടെ മൂത്ത മകളായി 1949 ഒക്‌ടോബര്‍ 18 നായിരുന്നു ജനനം. പിതാവ് കെ.എം മാത്തന് ഹൈദരാബാദില്‍ ജോലി ആയതിനാല്‍ കുട്ടിക്കാലം തൊട്ടേ അവിടെയായിരുന്നു താമസം. ഹൈദരാബാദിന്റെ സാംസ്‌കാരിക ചരിത്രസവിശേഷതകള്‍ കവയിത്രിയെ സ്വാധീനിച്ചിരുന്നു. മലയാളസാഹിത്യത്തോടും കവിതയോടും തന്റെ പിതാവിനുണ്ടായിരുന്ന താത്പര്യം അവരിലെ എഴുത്തുകാരിയെ പ്രചോദിപ്പിച്ചിട്ടുണ്ട്. അമ്മ അന്നമ്മയില്‍ നിന്ന് മലയാളഭാഷ നന്നായി പഠിച്ചു. റോസറി കോണ്‍വെന്റ് സ്‌കൂളിലെ ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനം ഭാഷകളോട് പ്രത്യേകം താത്പര്യം ജനിക്കാന്‍ കാരണമായി. ഉര്‍ദു ഗസലുകളും ഹിന്ദി സിനിമാ ഗാനങ്ങളും (ഉര്‍ദു ഗാനങ്ങള്‍) താത്പര്യത്തോടെ ശ്രവിച്ചിരുന്നു. ഹൈദരാബാദ് നിസാം കോളജില്‍ നിന്നുള്ള ബി.എസ്.സി ബിരുദവും ബി.ആര്‍. അബേദ്ക്കര്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സിലുള്ള ബിരുദവും കരസ്ഥമാക്കിയ ശേഷം റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥയായി. ജോലിയിലായിരിക്കെയാണ് എലിസബത്ത് കുര്യന്റെ സര്‍ഗ സംഭാവനകള്‍ കൂടുതലുമുണ്ടായത്.
ഉര്‍ദുവിനോടുള്ള പ്രണയം
ഹിന്ദി, ഉര്‍ദു കവിസമ്മേളനങ്ങളിലും മുശാഇറകളിലും പങ്കെടുക്കാനും അവ ആസ്വദിക്കാനുമുള്ള അവസരങ്ങള്‍ ലഭിച്ചത് എലിസബെത്തിന്റെ തൂലികയെ സജീവമാക്കി. ഗസലുകള്‍ ശ്രവിക്കുമ്പോള്‍ പല ഉര്‍ദു പദങ്ങളുടെയും അര്‍ഥം അറിയാതെ പോയിരുന്നു. അതെല്ലാം കൂടെയുള്ള ഉര്‍ദു നന്നായി അറിയുന്നവരോട് ചോദിച്ച് മനസിലാക്കി. ഉര്‍ദു അക്ഷരമാലയും പദങ്ങളുടെ അര്‍ഥവും കൂടുതല്‍ താത്പര്യത്തോടെ പഠിക്കുകയായിരുന്നു. ഇതിനിടെ ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി നടത്തുന്ന ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള ഉര്‍ദു കറസ്‌പോണ്‍ഡന്റ് കോഴ്‌സിനെ കുറിച്ച് ഒരു സഹപ്രവര്‍ത്തകനില്‍ നിന്ന് അറിയാന്‍ സാധിച്ചു. പിന്നീട് ഈ കോഴ്‌സ് പൂര്‍ത്തികരിക്കുകയും ഉര്‍ദു എഴുതാനും വായിക്കാനും നന്നായി പഠിക്കുകയും ചെയ്തു. എലിസബെത്തിന്റെ പ്രധാന ലക്ഷ്യം ഉര്‍ദു കവിതാ രചന മാത്രമായിരുന്നു.
ഹിന്ദി സിനിമയിലെ ഗാനങ്ങള്‍ ഹിന്ദി ഗാനങ്ങളാണെന്ന ധാരണ മാറുകയും ഇത് ശുദ്ധ ഉര്‍ദു ഗാനങ്ങളാണെന്ന് തിരിച്ചറിയുകയും ചെയ്തത് ഉര്‍ദു ഭാഷയോടും കാവ്യരചനയോടും കൂടുതല്‍ അടുപ്പമുണ്ടാക്കി. എഴുത്തിന്റെ ആദ്യകാലത്ത് ഹൈദരാബാദിലെ ഡോ. കമല്‍ പ്രശാദ് കമലില്‍ നിന്നായിരുന്നു പരിശീലനം. എലിസബെത്ത് പറയുന്നതിങ്ങനെ 'ഹിന്ദി സിനിമയിലെ പാട്ടുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത് ശുദ്ധ ഉര്‍ദു ആണ്. ഈ പാട്ടുകള്‍ മനുഷ്യ ചിന്തയുടെ മുഖമുദ്രയാണ്. പ്രണയം, വിരഹം, സഹാനുഭൂതി, എല്ലാം ഈ ഉര്‍ദു ഗാനങ്ങളില്‍ കാണാന്‍ സാധിക്കും. ഇതെല്ലാം എന്നെ ഏറെ സ്വാധീനിച്ചു. പെരുന്നാളിനും മറ്റു ആഘോഷങ്ങളിലും സംഘടിപ്പിക്കുന്ന മുശാഇറകളിലെ ഗസലുകള്‍ കേള്‍ക്കുമ്പോള്‍ ഉര്‍ദു ഭാഷയുടെ മനോഹാരിതയും മധുരവും മനസിനെ കീഴടക്കും. പദ്യസാഹിത്യത്തിന് ഇത്ര വഴക്കമുള്ള മറ്റൊരു ഭാഷയുമില്ല എന്നതാണ് സത്യം'.
കവയിത്രിയുടെ പിറവി
ഹൈദരാബാദില്‍ നിന്ന് ബോംബെയിലേക്ക് സ്ഥല മാറ്റം കിട്ടിയപ്പോള്‍ ഗസലിന്റെ വൃത്തശാസ്ത്രവും മറ്റും എല്ലാം പൂര്‍ണ രൂപത്തില്‍ പഠിക്കാനായതില്‍ എലിസബെത്തിന് ചാരിതാര്‍ഥ്യമുണ്ട്. അങ്ങനെയായിരുന്നു മലയാളിയായ ഒരു ഉര്‍ദു കവയിത്രി പൂര്‍ണാര്‍ഥത്തില്‍ പിറവിയെടുക്കുന്നത്. 2013ല്‍ തന്റെ ആദ്യകവിതാ സമാഹാരമായ 'കഹ്കശാന്‍' പ്രസിദ്ധീകരിച്ചു. ആന്ധ്രാപ്രദേശ് ഉര്‍ദു അക്കാദമിയുടെ സഹായത്തോടെ ഡല്‍ഹിയിലെ എഡ്യുക്കേഷന്‍ പബ്ലിഷിങ് ഹൗസാണ് ഇത് പ്രസിദ്ധീകരിച്ചത്. എഴുപത് മനോഹരമായ ഉര്‍ദു കവിതകളുടെ ഈ സമാഹാരത്തിന് കവയിത്രിയുടെ ഗസല്‍ ഗുരുനാഥനായ ആര്‍.പി ശര്‍മ മഹ്‌രിശ് ആണ് അവതാരിക എഴുതിയിട്ടുള്ളത്. ഉത്തരേന്ത്യയിലെ പ്രശസ്തനായ എഴുത്തുകാരനും കവിയുമായ പ്രൊഫ. കറാമത്ത് അലി കറാമത്ത് ആണ് ഇത് സംബന്ധിച്ച പഠനം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പഠനത്തില്‍ പറയുന്നു. 'തികച്ചും ഗസലിന്റെ വൃത്തത്തില്‍ രചിച്ച കവിതകള്‍ സരളമായ ഭാഷയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്നവയാണ്. കേരളക്കാരിയായി മലയാളം മാതൃഭാഷയായ 'മോന' കവിത രചിക്കുന്ന ഭാഷയായ ഉര്‍ദുവിന്റെ സംസ്‌കാരമാണ് പറയുന്നത്. 'മോന' യുടെ കവിതകളില്‍ ഗംഗ, യമുന, സരസ്വതികളുടെ ത്രിവേണി സംഗമമാണ് കാണാന്‍ കഴിയുന്നത്. ഹന്‍സ്‌റൈഹാനി (ഹൈദരാബാദ്)യുടെ ഭൂമിയില്‍ നിന്നുയര്‍ന്നു വന്ന് കമലാ സുരയ്യയുടെ ഭാഷ (മലയാളം) കൈകളിലേന്തിയിട്ടുള്ള കവയിത്രി ശൗഖ് ജാലന്ത്രി, ഹൈരത്ത് ഫര്‍ഖ് ആസാദിയെ പോലെയുള്ള ക്രിസ്ത്യന്‍ ഉര്‍ദു കവികളുടെ സാഹിത്യസംഭാവനകളെ മുന്നോട്ട് നയിച്ചുകൊണ്ട് ഉര്‍ദു ഭാഷാ സാഹിത്യത്തെ സമ്പന്നമാക്കുന്നു'.
പഠനം, വീണ്ടും
പഠനം
എലിസബെത്ത് കുര്യന്‍ മോന എന്ന തൂലികാ നാമം തന്നെ വിളിപ്പേരായ ഓമന എന്നതില്‍ നിന്നുണ്ടാക്കിയതാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, ജര്‍മന്‍, മറാഠി, തുടങ്ങിയ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന മോനക്ക് എന്നും ഉര്‍ദുവില്‍ കവിത രചിക്കുന്ന മലയാളി എന്ന് കേള്‍ക്കാനാണ് കൂടുതല്‍ ഇഷ്ടം. 2013ല്‍ ബോംബെയിലെ റിസര്‍വ് ബാങ്ക് ജോലിയില്‍ നിന്ന് സ്വയം വിരമിക്കല്‍ വാങ്ങിയ ശേഷം ഹൈദരാബാദില്‍ തിരിച്ചെത്തി തന്റെ സര്‍ഗസപര്യയില്‍ സജീവമാവുകയായിരുന്നു. ഉര്‍ദു കവിതാ രചനയില്‍ പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് കെ.എം കുര്യനും മക്കളായ അജയയും ശാലും കൂടെയുണ്ട്. റിസര്‍വ് ബാങ്ക് ജോലിയില്‍ നിന്ന് തന്നെ വിരമിച്ച ഭര്‍ത്താവും കുടുംബവും മോനക്കൊപ്പം മിക്ക ഉര്‍ദു മുശാഇറകളിലും പങ്കെടുത്ത് ഉര്‍ദു കവിതയുടെ ആസ്വാദനത്തിന് സമയം കണ്ടെത്തുന്നു.
ഉര്‍ദു ഭാഷയെക്കുറിച്ചും ഗസലിനെ കുറിച്ചും പഠിക്കാനുള്ള ഏതവസരവും സമര്‍ഥമായി ഉപയോഗപ്പെടുത്തുക എന്നതാണ് കവയിത്രിയുടെ പ്രധാന ഹോബി. മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയില്‍ 'തഹ്‌സീനെ ഗസല്‍' എന്ന കോഴ്‌സ് ഉണ്ടെന്നറിഞ്ഞപ്പോള്‍ അതില്‍ ചേര്‍ന്ന് സനദ് കരസ്ഥമാക്കി. മനുവിലെ അധ്യാപകന്‍ ഖാലിദ് സഈദ് പറയുന്നു: 'ഇവിടെ യൂനിവേഴ്‌സിറ്റിയില്‍ തഹ്‌സീനെ ഗസല്‍ എന്ന കോഴ്‌സ് ആരംഭിച്ചു. ഉര്‍ദു ഭാഷ അറിയാത്ത ഉര്‍ദു ഗസല്‍ പ്രേമികളെ ലക്ഷ്യംവച്ച് ആരംഭിച്ച കോഴ്‌സാണ്. ഇവിടെയുള്ള ഒരു പഠിതാവായ ശീല മാത്യു ഒരിക്കല്‍ ഒരു 'മോന' യെ കൂട്ടിക്കൊണ്ടു വന്നു. ഞാന്‍ ഇവരെ ഉര്‍ദു പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. അനായാസേന ഉര്‍ദു എഴുതുകയും വായിക്കുകയും ചെയ്യുന്നു. ഇവരുടെ മാതൃഭാഷയാകട്ടെ മലയാളവും'.
മുശാഇറകളിലെ സാന്നിധ്യം
മോന കവിതാസമാഹാരം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്‍പുതന്നെ മുശാഇറകളിലും മറ്റും തന്റെ കവിതകള്‍ അവതരിപ്പിച്ചിരുന്നു. 1992ല്‍ ഹൈദരാബാദിലെ 'അദ്ബി ട്രസ്റ്റ്' മുന്‍ ഗവര്‍ണര്‍ എ.പി ശ്രീകാന്തിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച ആള്‍ ഇന്ത്യാ മുശാഇറയിലാണ് മോന തന്റെ ആദ്യ ഉര്‍ദു കവിത അവതരിപ്പിച്ചത്. ഈ കവിയരങ്ങില്‍ അലി സര്‍ദാര്‍ ജാഫ്‌രി, നിദാ ഫാസ്‌ലി, ബശീര്‍ ബദര്‍, പോലെയുള്ള പ്രമുഖ ഉര്‍ദു കവികള്‍ ഉണ്ടായിരുന്നു. ഒരു അന്യഭാഷക്കാരിയായ കവയിത്രിയുടെ ഉര്‍ദു കവിതകളുടെ അവതരണം കേട്ട് സദസ്യര്‍ ആശ്ചര്യപ്പെട്ടുപോയി. ഡല്‍ഹി, കൊല്‍ക്കത്ത, ഭോപാല്‍, മദ്രാസ് തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട മുശാഇറകളില്‍ പങ്കെടുത്ത് ആസ്വാദകരുടെ പ്രശംസ പിടിച്ചു പറ്റാന്‍ മോനക്ക് കഴിഞ്ഞിട്ടിണ്ട്. ഖൈസറുല്‍ ജാഫ്‌രി, ബേക്കല്‍ ഉത്സാഹി, ഇബ്രാഹിം അശ്ക്ക്, പോലെയുള്ള ഉര്‍ദു കവികളുടെ സാന്നിധ്യത്തില്‍ തന്റെ കവിതകള്‍ അവതരിപ്പിക്കാനായി. 2005ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഹൈദരാബാദില്‍ സംഘടിപ്പിച്ച നാഷണല്‍ യൂത്ത് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഓള്‍ ഇന്ത്യാ മുശാഇറയില്‍ മോനക്ക് കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. സുനില്‍ ദത്ത്, എം.എഫ് ഹുസൈന്‍, തടങ്ങിയ പ്രുമുഖരായ അതിഥികള്‍ ഇവിടെ പങ്കെടുത്തിരുന്നു. ഓള്‍ ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലും മുശാഇറകളില്‍ പല തവണ തന്റെ കവിതകള്‍ അവതരിപ്പിക്കാനായി.
അടയാളപ്പെടുത്തലുകള്‍
2014ല്‍ എലിസബെത്ത് കുര്യന്‍ മോനയുടെ രണ്ടാമത്തെ ഉര്‍ദു കവിതാ സമാഹാരമായ 'മുഹബ്ബത്ത് കെ സായെ' പ്രസിദ്ധീകരിക്കപ്പെട്ടു. ഇതും ആന്ധ്രാപ്രദേശ് ഉര്‍ദു അക്കാദമിയുടെ സഹായത്തോടെ ഡല്‍ഹി എഡ്യുക്കേണല്‍ പബ്ലിഷിങ് ഹൗസാണ് പ്രസിദ്ധീകരിച്ചത്. മസ്തര്‍ ഇജാസാണ് 45 കവിതകളുടെ സമാഹാരമായ പ്രൗഢമായ ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയത്. അവതാരികയില്‍ പറയുന്നു: 'മലയാളിയായ കവയിത്രി ഉര്‍ദുവില്‍ കവിത രചിക്കുമ്പോള്‍ ഗാലിബിന്റെ ശൈലി കാണാനാകുന്നു. മോന വളരെ വ്യത്യസ്തമായ രചനാ രീതിയാണ് തന്റെ സൃഷ്ടികളില്‍ സ്വീകരിച്ചിരിക്കുന്നത്'. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ AND MILES TO GO BEFORE I SLEEP എന്ന കവിതാ ശകലം ഉദ്ധരിച്ചാണ് അവതാരിക അവസാനപ്പിക്കുന്നത്.
മോനയുടെ മൂന്നാമത്തെ കവിതാസമാഹാരമായ 'സൗഖെ ജൂസ്തജു' 2016ല്‍ തെലങ്കാന ഉര്‍ദു അക്കാദമിയുടെ സഹായത്താല്‍ ഡല്‍ഹി എഡ്യുക്കേണല്‍ പബ്ലിഷിങ് ഹൗസ് തന്നെ പ്രസിദ്ധീകരിച്ചു. ഒരു മുഴുവന്‍ സമയ എഴുത്തികാരിയുടെ വളര്‍ച്ചകൂടിയാണ് ഇതോടെ നിരീക്ഷിക്കാന്‍ കഴിയുന്നത്. ഡോ. ഫാറൂക്ക് ഷക്കീലാണ് ഇതിന്റെ ആമുഖം രചിച്ചിരിക്കുന്നത്. ആസ്വാദനക്കുറിപ്പ് എന്ന നിലയില്‍ ആര്‍.പി ശര്‍മ മഹ്‌രിശിന്റെ പ്രാര്‍ഥനാ ഗസല്‍ പുസ്‌കത്തെ സമ്പന്നമാക്കുന്നു. 66 കവിതകളുടെ സമാഹാരമാണ് ഇത്. മോന എഴുതിയ ഒരു കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'മലയാളം മാതൃഭാഷയായിട്ടുപോലും എന്നിലെ എഴുത്തുകാരിയെ ഉര്‍ദു ലോകം ഏറെ പ്രോത്സാഹിപ്പിക്കുന്നു. എന്റെ ആദ്യ കവിതാ സമാഹാരത്തിന് ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് ഉര്‍ദു ആക്കാദമികള്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ ഉര്‍ദു ലോകത്തോട് കടപ്പെട്ടിരിക്കുന്നു'.
മോനയുടെ നാലാമത്തെ കവിതാ സമാഹാരം 'ഖൗസെ ഖസ' ശുദ്ധ ഉര്‍ദു ഗസലുകളുടേതാണ്. 2018ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ സമാഹാരം ഉര്‍ദു സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് തെലങ്കാന ഉര്‍ദു അക്കാദമിയുടെ ധനസഹായം ലഭ്യമായി. 'പെണ്‍ കവിത മീര മുതല്‍ മോന വരെ' എന്ന ശീര്‍ഷകത്തിലുള്ള 'പ്രൊഫ. കറാമത്ത് അലി കറാമത്തിയുടെ പ്രൗഢ ഗംഭീരമായ അവതാരിക പുസ്തകത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. എം. നുസ്‌റത്തുള്ള നുസ്‌റിയുടെ ആസ്വാദനക്കുറിച്ചും ഒഡീഷയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'അദ്ബി മഹാസ്' ന്റെ എഡിറ്റര്‍ സഈദ് റഹ്മാനിയുടെ ആമുഖവും പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. എഴുത്തുകാരിയുടെ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: 'ഉര്‍ദു കവിതക്കുള്ള മാസ്മരികതയും ആകര്‍ഷണവും ഉര്‍ദു അറിയാത്തവരെയും തന്നിലേക്ക് ആകര്‍ഷിക്കും. അങ്ങനെ ഉര്‍ദുവിനോട് ഒരു പ്രത്യേക പ്രണയമുണ്ടാകും. മലയാളിയായ ഞാനും ഉര്‍ദുവിലോടുള്ള അനുരാഗബന്ധിതയായി'.
പി.കെ പാറക്കടവിനെ
ഉര്‍ദുവിലാക്കുന്നു
'ഗസല്‍: കലയും ശാസ്ത്രവും: ഗസല്‍ പഠിതാക്കള്‍ക്ക് ഒരു കൈപുസ്തകം' എന്ന പേരില്‍ ഗസല്‍ അറിയാത്തവര്‍ക്കായി ഇംഗ്ലീഷില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മലയാളത്തില്‍ 'കാണാക്കിനാവുകള്‍' എന്ന പേരില്‍ ഒരു കവിതാ സമാഹാരവും മോനയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറിയം ഗസാലയുടെ ഉര്‍ദു കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. നുസ്‌റത്ത് മൊഹ്‌യുദ്ദീന്റെ 'ഏക് നയെ മോസം കാ ഇന്‍തസാര്‍' എന്ന ഉര്‍ദു പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും പുറത്തിറക്കി. 'ഹുസ് നെ ഗസല്‍' എന്ന തെരഞ്ഞെടുത്ത ഗസലുകളുടെ സമാഹാരം ശ്രദ്ധേയമാണ്. പി.കെ. പാറക്കടവിന്റെ 'മേഘത്തിന്റെ തണല്‍', 'കഥ' എന്നീ പുസ്തകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ഉര്‍ദുവില്‍ 'ബാദല്‍ കാ സായാ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020ല്‍ ഡല്‍ഹിയില്‍ നിന്ന് പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍ നൂറ് കഥകളാണുള്ളത്. ഒരു മലയാള സാഹിത്യകാരന്റെ നൂറ് കഥകള്‍ ഒരുമിച്ച് വിവര്‍ത്തനംചെയ്തു പ്രസിദ്ധീകരിക്കുന്നത് ആദ്യമായിട്ടാണ്. പ്രതിഭാധനനായ എഴുത്തുകാരന്‍ പി.കെ പാറക്കടവിനെ ഉര്‍ദു സാഹിത്യലോകത്ത് പരിചയപ്പെടുത്താനും അവതരിപ്പിക്കാനും നല്ല പരിശ്രമമാണ് എഴുത്തുകാരി നടത്തിയിരിക്കുന്നത്. ഈ വിവര്‍ത്തന കൃതി സമര്‍പ്പിച്ചിരിക്കുന്നത് തനിക്ക് മലയാളം പഠിപ്പിച്ച അമ്മ അന്നമ്മക്കും കാവ്യലോകത്തേക്ക് തന്നെ ആനയിച്ച് പ്രോത്സാഹിപ്പിച്ച പിതാവ് കെ.എം മാത്തനുമാണ്. അതോടൊപ്പം തന്നെ അല്ലാമാ ഇഖ്ബാലിന്റെ 'വാലിദ മര്‍ഹൂമ കി യാദ് മെ' എന്ന കവിതയിലെ രണ്ട് വരികളും ചേര്‍ത്തിട്ടുണ്ട്.
ഉര്‍ദു ഭാഷയുടെയും കവിതയുടെയും അവാച്യമായ സൗന്ദര്യാനുഭൂതി ലോകത്തിന് പരിചയപ്പെടുത്തുകയും ഉര്‍ദുവിന്റെ മതേതര ഭാവം പ്രഖ്യാപിക്കുന്ന സൃഷ്ടികള്‍ രചിക്കുകയും ചെയ്ത എലിസബെത്ത് കുര്യന്‍ മോനയെപ്പോലുള്ള എഴുത്തുകാരികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഭാഷയുടെ പേരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികള്‍ക്ക് മോനയെപ്പോലുള്ള എഴുത്തുകാരികള്‍ പാഠമാകണം. എലിസബെത്ത് കുര്യന്‍ മോന അസഹിഷ്ണുത പടരുന്ന കാലത്ത് സാഹിത്യത്തിലെ വെളിച്ചവും മലയാളികള്‍ക്കാകെ അഭിമാനവും മാതൃകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."