മാറാത്തവര്‍ക്കു മാറ്റാനാകുമോ..?
സ്വസ്ഥതയന്വേഷിച്ച് സ്ഥലം മാറി. അസ്വസ്ഥതയ്‌ക്കൊട്ടും ശമനം വന്നില്ല. സമാധാനമാഗ്രഹിച്ച് ഭാര്യയെ മാറ്റി. ഉള്ള സമാധാനവും നഷ്ടപ്പെട്ടു. ശാന്തി തേടി ഭവനം മാറ്റി. ശാന്തത കൈവന്നതേയില്ല. സുഖം മോഹിച്ച് ജോലി മാറ്റി. അസുഖം നിഴലായ് നിന്നു. സന്തോഷം കൊതിച്ച് വാഹനം മാറ്റി. തിരികെ കിട്ടിയതെല്ലാം സങ്കടങ്ങള്‍.. തേടുന്നതൊന്നും നേടാനാകാത്തതിന്റെ പിരിമുറുക്കത്തില്‍ നിറമിഴികളോടെയിരിക്കുമ്പോള്‍ ഒരുള്‍വിളി:
''നീ നിന്റേതെല്ലാം മാറ്റിയിട്ടും നിന്നെ മാത്രം മാറ്റിയില്ലല്ലോ.''
ഭരണതലങ്ങളില്‍ സമൂലമായ അഴിച്ചുപണികള്‍ വേണമെന്നു നാം ശക്തമായി വാദിക്കുന്നു. സ്ഥാപനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നു. മക്കളും വിദ്യാര്‍ഥികളും മാറാതെ മുന്നോട്ടുപോകാനാകില്ലെന്നു ശഠിക്കുന്നു. സമൂഹം ഇക്കണക്കിനു പോയാല്‍ അപകടത്തില്‍ ചാടുമെന്നു പ്രവചിക്കുന്നു. എന്നാല്‍, സ്വന്തത്തില്‍ മാറ്റങ്ങള്‍ വരണമെന്നു വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ..?
ലോകത്തെ മാറ്റിമറിക്കാനിറങ്ങുന്നതിനു മുന്‍പ് സ്വന്തം രാജ്യത്തെ മാറ്റണം. രാജ്യത്തെ മാറ്റുന്നതിനു മുന്‍പ് സ്വന്തം നാടിനെ മാറ്റണം. നാടിനെ മാറ്റുന്നതിനു മുന്‍പ് സ്വന്തം വീടിനെ മാറ്റണം. വീടിനെ മാറ്റുന്നതിനു മുന്‍പ് സ്വന്തത്തെ മാറ്റണം. സ്വയം മാറുമ്പോള്‍ എല്ലാം മാറും. മുള്ളുകള്‍ തറയ്ക്കുമെന്നു കരുതി നടവഴികളിലാകെ പരവതാനി വിരിക്കുന്നതല്ല, പാകമുള്ള പാദരക്ഷ ധരിക്കുന്നതാണു ബുദ്ധി. കണ്ണടയില്‍ പിടിച്ചിരിക്കുന്ന പൊടികള്‍ നീക്കം ചെയ്യാതെ ലോകമാകെ അഴുക്കില്‍ ലയിച്ചിരിക്കുന്നുവെന്നു വിധിക്കുന്നത് അവിവേകമാണ്. നാവിനു ബാധിച്ച രോഗത്തിനു ചികിത്സ തേടാന്‍ തയാറല്ലെങ്കില്‍ ലോകത്തെ ഒരു ഭക്ഷണത്തിനും രുചി സമ്മാനിക്കാന്‍ കഴിയില്ല.
മനസിനെ മലിനമുക്തമാക്കാന്‍ ഒരുക്കമല്ലെങ്കില്‍ ഒരു ജോലിയിലും സംതൃപ്തി കിട്ടുകയില്ല. ഒരു വീട്ടിലും സമാധാനം ലഭിക്കുകയില്ല. സമാധാനരാഹിത്യത്തിനു വീടിന്റെ ഘടന മാറ്റുന്നതിനു മുന്‍പ് മനോഘടന മാറ്റിയിരുന്നുവെങ്കില്‍ എത്ര പണച്ചെലവ് കുറക്കാമായിരുന്നു..! എത്ര അധ്വാനവും സമയവും ലാഭിക്കാമായിരുന്നു..! സ്വയം മാറാമെന്നുള്ളവര്‍ക്കു ചുറ്റുപാടുകളെ മാറ്റി കൂടുതല്‍ വിയര്‍ക്കേണ്ടി വരില്ലെന്നുറപ്പ്.
മാറ്റിയാല്‍ മാറാത്തതായി ലോകത്ത് ഒന്നേയുള്ളൂ; മാറ്റം. മാറ്റമില്ലാതെ തുടരുക മാറ്റം മാത്രമാണെങ്കില്‍ മാറാന്‍ മടിച്ച് എന്തിനു സ്വയം നാറണം..? മാറാതെ കിടക്കുന്ന വെള്ളം നാറാന്‍ തുടങ്ങും. മാറ്റാത്ത ജഢം നാറ്റം സൃഷ്ടിക്കും. കെട്ടിനില്‍ക്കുന്ന വെള്ളത്തെപ്പോലെയോ നിശ്ചലമായി കിടക്കുന്ന ജഢത്തെപ്പോലെയോ കഴിയുന്നവന്‍ ദിവസങ്ങള്‍ പിന്നിടുംതോറും അശുദ്ധമായിക്കൊണ്ടിരിക്കും. അവനിലെ ശേഷികളും സിദ്ധികളും ചീഞ്ഞുകൊണ്ടേയിരിക്കും.
മാറ്റങ്ങള്‍ ഒരത്ഭുതമായി തോന്നിയത് പലരുടെയും മനസുകള്‍ മാറുന്നതു കണ്ടിട്ടാണെന്നു വായിച്ചതോര്‍മയുണ്ട്. ലോകവും അതിലുള്ളതും നിരന്തരം മാറ്റങ്ങള്‍ക്കു വിധേയമാണ്. ഈ മാറ്റങ്ങളില്‍ ഏറ്റം മനോഹരവും വിസ്മയകരവും ഉദാത്തവുമായത് മനസിന്റെ മാറ്റം തന്നെ. അത് ഭരണമാറ്റത്തേക്കാള്‍ വലിയ പ്രതീക്ഷ നല്‍കും. ശുദ്ധസ്വര്‍ണത്തിലേക്കുള്ള മാറ്റത്തെയും കവച്ചുവയ്ക്കുന്ന മൂല്യം നല്‍കും. പുഴുവിന്റെ പൂമ്പാറ്റയിലേക്കുള്ള മാറ്റത്തെയും മറികടക്കുന്ന സൗന്ദര്യം നല്‍കും. അതുകൊണ്ടല്ലേ 'മാറിയ മനുഷ്യര്‍' വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.
സുമാമതുബ്‌നു ഉസാലിനെ കേട്ടുകാണുമല്ലോ.. പ്രവാചകാനുചരരില്‍ പ്രമുഖനാണ്. ഒരുകാലത്ത് അവിടുത്തെ കൊടിയ ശത്രുവായിരുന്നു അദ്ദേഹം. ഒരിക്കല്‍ തിരുസന്നിധിയില്‍വന്ന് പറഞ്ഞു: ''അല്ലാഹുവാണേ, ഭൂമിയില്‍ എനിക്ക് അങ്ങയുടേതിനോളം വെറുപ്പുറ്റ ഒരു മുഖവും ഉണ്ടായിരുന്നില്ല. എനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട മുഖം അങ്ങയുടേതായിരിക്കുന്നു. അങ്ങയുടെ മതത്തോളം വെറുപ്പാര്‍ന്ന ഒരു മതവും എനിക്കുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാനേറ്റം പ്രിയംവയ്ക്കുന്ന മതം അങ്ങയുടേതായിരിക്കുന്നു. അങ്ങയുടെ നാടിനോളം അനിഷ്ടകരമായ ഒരു നാടും ഉണ്ടായിരുന്നില്ല. എനിക്കേറ്റം പ്രിയപ്പെട്ട നാടായി അങ്ങയുടേതു മാറിയിരിക്കുന്നു..''
തിരുനബിയുടെ മുഖം മാറിയിട്ടില്ല. മതവും നാടും മാറിയിട്ടില്ല. എല്ലാം പഴയപടി തന്നെ. മാറിയത് സുമാമയുടെ മനസായിരുന്നു. മനസ് മാറിയപ്പോള്‍ അപ്രിയമായതെല്ലാം പ്രിയപ്പെട്ടതായി മാറി. രുചിക്കാത്തതും രസിക്കാത്തതും രുചകരവും രസകരവുമായി. വേണ്ടാത്തത് വേണ്ടപ്പെട്ടതായി.
കാഴ്ചപ്പാടുകള്‍ മാറുമ്പോള്‍ കാഴ്ചകളും മാറും. നിലപാടുകള്‍ മാറുമ്പോള്‍ നിലവാരവും മാറും. മനസ് മാറുമ്പോള്‍ മനുഷ്യനും മാറും. കാലം മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതു ശരിതന്നെ. എന്നാല്‍, സ്വയം മാറാന്‍ കാലത്തെ കാത്തിരിക്കണോ എന്നതാണു ചോദ്യം. അതിന്റെ ആവശ്യമില്ലല്ലോ.
ദേഹി ദേഹത്തെ പിരിയുമ്പോള്‍ മാത്രമല്ല, മാറ്റത്തിനു തയാറാകാതെയിരിക്കുമ്പോഴും ഒരാള്‍ മരിക്കുന്നുണ്ട്. മരിച്ചവന്‍ എന്നും ഒരേ കിടപ്പാണ്. അവന്റെ ശരീരത്തിനു മാറ്റം വരുമെന്നേയുള്ളൂ. മാറ്റങ്ങള്‍ വരുത്താതെ ജീവിക്കുന്നവനും സമാനസ്ഥിതിയാണുള്ളത്. എന്നും ഒരേ നിലവാരത്തിലാണവന്‍. ദിവസങ്ങളേറുംതോറും ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നേയുള്ളൂ.
ഏതൊരു ജനപഥവും സ്വന്തം നിലപാടുകള്‍ പരിവര്‍ത്തനവിധേയമാക്കുന്നതുവരെയും അല്ലാഹു അതില്‍ മാറ്റം വരുത്തുകയേയില്ലെന്നു വിശുദ്ധ ഖുര്‍ആന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."