അലക്ഷ്യമായി വാഹനമോടിച്ച് ജീവന്‍ അപായപ്പെടുത്തുന്നത് സംബന്ധിച്ച ഐ.പി.സി വകുപ്പുകള്‍ മൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവത്തിന് ബാധകമല്ല: ഹൈക്കോടതി
മുംബൈ: നായയെയും പൂച്ചയെയും അവയുടെ ഉടമസ്ഥര്‍ സ്വന്തം കുഞ്ഞായോ വീട്ടിലെ അംഗമായോ പരിഗണിക്കുമെങ്കിലും നിയമത്തിന് അങ്ങിനെ കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. അലക്ഷ്യമായി വാഹനമോടിച്ച് തെരുവുനായയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് സ്വിഗ്ഗിയുടെ ഡെലിവറി ബോയിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവരുടെ ജീവന്‍ അപായപ്പെടുത്തുന്നത് സംബന്ധിച്ച ഐ.പി.സിയിലെ വകുപ്പുകള്‍ മൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവത്തിന് ബാധകമല്ലെന്ന് ജഡ്ജിമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ രണ്ടംഗബെഞ്ച് വ്യക്തമാക്കി.
മുംബൈയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നതിനിടെ വാഹനമിടിച്ച് തെരുവുനായ കൊല്ലപ്പെട്ട സംഭവത്തിലാണ് ഡെലിവറി ബോയ്‌ക്കെതിരേ കേസെടുത്തത്. തെരുവുനായക്ക് ഭക്ഷണം നല്‍കുകയായിരുന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐ.പി.സിയിലെ 279 (അലക്ഷ്യമായി വാഹനം ഓടിക്കല്‍) 337 ( ജീവന്‍ അപായപ്പെടുത്തല്‍) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.പി.സിക്ക് പുറമെ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകളും യുവാവിനെതിരേ ചുമത്തി.
പൊലിസ് നടപടിക്കെതിരേ ഡെലിവെറി ബോയ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹരജിക്കാരന് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞത്. ചിലര്‍ വളര്‍ത്തുമൃഗങ്ങളെ കുട്ടിയായോ കുടുംബാംഗമായോ കാണുമെങ്കിലും ജീവശാസ്ത്ര പ്രകാരം അവ മനുഷ്യരല്ല. ഐ.പി.സിയിലെ വകുപ്പുകള്‍ മനുഷ്യര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കാണ് ബാധകമാകുന്നത്. മൃഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279, 337 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്താന്‍ കഴിയില്ല- കോടതി വ്യക്തമാക്കി.
ജോലിയുടെ ഭാഗമായി വാഹനമോടിക്കുന്നതിനിടെയാണ് നായയെ ഇടിച്ചതെന്നും കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയല്ല ഇതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസില്‍ ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തിയ പൊലിസിന്റെ നടപടിയെ വിമര്‍ശിച്ച കോടതി, ഇത്തരം പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പൊലിസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിച്ചു. ഡെലിവറി ബോയ്ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി, ഈ തുക കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നും കുറ്റപത്രം തയാറാക്കിയ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."