മനുഷ്യ സ്‌നേഹത്തിന്റെ മരുന്നുമായി
വ്യത്യസ്ത കാര്യം ചെയ്യുമ്പോഴല്ല ഒരാള്‍ വിജയിക്കുന്നത്, മറിച്ച് കാര്യങ്ങളെ വ്യത്യസ്തമായി ചെയ്യുമ്പോഴാണ്. നൂറി പര്‍വീണ്‍ എന്ന യുവ വനിതാ ഡോക്ടര്‍ മനുഷ്യസ്‌നേഹം പടര്‍ത്തുന്ന മരുന്നായി മാറുന്നത് ജീവിതവും പ്രൊഫഷണും സാധാരണക്കാര്‍ക്കായി മാറ്റിവച്ചതിലൂടെയാണ്. വെറും പത്ത് രൂപയാണ് ഈ ഡോക്ടര്‍ ചികിത്സിക്കായി ഈടാക്കുന്നത്. നിര്‍ധന രോഗികള്‍ക്ക് ആശ്വാസത്തിന്റെ അമൃതായി മാറുകയാണ് ആന്ധ്രപ്രദേശിലെ വിജയവാഡയിലെ ഈ ഡോക്ടര്‍.
കടപ്പ പട്ടണത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറാണ് നൂറി പര്‍വീണ്‍. ഇവിടെ ചികിത്സയും മരുന്നും ഇഞ്ചക്ഷനുമൊക്കെ ഈ പത്തുരൂപയില്‍ ഒതുങ്ങും. കേള്‍ക്കുമ്പോള്‍ അത്ഭുതമൊക്കെ തോന്നുമെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ന്നുവരുന്നൊരു യാഥാര്‍ഥ്യമാണിത്. കടപ്പയിലെ മദര്‍ തെരേസ എന്നാണ് നാട്ടുകാര്‍ ഇവരെ സ്‌നേഹത്തോരെ വിളിക്കുന്നത്. ദിവസവും നൂറിലധികം രോഗികളാണ് നൂറി പര്‍വീന്റെ ക്ലിനിക്കില്‍ എത്തുന്നത്. പത്തു രൂപയില്‍ കൂടുതല്‍ ഒരു ചില്ലിക്കാശും ഇവര്‍ വാങ്ങില്ല. ആതുരസേവനം എങ്ങനെയെന്നത് ലോകത്തിന് മാതൃകയാവുകയാണ് ഈ ഡോക്ടര്‍.
ജീവിതപശ്ചാത്തലം നയിക്കുന്നു
ചികിത്സാ ചെലവിന്റെ പ്രത്യേകത കൊണ്ടുതന്നെ നാടിനു പുറത്തും അറിയപ്പെടുന്ന വ്യക്തിയാണ് ഡോ. നൂറി പര്‍വീണ്‍. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെയും ഉച്ചകഴിഞ്ഞ് നാല് മുതല്‍ രാത്രി ഏഴര വരെയുമാണ് ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നത്. കാരുണ്യത്തിന്റെ ബോട്ടിലുകളില്‍ മനുഷ്യസ്നേഹത്തിന്റെ മരുന്ന് നിറച്ചുനല്‍കുന്ന ഡോക്ടറെ കാണാന്‍ അതിരാവിലെ മുതല്‍ ക്ലിനിക്കിനു മുന്നില്‍ നീണ്ട നിരയാണ്. ആതുരസേവനം കൊണ്ട് കീശ വീര്‍പ്പിക്കാത്ത അപൂര്‍വ്വം ചില ഡോക്ടര്‍മാരിലൊരാളാണ് നൂറി പര്‍വീണ്‍.
ചെറുപ്പകാലത്ത് വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ വളര്‍ന്നതെന്ന് ഡോക്ടര്‍ പറയുന്നു. ഒരു സാധാരണ ഉര്‍ദു മീഡിയം സ്‌കൂളിലാണ് നൂറി പഠിച്ചത്. പിതാവ് മുഹമ്മദ് ഇഖ്ബാലിന്റെയും വല്യുപ്പ നൂര്‍ മുഹമ്മദിന്റെയും ആഗ്രഹ പ്രകാരമാണ് നൂറി ഫാത്തിമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസിന് ചേര്‍ന്നത്. പഠിക്കുന്ന കാലത്ത് തന്നെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നൂറി നേതൃത്വം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സംഘടന ആരംഭിക്കുകയും വ്യദ്ധസദനങ്ങളും അനാഥാലയങ്ങളും സന്ദര്‍ശിക്കുകയും പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പടച്ചോന്‍ തന്നത്
കൊടുക്കുന്നു
എം.ബി.ബി.എസ് പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയിലാണ് സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നത്. അന്നുമുതല്‍ ചികിത്സയ്ക്ക് പത്തു രൂപയാണ് ഈടാക്കുന്നത്. സാമ്പത്തികമില്ലാതെ ബുദ്ധിമുട്ടുന്നവരുടെ കഷ്ടപ്പാടുകള്‍ തനിക്കു മനസിലാവുമെന്നും താനും കുടുംബവും തന്റെ ഗ്രാമത്തിലുള്ളവരും അതേറെ അനുഭവിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു. പത്ത് രൂപ മാത്രം ഈടാക്കാനുള്ള തീരുമാനത്തെ വീട്ടുകാര്‍ ഏറെ പിന്തുണയോടെയാണ് സ്വീകരിച്ചതെന്നും ഡോക്ടര്‍ അഭിമാനത്തോടെ പറയുന്നു. 'പടച്ചോന്‍ എനിക്കെന്താണോ തരുന്നത് അത് ഞാന്‍ പാവപ്പെട്ടവര്‍ക്ക് കൊടുക്കുന്നു. കഴിയുന്നത്ര കാലം ഞാന്‍ ഈ സേവനം തുടരും'- ഡോ. നൂറി വ്യക്തമാക്കുന്നു.
എന്തെങ്കിലും വിധത്തിലുള്ള ലാഭം ആഗ്രഹിച്ചല്ല ഡോക്ടറുടെ ആതുരസേവനം എന്നത് തെളിയിക്കുന്നതാണ് ഇവരുടെ ക്ലിനിക്കിലേക്കുള്ള ആളുകളുടെ ഒഴുക്ക്. ഇവരുടെ കൈപുണ്യം കൊണ്ട് വളരെ വേഗമാണ് രോഗികള്‍ക്ക് ശമനം ലഭിക്കുന്നതെന്ന് ഡോ. നൂറിയുടെ രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇതിന്റെ തെളിവാണ്.
സ്വപ്‌നങ്ങള്‍ക്കു പിന്നാലെ
ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിച്ച് പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് ഡോക്ടറുടെ സ്വപ്‌നം. ഇതിനായി നൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ഈ ട്രസ്റ്റിന് കീഴില്‍ അവര്‍ ബെഡ്ഷീറ്റുകളും പുസ്തകങ്ങളും മറ്റും ദരിദ്രര്‍ക്ക് സംഭാവന ചെയ്യുന്നുണ്ട്. ജീവിതം എന്താണ് അടയാളപ്പെടുത്തുന്നതെന്ന് ചോദിച്ചാല്‍ നൂറിന് ഒരു മറുപടിയേ ഉള്ളൂ. പാവങ്ങളെ സഹായിക്കണം. അതിനായി തന്റെ കൈയ്യില്‍ കോടികളോ ലക്ഷങ്ങളോ ഇല്ല. പക്ഷേ, തന്റെ പ്രൊഫഷനായ ചികിത്സകൊണ്ട് അത് സാധ്യമാക്കുന്നുണ്ടെന്നാണ് ഡോക്ടറുടെ വിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."