200 മീറ്ററിലും ബോള്‍ട്ട് ഇളകിയില്ല
റിയോ ഡി ജനീറോ: ഒളിംപിക് ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് റിയോയില്‍ വീണ്ടും സ്വര്‍ണം. 200 മീറ്ററിന്റെ ഫൈനലില്‍ 19.78 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബോള്‍ട്ട് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. 200 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് ബോള്‍ട്ട് സ്വര്‍ണമണിയുന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സും തുടര്‍ന്ന് ലണ്ടനിലും മിന്നല്‍ വേഗം കൊണ്ട് ഇതേയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു ബോള്‍ട്ട്. 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം സ്വന്തമാക്കിയാല്‍ ഒളിംപിക്‌സ് സ്പ്രിന്റില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം ബോള്‍ട്ടിന് സ്വന്തമാവും. നാളെയാണ് 4-100 മീറ്റര്‍ റിലേയുടെ ഹീറ്റ്‌സ് ആരംഭിക്കുന്നത്.
200 മീറ്ററില്‍ ബോള്‍ട്ടിന് വെല്ലുവിളിയുയര്‍ത്തുന്ന താരങ്ങളായ ജസ്റ്റിന്‍ ഗാറ്റ്‌ലിനും യോഹാന്‍ ബ്ലേക്കും സെമിയില്‍ പുറത്തായതിനാല്‍ ഫൈനലില്‍ താരത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. അനായാസം നേട്ടത്തിലേക്ക് ഓടിയെത്തുകയായിരുന്നു ബോള്‍ട്ട്. കാനഡയുടെ ആന്‍ദ്രേ ഡി ഗ്രാസി വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റഫ് ലെമായ്തറെ വെങ്കലവും സ്വന്തമാക്കി. ബ്രിട്ടന്റെ ആദം ജെമിലി 20.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌തെങ്കിലും ഫോട്ടോ ഫിനിഷിങില്‍ ലെമായ്തറെയ്ക്ക് വെങ്കലം ലഭിക്കുകയായിരുന്നു.
നേരത്തെ 100 മീറ്ററിലും സ്വര്‍ണം നേടിയിരുന്ന ബോള്‍ട്ടിന് മുന്നില്‍ കാള്‍ ലൂയിസും പാവോ നുര്‍മിയും മാത്രമാണ് മെഡല്‍ വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. ലൂയിസും നുര്‍മിയും ഒന്‍പതു ഒളിംപിക് സ്വര്‍ണമെഡലുകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."