അറബ് കപ്പ് ഖത്തര്‍ 2021ന് ഫിഫയുടെ അംഗീകാരം
ദോഹ: 2022ലെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നായാണ് അറബ് കപ്പ് ഖത്തര്‍ 2021ന് ഇന്നലെ ഫിഫ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചു. ഇക്കാര്യം ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു. അറബ് ഫുട്‌ബോളിന്റെ ആഘോഷമായാണ് ഫിഫ കൗണ്‍സില്‍ ചാമ്പ്യന്‍ഷിപ്പിന് അംഗീകാരം നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ലക്ഷ്യം കായിക മത്സരങ്ങള്‍ക്ക്, പ്രത്യേകിച്ച് 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സന്നദ്ധത നിര്‍ണ്ണയിക്കുകയാണെന്ന് 15ാമത് ഫിഫ കൗണ്‍സില്‍ യോഗത്തിന് ശേഷം സ്വിസര്‍ലാന്‍ഡില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്‍ഫാന്റിനോ പറഞ്ഞു.അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ 1 മുതല്‍ 18 വരെയാണു നടക്കുക. 22 അറബ് ടീമുകളില്‍ 16 എണ്ണവും അറബ് കപ്പില്‍ പങ്കെടുക്കും. ഈ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലായിരിക്കും നടക്കുക. ഇത് അറബ് ഫുട്‌ബോളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം വിലയിരുത്തി.
അതേസമയം 2022ലെ ലോകകപ്പിനായി ഖത്തര്‍ നടത്തിയ മുന്നൊരുക്കങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിന് രണ്ട് വര്‍ഷം മുമ്പ് സ്റ്റേഡിയങ്ങള്‍ തയ്യാറായി കാണുന്നത് ഇതാദ്യമാണെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന എട്ടു സ്റ്റേഡിയങ്ങളും ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന്റെ ആരാധകരുടെയടക്കം സുരക്ഷ കണക്കിലെടുത്ത് ഖത്തര്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അതിനാല്‍ നീങ്ങാനും സ്റ്റേഡിയങ്ങളില്‍ എത്താനും ബുദ്ധിമുട്ടില്ലാതെ കഴിയും.
അതേസമയം കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടും ഫിഫ കൗണ്‍സിലിന് ലഭിച്ചു. ഫുട്‌ബോളില്‍ മുന്‍ഗണന കളിക്കാരുടെ ആരോഗ്യമാണെന്ന് ഫിഫ കൗണ്‍സില്‍ അംഗീകരിച്ചു. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ സാഹചര്യം മാറുമ്പോള്‍ അന്താരാഷ്ട്ര ഡ്യൂട്ടിക്ക് കളിക്കാരെ വിട്ടയക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നിലനിര്‍ത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര ഡ്യൂട്ടിക്ക് കളിക്കാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാരുടെ നിലയും കൈമാറ്റവും സംബന്ധിച്ച ചട്ടങ്ങളില്‍ താല്‍ക്കാലിക ഭേദഗതികള്‍ ഫിഫ കൗണ്‍സിലിന്റെ ബ്യൂറോ 2021 ഏപ്രില്‍ വരെ നീട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."