ഹരജി തള്ളി കർണാടക ഹൈക്കോടതി; ഹിജാബ് നിരോധനം ശരിവച്ചു
ബംഗളൂരു
രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കുമൊടുവിൽ , വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിനേർപ്പെടുത്തിയ നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി.
ഹിജാബ് ധരിക്കുന്നത് ഇസ് ലാമിക വിശ്വാസ പ്രകാരം നിർബന്ധമല്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ദേശീയ തലത്തിൽ വിവാദമായ വിഷയത്തിൽ വിധി പുറപ്പെടുവിച്ചത്.
വിധിക്കെതിരേ നിബ നാസ് എന്ന വിദ്യാർഥി സുപ്രിംകോടതിയിൽ അപ്പീൽ നൽകി. കഴിഞ്ഞ മാസം അഞ്ചിനാണ് കർണാടക സർക്കാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കിയത്.
ഇതിനെതിരേ അഞ്ച് മുസ് ലിം വിദ്യാർഥിനികൾ കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂൾ യൂനിഫോം തീരുമാനിക്കുന്നത് ഭരണഘടനാപരമായി അനുവാദമുള്ള കാര്യമാണെന്നും വിദ്യാർഥികൾക്ക് അത് എതിർക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിച്ച ശിരോവസ്ത്ര വിലക്ക് കർണാടകയിൽ വിദ്യാഭ്യാസ മേഖലയെ സംഘർഷഭരിതമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബർ 27ന് ഉഡുപ്പി ഗേൾസ് പി.യു കോളജ് അധികൃതർ ശിരോവസ്ത്രം ധരിച്ചെത്തിയ ആറു വിദ്യാർഥിനികളെ തടഞ്ഞതോടെയാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഹിജാബ് അഴിച്ചുവച്ച് മാത്രമേ ക്ലാസിൽ കയാറാവൂവെന്ന് അധികൃതർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ വിദ്യാർഥിനികൾ ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. തുടർന്ന് മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കാൻ ശ്രമമുണ്ടായി. പ്രതിഷേധം സംസ്ഥാനമാകെ പടരുകയും ചെയ്തു. ഇതിനിടെ ഒരുവിഭാഗം വിദ്യാർഥികൾ വിഷയത്തെ വർഗീയവൽക്കരിക്കുകയും കാവി ഷാൾ ധരിഞ്ഞ് ക്ലാസിലെത്തുകയും ജയ്ശ്രീറാം വിളിച്ച് ഹിജാബ് ധരിച്ച വിദ്യാർഥിനികളെ തടയുകയും ചെയ്തു.
തുടർന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം അനുവദിക്കേണ്ടെന്ന് ശുപാർശ നൽകുകയായിരുന്നു.
കോടതി വിധിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരായ വിദ്യാർഥിനികൾ അറിയിച്ചു. കോടതിയുത്തരവിന്റെ പകർപ്പ് ലഭിച്ചശേഷം മേൽ നടപടികൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."