രാജ്യസഭ സീറ്റ് സി.പി.എമ്മിനും സി.പി.ഐക്കും പി. സന്തോഷ്‌കുമാർ സി.പി.ഐ സ്ഥാനാർഥി
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഇടതുമുന്നണിയ്ക്കു വിജയസാധ്യതയുള്ള രണ്ടു രാജ്യസഭ സീറ്റുകൾ സി.പിഎമ്മും സി.പി.ഐയും പങ്കിട്ടെടുത്തു. ഇന്നലെ എ.കെ.ജി സെന്ററിൽ ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം.
എൻ.സി.പിയും എൽ.ജെ.ഡിയും ജെ.ഡി.എസും സീറ്റ് ആവശ്യപ്പെട്ടെങ്കിലും ചർച്ചയ്ക്കു പോലും സി.പി.എം തയറായില്ല. ഒഴിവുള്ള രണ്ടു സീറ്റുകളിലേയ്ക്കു സി.പി.എമ്മും സി.പി.ഐയും മത്സരിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു യോഗത്തെ അറിയിച്ചത്.
ദേശീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് സി.പി.ഐക്ക് നൽകാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഒരു സീറ്റ് സി.പി.ഐക്കു നൽകാൻ തീരുമാനമുണ്ടായത്. ലോകായുക്ത നിയമ ഭേദഗതിയിലും ഭൂപരിഷ്‌കരണ നിയമ ഭേദഗതിയിലും അഭിപ്രായ വ്യത്യാസമുള്ള സി.പി.ഐയെ തണുപ്പിക്കുന്നതിനു കൂടിയാണ് സി.പി.എം ശ്രമം. സി.പി.ഐക്ക് ലഭിച്ച സീറ്റിൽ സ്ഥാനാർഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറിനെ പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. എ.ഐ.വൈ.എഫ് അഖിലേന്ത്യാ മുൻ സെക്രട്ടറിയായും സന്തോഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ ഇരിക്കൂറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
11 വർഷങ്ങൾക്കു ശേഷമാണ് കേരളത്തിൽനിന്ന് രണ്ടു പേർ രാജ്യസഭയിൽ സി.പി.ഐയെ പ്രതിനിധീകരിക്കാൻ പോകുന്നത്. നിലവിൽ ബിനോയ് വിശ്വം മാത്രമാണ് സി.പി.ഐയെ പ്രതിനിധീകരിച്ച് രാജ്യസഭയിലുള്ളത്.
സി.പി.എം സ്ഥാനാർഥിയെ വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."